modi

ന്യൂഡൽഹി: കൊവിഡ് മൂലം പ്രതിസന്ധിയിലായ രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുന്നതിനായി 20 ബില്ല്യൺ ഡോളർ സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കാനൊരുങ്ങി കേന്ദ്ര സർക്കാർ. പ്രധാനമന്ത്രി നരേന്ദ്ര മോദി, ധനമന്ത്രി നിർമ്മല സീതാരാമൻ, മറ്റ് ഉന്നത ഉദ്യോഗസ്ഥർ എന്നിവർ വ്യാഴാഴ്ചയോടെ പദ്ധതി അന്തിമമാക്കുമെന്നും സർക്കാർ വൃത്തങ്ങൾ അറിയിച്ചു.

എന്നാൽ ആശ്വാസ പാക്കേജ് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ലഭ്യമല്ല. തൊഴിൽ അവസരങ്ങൾ വർദ്ധിപ്പിക്കുന്നതിനായി പ്രതിസന്ധിയിലായ മേഖലകളെ സഹായിക്കാനാണ് നടപടിയെന്നാണ് പുറത്തുവരുന്ന സൂചനകൾ.

ഏതാനും വർഷങ്ങൾക്കുമുമ്പ് അന്താരാഷ്ട്ര നാണയ നിധി ആഗോള സാമ്പത്തിക ഉയർച്ചയുള്ള സ്ഥലമായി തിരഞ്ഞെടുത്ത ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ കൊവിഡ് വ്യാപനത്തിന് പിന്നാലെ ഏപ്രിൽ-ജൂൺ പാദത്തിൽ 23.9 ശതമാനം ഇടിവ് രേഖപ്പെടുത്തി. 2021 മാർച്ച് വരെയുള്ള സാമ്പത്തിക വർഷത്തിൽ 10 ശതമാനത്തിലധികം സമ്പദ്‌വ്യവസ്ഥ ഇടിഞ്ഞു.

അതേസമയം രാജ്യത്തെ പ്രധാനനഗരങ്ങളിൽ കൊവിഡ് വെെറസ് വ്യാപനം രൂക്ഷമായി തുടരുകയാണ്. ദിവസം 40000 കൊവിഡ് കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്യുന്നത്. നിയന്ത്രണങ്ങളിൽ സർക്കാർ ഇളവു വരുത്തിയിട്ടുണ്ടെങ്കിലും ആക്ടീവ് കൊവിഡ് കേസുകൾ മൂന്ന് മാസത്തിനിടെ ആദ്യമായി 500,000ൽ താഴെ മാത്രമാണ്.