modi

ന്യൂഡൽഹി: നികുതി ഭീകരതയിൽ നിന്നും രാജ്യം നികുതി സുതാര്യതയിലേക്ക് നീങ്ങുന്നതായി പ്രധാനമന്ത്രി നരേന്ദ്രമോദി. നികുതിദായകന് ഇപ്പോൾ നികുതി റീഫണ്ടിനായി വർഷങ്ങളോളം കാത്തിരിക്കേണ്ടതില്ലെന്ന് നരേന്ദ്ര മോദി പറഞ്ഞു. ഒഡീഷ കട്ടക്കിലെ ആദായനികുതി അപ്പലേറ്റ് ട്രിബ്യൂണലിന്റെ (ഐ.ടി.ടി) ഓഫീസ് വിഡിയോ കോൺഫ്രൻസ് വഴി ഉദ്ഘാടനം ചെയ്‌തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

"അഞ്ച് ലക്ഷം വരെ വരുമാനമുള്ളവർക്ക് നികുതി അടക്കേണ്ടതില്ലെന്നത് താഴ്ന്ന വരുമാനമുള്ളവരെ വളരെയേറെ സഹായിക്കുന്നുണ്ട്. കോർപ്പറേറ്റ് നികുതിയുടെ കാര്യത്തിലും ചരിത്രപരമായ കുറവ് രേഖപ്പെടുത്തി." പ്രധാനമന്ത്രി പറഞ്ഞു.


നികുതി ദായകരുടെ അവകാശങ്ങളും ഉത്തരവാദിത്വങ്ങളും തിരിച്ചറിയുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യയെന്നും നികുതി സമ്പ്രദായത്തിൽ വിശ്വാസ്യതയുണ്ടാക്കാനുള്ള ശ്രമത്തിലാണ് രാജ്യമെന്നും അദ്ദേഹം വ്യക്തമാക്കി. കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ്, ഒഡീഷ മുഖ്യമന്ത്രി നവീൻ പട്നായിക് എന്നിവർ പരിപാടിയിൽ പങ്കെടുത്തു.