ലക്നൗ: അടുത്ത വർഷം മാർച്ചോടെ പൊതു, സ്വകാര്യമേഖലകളിൽ 50 ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ ഉത്തർപ്രദേശ്. ' മിഷൻ റോജ്‌ഗർ ' എന്ന പദ്ധതി പ്രകാരം 2021 മാർച്ചോടെ സംസ്ഥാനത്തെ 50 ലക്ഷത്തിലേറെ യുവാക്കൾക്ക് സർക്കാർ വകുപ്പുകളിലും സ്വകാര്യ മേഖലയിലുമടക്കം ജോലിയ്ക്കായി അപേക്ഷിക്കാൻ അവസരം ലഭിക്കുമെന്ന് അധികൃതർ പറയുന്നു.
ഇതിനായി പ്രത്യേക ഹെൽപ് ഡെസ്കുകൾ ആരംഭിക്കുമെന്നും ഒഴിവ് സംബന്ധിച്ച വിവരങ്ങൾ അടക്കം ഉദ്യോഗാർത്ഥികൾക്ക് അറിയാൻ സാധിക്കുമെന്നും സർക്കാർ വക്താവ് വ്യക്തമാക്കി. പ്രത്യേക ആപ്പും വെബ് പോർട്ടലും തയാറാക്കും. രണ്ടാഴ്ച കൂടുംതോറും ജോലി സംബന്ധമായ ഡേറ്റകൾ അപ്ഡേറ്റ് ചെയ്യും.
ഇൻഫ്രാസ്ട്രക്ചർ ആൻഡ് ഇൻഡസ്ട്രിയൽ ഡെവലപ്മെന്റ് കമ്മിഷണറുടെ മേൽനോട്ടത്തിൽ നടക്കുന്ന പദ്ധതിയുടെ നിരീക്ഷണത്തിനായി ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള ഉന്നതതല കമ്മിറ്റിയും ഉണ്ടാകും. ജില്ലാടിസ്ഥാനത്തിൽ പ്രത്യേക ആക്ഷൻ പ്ലാൻ തയാറാക്കുമെന്നും അധികൃതർ വ്യക്തമാക്കി.