kollam

തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൽ ഇക്കുറി എന്തെങ്കിലും അട്ടിമറി സംഭവിക്കുമോ ? ജില്ലയിൽ മുൻകാല ചരിത്രം പരിശോധിച്ചാൽ ഭൂരിപക്ഷം തദ്ദേശ സ്ഥാപനങ്ങളുടെയും ഭരണം എൽ.ഡി.എഫ് കൈയ്യാളുന്നതാണ് പതിവ്. കുറച്ച് തദ്ദേശ സ്ഥാപനങ്ങൾ യു.ഡി.എഫിനും ലഭിക്കും. നിയമസഭ, ലോക്‌സഭാ തിരഞ്ഞെടുപ്പുകളിലെ ഫലത്തിൽ നിന്ന് തികച്ചും വ്യത്യസ്‌തമായിരിക്കും തദ്ദേശ സ്ഥാപനങ്ങളിലെ ഫലം. ചുരുക്കം ചില വാർഡുകളിൽ വിജയിച്ചത് ഒഴിച്ചാൽ ബി.ജെ.പിക്ക് കാര്യമായ സ്വാധീനമൊന്നും ചെലുത്താൻ കഴിഞ്ഞ കാലങ്ങളിൽ കഴിയുമായിരുന്നില്ല. എന്നാൽ ഇക്കുറി ചിത്രം മാറുമോ ? ഒരട്ടിമറി സംഭവിക്കുമോ എന്നാണ് രാഷ്ട്രീയ നിരീക്ഷകർ ഉറ്റുനോക്കുന്നത്. വരുന്ന മേയിൽ നടക്കാൻ പോകുന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ സെമിഫൈനൽ കൂടിയാണ് കൊവിഡ് കാലത്ത് നടക്കുന്ന ഈ തിരഞ്ഞെടുപ്പ്. ഒരാറുമാസം മുമ്പ് വരെ ഭൂരിപക്ഷം തദ്ദേശ സ്ഥാപനങ്ങളിലും പാട്ടുംപാടി ജയിക്കാമെന്ന ആത്മവിശ്വാസത്തിലായിരുന്നു ഇടതു മുന്നണി. എന്നാൽ ഇന്ന് ചിത്രമാകെ മാറിമറിഞ്ഞു. സ്വർണക്കടത്ത്, ലൈഫ് മിഷൻ അഴിമതി, മന്ത്രി കെ.ടി ജലീലിനും മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി ശിവശങ്കർ തുടങ്ങിയവർക്കെതിരായ ആരോപണങ്ങൾ, കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരിയുമായി ബന്ധപ്പെട്ട വിവാദങ്ങൾ തുടങ്ങി ഒട്ടേറെ പ്രതിബന്ധങ്ങളാണ് എൽ.ഡി.എഫ് നേരിടുന്നത്. യു.ഡി.എഫിന്റെയും ബി.ജെ.പിയുടെയും പ്രധാന പ്രചാരണ ആയുധങ്ങളും ഇവയെല്ലാമാണ്. കഴിഞ്ഞകാലങ്ങളിൽ തദ്ദേശ സ്ഥാപനങ്ങളിൽ നടത്തിയ വികസന പ്രവർത്തനങ്ങളും സംസ്ഥാന സർക്കാരിന്റെ വികസന പ്രവർത്തനങ്ങളുമൊക്കെ ഉയർത്തി യു.ഡി.എഫിന്റെയും ബി.ജെ.പി യുടെയും കടന്നാക്രമണങ്ങളെ ചെറുക്കാമെന്നാണ് എൽ.ഡി.എഫിന്റെ പ്രതീക്ഷ. അടുത്തിടെ ഇടതുമുന്നണിയിലേക്ക് വന്ന കേരള കോൺഗ്രസ് ജോസ് കെ.മാണി വിഭാഗത്തിന് ജില്ലയിൽ കാര്യമായ സ്വാധീനമില്ലെങ്കിലും ചിലമേഖലകളിലുള്ള സ്വാധീനത്തെയും പ്രയോജനപ്പെടുത്താമെന്നും എൽ.ഡി.എഫ് കരുതുന്നു.

രാഷ്ട്രീയത്തിനതീതം

തദ്ദേശ തിരഞ്ഞെടുപ്പുകളിൽ പൊതുവെ രാഷ്ട്രീയം ഉണ്ടെങ്കിലും വോട്ടിംഗിൽ ഇത് കാര്യമായി പ്രതിഫലിക്കാറില്ലെന്നതാണ് മുൻകാല അനുഭവം. വാർഡ് തലത്തിൽ നടക്കുന്ന തിരഞ്ഞെടുപ്പായതിനാൽ രാഷ്യ്ട്രീയത്തിനൊപ്പം വ്യക്തിബന്ധങ്ങൾ, സുഹൃത് ബന്ധങ്ങൾ എന്നിവയൊക്കെ കാര്യമായ സ്വാധീനം ചെലുത്താറുണ്ട്. ജാതിസമവാക്യങ്ങളും കുടുംബ ബന്ധങ്ങളുമൊക്കെ തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കും. അതിനാൽ സംസ്ഥാന, ദേശീയ രാഷ്ട്രീയ വിഷയങ്ങൾ കാര്യമായി പ്രതിഫലിയ്ക്കാറില്ലെന്നും അനുഭവസ്ഥർ പറയുന്നുണ്ട്. ഒരളവ് വരെ അത് വാസ്തവവുമാണ്. എൽ.ഡി.എഫിന്റെ പരമ്പരാഗത വോട്ടുകളിൽ കാര്യമായ വിള്ളലുണ്ടാക്കാൻ വർത്തമാനകാല രാഷ്ട്രീയ വിഷയങ്ങൾക്ക് കഴിയില്ലെന്ന വിലയിരുത്തലുമുണ്ട്.

കശുഅണ്ടി വിഷയം കീറാമുട്ടി

കശുഅണ്ടി വ്യവസായ മേഖലയുമായി ബന്ധപ്പെട്ടാണ് ജില്ലയിലെ തിരഞ്ഞെടുപ്പ് രാഷ്ട്രീയം. ഏത് തിരഞ്ഞെടുപ്പിലും ഇരുമുന്നണികളും കശുഅണ്ടി തൊഴിലാളികൾക്ക് വേണ്ടി വല്ലാതെ കണ്ണീരൊഴുക്കുന്നതാണ് മുൻകാല ചരിത്രം. കശുഅണ്ടി മേഖലയുമായി ബന്ധപ്പെട്ട് മൂന്ന് ലക്ഷത്തോളം കുടുംബങ്ങൾ ജില്ലയിലുണ്ട്. അവരിൽ നല്ലൊരു ശതമാനവും ഇന്ന് വറുതിയുടെ ബദ്ധപ്പാടിലാണ്. സർക്കാർ പ്രഖ്യാപിച്ച പദ്ധതികളൊന്നും നടപ്പാകാത്തതും ഇവരുടെ ദുരിതം ഇരട്ടിയാക്കുന്നു. എന്നാൽ ഇക്കുറി കശുഅണ്ടി തൊഴിലാളികളുടെ പ്രശ്നം രാഷ്ട്രീയ പ്രചാരണായുധമാക്കാൻ തീരുമാനിച്ചിരിക്കുന്നത് ബി.ജെ.പിയാണ്. കശുഅണ്ടി വികസന കോർപ്പറേഷനിൽ നടന്ന 500 കോടിയുടെ അഴിമതിക്കേസ് അന്വേഷിച്ച സി.ബി.ഐ പ്രതിയാക്കിയ ഐ.എൻ.ടി.യു.സി സംസ്ഥാന പ്രസിഡന്റ് ആർ.ചന്ദ്രശേഖരൻ, കോർപ്പറേഷൻ മുൻ എം.ഡി ആയിരുന്ന കെ.എ രതീഷ് എന്നിവരെ പ്രോസിക്യൂട്ട് ചെയ്യാനുള്ള സി.ബി.ഐ യുടെ ആവശ്യത്തിന് എൽ.ഡി.എഫ് സർക്കാർ അനുമതി നിഷേധിച്ചിരുന്നു. ഇതിനെതിരെ ജില്ലയിലെ എൽ.ഡി.എഫ്, യു.ഡി.എഫ് നേതൃത്വങ്ങൾ ഇതുവരെ പ്രതികരിച്ചിട്ടില്ല. ഐ.എൻ.ടി.യു.സി നേതാവിനെ സംരക്ഷിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ കാട്ടുന്ന വ്യഗ്രതയെ ബി.ജെ.പി ചോദ്യം ചെയ്യുമ്പോൾ മൗനം പാലിയ്‌ക്കാനേ സി.പി.എമ്മിന് കഴിയുന്നുള്ളൂ. ഐ.എൻ.ടി.യു.സി നേതാവായതിനാൽ യു.ഡി.എഫും പ്രതികരിക്കാനാകാതെ വെട്ടിലാണ്. ഈ സ്ഥിതിവിശേഷമാണ് തുറന്നുകാട്ടാൻ ബി.ജെ.പി തീരുമാനിച്ചിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് ബി.ജെ.പി അടുത്തിടെ പ്രത്യക്ഷ സമരപരിപാടികളും സംഘടിപ്പിച്ചിരുന്നു.

വാർഡുകൾ, സ്ഥാനാർത്ഥികൾ

ജില്ലയിൽ 68 ഗ്രാമപഞ്ചായത്തുകളിലായി 1234 വാർഡുകൾ, 11 ബ്ളോക്ക് പഞ്ചായത്തുകളിലായി 152 വാർഡുകൾ, നാല് നഗരസഭകളിലായി 131 വാർഡുകൾ, ജില്ലാ പഞ്ചായത്തിൽ 26 വാർഡുകൾ, കൊല്ലം കോർപ്പറേഷനിൽ 55 വാർഡുകൾ എന്നിങ്ങനെയാണ് സീറ്റ് നില. 2015 ലെ തിരഞ്ഞെടുപ്പിൽ ജില്ലാ പഞ്ചായത്തും കോർപ്പറേഷനും അടക്കം ഭൂരിഭാഗം തദ്ദേശസ്ഥാപനങ്ങളും എൽ.ഡി.എഫ് നിയന്ത്രണത്തിലായിരുന്നു. സ്ഥാനാർത്ഥികളെ നിർണയിക്കാനുള്ള തിരക്കിട്ട ശ്രമങ്ങളിലാണ് മൂന്ന് മുന്നണികളും. വരും ദിവസങ്ങളിലേ സ്ഥാനാർത്ഥികളെ സംബന്ധിച്ച ചിത്രം വ്യക്തമാകുകയുള്ളു. സ്ഥാനാർത്ഥികളെ ഔദ്യോഗികമായി മുന്നണികൾ പ്രഖ്യാപിച്ചില്ലെങ്കിലും സ്ഥാനാർത്ഥികൾ സ്വന്തം നിലയിൽ പ്രചാരണവും വോട്ടുപിടുത്തവും തുടങ്ങി.

കൊല്ലം ജില്ലാ പഞ്ചായത്ത് രൂപീകരിച്ചിട്ട് 25 വർഷവും കൊല്ലം കോർപറേഷൻ രൂപീകരിച്ചിട്ട് 20 വർഷവുമായി. രണ്ടിടത്തും ഇക്കാലമത്രയും ഭരണസാരഥ്യം വഹിച്ചത് എൽ.ഡി.എഫാണ്. ആർ.എസ്.പിക്ക് ഏറ്റവും ശക്തമായ അടിത്തറയുണ്ടായിരുന്ന ജില്ലയാണ് കൊല്ലം. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് വിട്ട് യു.ഡി.എഫിനൊപ്പം മത്സരിച്ച ആർ.എസ്.പിക്ക് കാര്യമായ നേട്ടമൊന്നും ഉണ്ടാക്കാനായില്ല. ജില്ലാ പഞ്ചായത്തിലും കോർപറേഷനിലും ശക്തമായ പ്രതിപക്ഷമാകാൻ പോലും അവർക്കായില്ല. ജില്ലാ പഞ്ചായത്തിലെ നിലവിലെ കക്ഷിനില: ആകെ സീറ്റുകൾ: 26. എൽ.ഡി.എഫ് : 22 (സി.പി.എം: 14, സി.പി.ഐ : 8) യു.ഡി.എഫ് : 4 (കോൺഗ്രസ്: 3, ആർ.എസ്.പി:1)

കൊല്ലം കോർപ്പറേഷനിലെ കക്ഷിനില: ആകെ സീറ്റുകൾ: 55. എൽ.ഡി.എഫ്: 37 (സി.പി.എം: 26, സി.പി.ഐ: 11) യു.ഡി.എഫ്: 15 (കോൺഗ്രസ്: 11, ആർ.എസ്.പി: 4) ബി.ജെ.പി: 2, എസ്.ഡി.പി.ഐ : 1

പരവൂർ, പുനലൂർ, കരുനാഗപ്പള്ളി, കൊട്ടാരക്കര നഗരസഭകൾ നിലവിൽ എൽ.ഡി.എഫ് ഭരണത്തിലാണ്. ഇവിടങ്ങളിൽ ഭരണം പിടിച്ചെടുക്കാനാണ് യു.ഡി.എഫ് ശ്രമം. ബി.ജെ.പിയും എല്ലാ വർഡുകളിലും മത്സരിക്കുന്നു. എൻ.ഡി.എ ഘടകക്ഷിയായ ബി.ഡി.ജെ.എസിനും സീറ്റ് നൽകുന്നുണ്ട്. കൊല്ലം കോർപറേഷനിലും ജില്ലാ പഞ്ചായത്തിലും എൻ.ഡി.എ സീറ്റ് വിഭജനം പൂർത്തിയായി. കൊല്ലം കോർപ്പറേഷനിലെ ആദ്യഘട്ട സ്ഥാനാർത്ഥികളെ ബുധനാഴ്ച പ്രഖ്യാപിച്ചു. ജില്ലാപഞ്ചായത്ത് കുളത്തൂപ്പുഴ ഡിവിഷനും കൊല്ലം കോർപറേഷനിൽ ഇരവിപുരവും ബി.ഡി.ജെ.എസിന് നൽകാൻ തീരുമാനിച്ചിട്ടുണ്ട്.