bineesh

ബംഗളൂരു: ബംഗളൂരു മയക്കുമരുന്ന് കേസ് പുതിയ വഴിതിരിവിലേക്ക്. കേസിൽ അറസ്റ്റിലായ ബിനീഷ് കോടിയേരിയുടെ ഡ്രൈവർ അനി കുട്ടൻ അനൂപിന്‍റെ അക്കൗണ്ടിലേക്ക് വലിയ തുക നിക്ഷേപിച്ചതായി അന്വേഷണ സംഘം കണ്ടെത്തി. ബിനീഷിന്റെ വീട്ടിൽ നിന്നും എൻഫോഴ്സ്മെന്റ് ഡയറക്ടേറ്റ് കണ്ടെടുത്ത ഡെബിറ്റ് കാർഡ് അക്കൗണ്ടിലേക്കാണ് പണം അയച്ചിരിക്കുന്നത്. ഇതിന്റെ ഉറവിടം വ്യക്തമല്ലെന്നും തുടർ അന്വേഷണത്തിനായി അനി കുട്ടനെ ചോദ്യം ചെയ്യണമെന്നും ഇ.ഡി കോടതിയിൽ ആവശ്യപ്പെട്ടു.

ഈ പണവുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് ബിനീഷ് വ്യക്തമായ മറുപടി നൽകിയില്ലെന്നും ഇ.ഡി കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. ബിനീഷുമായി വലിയ സാമ്പത്തിക ഇടപാടുകൾ നടത്തിയ മറ്റൊരാളാണ് അരുൺ എസ്. ഇയാൾ ബിനീഷിന്റെ അക്കൗണ്ടിലേക്ക് വലിയ തുക നിക്ഷേപിക്കുകയും പിൻവലിക്കുകയും ചെയ്തിട്ടുണ്ടെന്നും അന്വേഷണ സംഘം പറയുന്നു. ബിനീഷിന് ജാമ്യം അനുവദിച്ചാൽ സാമ്പത്തിക ഇടപാടുകാരെ സ്വാധീനിക്കാനും ,രാജ്യം വിടാനും സാദ്ധ്യതയുണ്ടെന്നും ഇ.ഡി കോടതിയിൽ പറഞ്ഞു.

അതേസമയം ബിനീഷിന്റെ തിരുവനന്തപുരത്തെ വീട്ടിൽ നിന്നും കണ്ടെത്തിയ തെളിവുകൾ അന്വേഷണ സംഘം ഫോറൻസിക് പരിശോധനയ്ക്കയച്ചു. ബിനീഷിനെ കോടതി 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. 13 ദിവസം തുടർച്ചയായ ചോദ്യം ചെയ്യലിന് ശേഷമാണ് ബിനീഷ് കോടിയേരിയെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ബംഗളൂരു സെഷൻസ് കോടതിയിൽ ഹാജരാക്കിയത്. പരപ്പന അഗ്രഹാര ജയിലിലേക്കാണ് ബിനീഷിനെ മാറ്റിയത്. ബിനീഷ് കോടിയേരി നൽകിയ ജാമ്യാപേക്ഷയിൽ നവംബർ 18 നു കോടതി വാദം കേൾക്കും.