soorarai-pottru

'ഉരുക്കുപോലെ ഉറച്ച നിശ്ചയദാർഢ്യം നിങ്ങൾക്കുണ്ടെങ്കിൽ, പ്രതീക്ഷ കൈവിടാതെ ആഗ്രഹങ്ങളെ നിങ്ങൾ പിന്തുടരുകയാണെങ്കിൽ, ദൈവങ്ങൾ വന്ന് നിങ്ങൾക്കായി പോരാടുകയും പ്രപഞ്ചത്തെ തന്നെ നിങ്ങൾക്ക് അനുകൂലമാക്കി തീർക്കുകയും ചെയ്യും.' 'സൂരരൈ പോട്ര്'(വീരന്മാരെ വാഴ്ത്തുക) എന്ന തന്റെ സ്വപ്നചിത്രത്തിന് കാരണക്കാരനായ എയർ ഡെക്കാൻ സ്ഥാപകൻ ജി.ആർ ഗോപിനാഥിന്റെ വാക്കുകൾ ഓർത്തെടുത്തുകൊണ്ട് തമിഴ് സൂപ്പർ താരം സൂര്യ ശിവകുമാർ കേരളകൗമുദി ഓൺലൈനിനോട് പറഞ്ഞു. കൊവിഡിന്റെ പ്രതികൂലാവസ്ഥയോട് പോരാടിക്കൊണ്ട് 'ആമസോൺ പ്രൈം വീഡിയോ' വഴി റിലീസ് ചെയ്തിരിക്കുന്ന ഈ വമ്പൻ ചിത്രത്തിന് തീർച്ചയായും ചേരുന്ന ഒരു വാചകം കൂടിയാണിത്.

'സൂരരൈ' ഒ.ടി.ടി പ്ലാറ്റ്‌ഫോമിൽ മികച്ച അഭിപ്രായം നേടി മുന്നേറുമ്പോഴും, സിനിമയുടെ നിർമാതാക്കളിൽ ഒരാൾ കൂടിയായ സൂര്യ അതിന്റെ ക്രെഡിറ്റ് മുഴുവൻ തന്റെ സംവിധായിക സുധ കൊങ്ങരയ്ക്കും മറ്റ് നിർമ്മാണ പങ്കാളികൾക്കും നൽകുന്നു. 2008ൽ പുറത്തിറങ്ങിയ തന്റെ ഏറ്റവും വലിയ ഹിറ്റുകളിൽ ഒന്നായ 'വാരണം ആയിര'ത്തോടാണ് സൂര്യ പുതിയ ചിത്രത്തെ താരതമ്യപ്പെടുത്തുന്നത്. താൻ ഹൃദയത്തോട് ചേർത്തുവയ്ക്കുന്ന 'വാരണം ആയിര'വുമായി 'സൂരരൈ പോട്രി'ന് ഒരുപാട് സാമ്യമുണ്ടെന്നും നടൻ പറയുന്നു. സൂര്യയുടെ വാക്കുകളിലേക്ക്.

sp1

'വാരണം ആയിരം' ഒരു യാത്ര

സൂരരൈ പോട്രി'ന്റെ പോസ്റ്ററുകളും ട്രെയിലറുകളും കണ്ടപ്പോൾ 'വാരണ'വുമായി ഒരു സാമ്യം എനിക്ക് തോന്നിയിരുന്നു. സാധാരണ ഒരു സിനിമയുടെ ചിത്രീകരണം ആരംഭിച്ച് കഴിഞ്ഞ ശേഷം ആറ് മാസത്തിനുള്ളിൽ അതുമായി ബന്ധപ്പെട്ട ജോലികൾ അവസാനിക്കാറാണ് പതിവ്. 'വാരണം ആയിര'ത്തിന്റെ കാര്യം അങ്ങനെയായിരുന്നില്ല. ഒരുപാട് 'ഇമോഷണൽ ഇൻവെസ്റ്റ്മെന്റ്' ആ ചിത്രത്തിന്റെ കാര്യത്തിൽ സംഭവിച്ചിരുന്നു. ഗൗതം സാറിന്റെ(ഗൗതം മേനോൻ) ഭാഗത്തുനിന്നും എന്റെ ഭാഗത്തുനിന്നും. അദ്ദേഹത്തിന്റെ അച്ഛനെ കുറിച്ചുള്ള ഓർമകളാൽ പടുത്തുയർത്തിയ ഒരു ചിത്രമായിരുന്നു അത്. ഒരു യാത്രയായിരുന്നു 'വാരണം ആയിരം'. സിനിമയെ കുറിച്ചുള്ള ആശയം രൂപപ്പെട്ടത് മുതൽ രണ്ട് വർഷമെടുത്താണ് 'വാരണ'ത്തിന്റെ ചിത്രീകരണം ആരംഭിച്ചത്.

ചിത്രീകരണം അവസാനിക്കുന്നത് വരെ, കഥാപാത്രങ്ങളുടെ രൂപങ്ങൾ എങ്ങനെയിരിക്കണം എന്നതിനപ്പുറം അവരെ എങ്ങനെ അവതരിപ്പിക്കണം, എന്തൊക്കെ വികാരങ്ങളാണ് അവരുടെ ഉള്ളിൽ നിറയ്‌ക്കേണ്ടത് എന്നെല്ലാം ഞങ്ങൾ ചിന്തിച്ചിരുന്നു. സാധാരണ സിനിമകളിൽ ഉണ്ടാകുന്ന തരത്തിലുള്ള തീരുമാനങ്ങളായിരുന്നില്ല അത്. അത്തരം തീരുമാനങ്ങൾ ഹൃദയത്തിൽ നിന്നുമായിരുന്നു വന്നത്. എന്റെ കരിയർ ആരംഭിക്കും മുൻപുള്ള ഭൂതകാലത്തിലേയ്ക്കും ഒരു യാത്ര നടത്താൻ അതുവഴി എനിക്ക് സാധിച്ചു. ഭാവിയെക്കുറിച്ച് ഒരു തീർച്ചയുമില്ലാത്ത ബ്ളാങ്ക് ആയ ആ ഒരു സിറ്റുവേഷൻ ഉണ്ടാകുമല്ലോ?

sp7

എങ്ങനെ ജയം നേടാം, എന്ത് പറയാം, എന്ത് പറഞ്ഞാൽ ആളുകൾക്ക് നമ്മെ ഇഷ്ടമാകും, നല്ല ശമ്പളമുള്ള ഒരു ജോലി എങ്ങനെ ലഭിക്കും, കുടുംബത്തെ എങ്ങനെ നോക്കും എന്നെല്ലാം നമ്മൾ ചിന്തിക്കും. ഇത്തരത്തിലുള്ള എല്ലാ കാര്യങ്ങളും എന്റെ മനസിലേക്ക് വന്നു. ഈ ജോലിയിലേക്ക് വരുംമുമ്പ് നിങ്ങളും അങ്ങനെ ചിന്തിച്ച് കാണണം. ഈ കാര്യങ്ങളൊക്കെ മനസിൽ വച്ചുകൊണ്ടാണ് 'സൂരരൈ'യും ഞങ്ങൾ ചിത്രീകരിച്ചതെന്നാണ് കരുതുന്നത്. സംവിധായിക സുധ കൊങ്ങരയുടെ കാര്യവും അങ്ങനെ തന്നെ. ഒരുപാട് കാര്യങ്ങൾ നടത്തി കാണിച്ചുകൊണ്ടാണ് അവരും മുന്നോട്ട് വന്നത്. ജീവിതത്തിലെ വ്യത്യസ്‌ത ഘട്ടങ്ങളിൽ പലരും സുധയോട് എങ്ങനെയുള്ള സമീപനമാണ് സ്വീകരിച്ചത്, ഏത് സാഹചര്യങ്ങളിലൂടെയാണ് അവർ കടന്നുവന്നത് എന്നിങ്ങനെയുള്ള കാര്യങ്ങൾ ഞങ്ങൾക്ക് 'സൂരരൈ'യിൽ ഉൾപ്പെടുത്താൻ സാധിച്ചിട്ടുണ്ട്.

വീണ്ടുമൊരു 18കാരൻ പയ്യൻ

അതെന്റെ മേൽ അടിച്ചേൽപ്പിക്കുകയായിരുന്നു. എനിക്ക് മറ്റൊരു ചോയ്‌സ് ഉണ്ടായിരുന്നില്ല(ചിരിക്കുന്നു). നായക കഥാപാത്രമായ നെടുമാരൻ രാജാംഗത്തിന്റെ 30 മുതൽ 45 വരെയുള്ള ജീവിതകാലം ഞാൻ അവതരിപ്പിക്കും എന്നായിരുന്നു ആദ്യം പ്ലാൻ ചെയ്തിരുന്നത്. കഥാപാത്രത്തിന്റെ ചെറിയ പ്രായം പരാമർശിക്കുന്ന സ്ക്രിപ്റ്റിലെ ഭാഗത്തിനും ഞാൻ അങ്ങനെയങ്ങ് ശ്രദ്ധ നൽകിയിരുന്നില്ല. എന്നാൽ ആ ചുമതലയും എന്റെ മേൽ വന്നുവീഴുകയായിരുന്നു. ഞാൻ 18 വയസുകാരനായി സിനിമയിൽ പ്രത്യക്ഷപ്പെട്ടാൽ ആൾക്കാർ ചിരിക്കും എന്നായിരുന്നു സുധയോട് ആദ്യം ഞാൻ പറഞ്ഞത്. പക്ഷെ എല്ലാവരുടെയും സഹായത്തോടു കൂടിത്തന്നെ എനിക്ക് അത് ചെയ്ത് ഫലിപ്പിക്കാൻ ആകും എന്ന കോൺഫിഡൻസ് ഉണ്ടായിരുന്നു സുധയ്ക്.

അതിനായി പ്രത്യേക ഡയറ്റും 27 ദിന പ്രത്യേക ക്രാഷ് കോഴ്‌സും ഞാൻ ഫോളോ ചെയ്തിരുന്നു. തുടർന്ന് ശരീരഭാരത്തിൽ 3, 4 കിലോ കുറവുണ്ടാകുകയും ചെയ്തു. വെയിറ്റ് ഡ്രോപ്പിനേക്കാൾ മസിൽ ഡ്രോപ്പാണ് അൽപ്പം കൂടി പ്രകടമായി കാണാൻ സാധിച്ചത്. എന്റെ സിനിമാട്ടോഗ്രാഫറെയും ഡയറക്ഷൻ ടീമിനെയും എന്റെ രൂപം തൃപ്തിപ്പെടുത്തി എന്നും ഞാൻ കരുതുന്നു. ഒപ്പം വിഗും മറ്റും വച്ചതും സഹായകമായി. 18കാരനായുള്ള എന്റെ പ്രകടനം വിശ്വസിനീയമായി എന്നാണു ഞാൻ വിശ്വസിക്കുന്നത്. താരതമ്യേന സിനിമയുടെ കുറച്ച് ഭാഗങ്ങളിൽ മാത്രമാണ് ഞാൻ ആ രൂപത്തിൽ പ്രത്യക്ഷപ്പെടുന്നത്. 18കാരനെ അവതരിപ്പിക്കണമെന്ന നിർദേശം ഒരു സർപ്രൈസ് തന്നെയായിരുന്നു.

sp2

ജി.ആർ ഗോപിനാഥ് എന്ന മഹാസംരംഭകൻ

ഇത് ഒരു സംരംഭകന്റെ കഥയല്ല. ഒരു സാമൂഹിക സംരഭകനെകുറിച്ചുള്ള ചിത്രമാണ്. സമൂഹത്തിന്റെ ഏത് തുറകളിൽ നിന്നുമുള്ള ആൾക്കാർക്കും കണക്ട് ചെയ്യാൻ പറ്റുന്ന ഒരു കാര്യമാണ് അദ്ദേഹം ചെയ്തത്. ഒരു ഗ്രാമത്തിൽ നിന്നുമാണ് ചിത്രത്തിന്റെ കഥയാരംഭിക്കുന്നത്. അതിനു സൈന്യത്തിന്റെയും കോർപറേറ്റുകളുടെയും ഏവിയേഷന്റെയും പശ്ചാത്തലമുണ്ട്. ഒരു പാൻ ഇന്ത്യ ചിത്രമാണ് ഇതെന്ന് പറയാം. അങ്ങനെ തന്നെയാണ് ഗോപിനാഥ് സാറും അദ്ദേഹത്തിന്റെ ജീവിതത്തിൽ ചെയ്തത്. ബാംഗ്ലൂരിൽ നിന്നും തുടങ്ങി, തന്റെ മുന്നിലുള്ള തടസങ്ങളെല്ലാം നീക്കി ഒരു ലോ കോസ്റ്റ് എയർലൈൻ അദ്ദേഹം സ്ഥാപിച്ചു.

അത് വലിയൊരു നേട്ടമായിരുന്നു. അദ്ദേഹത്തിന്റെ പ്രവർത്തികൾക്ക് ഒരുപാട് ആൾക്കാരെ തമ്മിൽ ബന്ധിപ്പിക്കാൻ കഴിഞ്ഞു അതോടൊപ്പം ഇന്ത്യയുടെ വ്യോമയാന വ്യവസായത്തെയും അദ്ദേഹം മാറ്റിമറിച്ചു. ഏവിയേഷൻ സംബന്ധിച്ച ആശയങ്ങളെക്കുറിച്ച് മുൻപുണ്ടായിരുന്ന ധാരണകൾ പൂർണമായും മാറ്റിമറിക്കാൻ അദ്ദേഹത്തിന് സാധിച്ചു. ഞാൻ എപ്പോഴും പറയാറുള്ള ഒരു കാര്യമുണ്ട്. ഒരാഗ്രഹവും സ്വപ്നവും നാം വിചാരിക്കുന്നതിനേക്കാൾ വലുതല്ല. ദൃഢമായ ഇച്ഛയുണ്ടെങ്കിൽ എന്ത് ആഗ്രഹവും നിങ്ങൾക്ക് നേടാൻ കഴിയും.

sp12

'ഉരുക്കുപോലെ ഉറച്ച നിശ്ചയദാർഢ്യം നിങ്ങൾക്കുണ്ടെങ്കിൽ, പ്രതീക്ഷ കൈവിടാതെ നിങ്ങളുടെ ആഗ്രഹത്തെ നിങ്ങൾ പിന്തുടരുകയാണെങ്കിൽ, ദൈവങ്ങൾ വന്നു നിങ്ങൾക്കായി പോരാടുകയും പ്രപഞ്ചത്തെ തന്നെ നിങ്ങൾക്ക് അനുകൂലമാക്കി തീർക്കുകയും ചെയ്യും.' സിനിമയ്ക്ക് ആധാരമായ 'സിംപ്ലി ഫ്‌ളൈ' എന്ന അദ്ദേഹത്തിന്റെ പുസ്തകത്തിൽ ഗോപിനാഥ് സർ ഇക്കാര്യം പറയുന്നുണ്ട്. ഒരു ഒപ്പിട്ടുകിട്ടാൻ വേണ്ടി മാത്രം ഡൽഹിയിൽ നിന്നും ബാംഗ്ളൂരിലേക്കും തിരിച്ചും ആദ്ദേഹം യാത്രകൾ നടത്തിയിട്ടുണ്ട്.

മൂന്നു വർഷക്കാലം ഇങ്ങനെ കഷ്ട്ടപ്പെട്ടിട്ടാണ് അദ്ദേഹം അത് സാധിച്ചെടുത്തത്. നിങ്ങളുടെ പാഷൻ എന്തുതന്നെ ആയാലും നിങ്ങൾ വീട്ടുവീഴ്ച ചെയ്യാൻ ഒട്ടും ഒരുക്കമല്ലെങ്കിൽ നിങ്ങൾ ആഗ്രഹിക്കുന്ന കാര്യം നടക്കും എന്നാണ് അദ്ദേഹം പറയുന്നത്. നിങ്ങളുടെ സാമ്പത്തിക സ്ഥിതിയോ, പശ്ചാത്തലമോ ഒന്നും നിങ്ങളുടെ സ്വപ്നത്തിന് തടസമാകില്ല. ഈ പ്രത്യാശ നമുക്കും ആവശ്യമാണ്. മുന്നോട്ട് പോകാൻ. ഈ സമയത്ത് പ്രത്യേകിച്ചും അത് ആവശ്യമാണ്. പോസിറ്റീവായി മുന്നോട്ട് പോകുക എന്നത്.

sp3

ഏവിയേഷനെ കുറിച്ചുളള ഒരു വമ്പൻ ചിത്രം

ഇങ്ങനെ ആയിരിക്കണം നാം ചെയ്യേണ്ടത് എന്നും അതിനായി ഇന്നതൊക്കെ സംഘടിപ്പിക്കണം എന്ന് തീരുമാനിക്കുവാനായി മാത്രം ഒരു ഉദാഹരണം ഞങ്ങളുടെ പ്രൊഡക്ഷൻ യൂണിറ്റിന്റെ മുൻപിൽ ഉണ്ടായിരുന്നില്ല. തെക്കേ ഇന്ത്യയിലെങ്കിലും, ഈ സ്കെയിലിലുള്ള ഒരു ചിത്രം ഇതുവരെ ആരും ചെയ്തുകാണില്ല. ചിത്രവുമായി ബന്ധപ്പെട്ട എല്ലാ നടപടിക്രമങ്ങളും ഏറെ വ്യത്യസ്തമായിരുന്നു. സിനിമയുടെ ആവശ്യവുമായി ബന്ധപ്പെട്ട് ഏവിയേഷൻ വിഭാഗം, എ.ടി.ജി.സി, ഡി.ജി.സി.എ എന്നീ സ്ഥാപനങ്ങളെ നമ്മൾ സമീപിക്കുകയും ചിത്രത്തിന്റെ തിരക്കഥ ഉൾപ്പെടെയുള്ള കാര്യങ്ങളെ കുറിച്ച് അവരെ ബോദ്ധ്യപ്പെടുത്തുകയും ചെയ്തു. പൂർണമായും ഒരു പുതിയ അറ്റ്മോസ്‌ഫിയർ ആയിരുന്നു അത്. 'ഓട്ടോ അങ്ങോട്ട് മാറ്റിയിട്, സൈക്കിൾ അവിടെ നിർത്ത്' എന്നൊക്കെ പറയുമ്പോലെ 'ഫ്ലൈറ്റ് ഇറക്കിയിട്, അത് മേലേക്ക് പോകട്ടെ' എന്നും മറ്റും പറഞ്ഞുകൊണ്ട് ഞങ്ങൾ ഷൂട്ടിംഗ് നിയന്ത്രിച്ചിരുന്നത്.

ഇക്കാര്യത്തിൽ സ്‌പൈസ് ജെറ്റിനോട് ഞങ്ങൾ പ്രത്യേകമുള്ള നന്ദി അറിയിക്കുകയാണ്. അവർ ഞങ്ങളെ ഇക്കാര്യത്തിൽ കാര്യമായി സഹായിച്ചിരുന്നു. വലിയ ചിലവ് വരുന്ന കാര്യം തന്നെയായിരുന്നു അത്. സ്‌പൈസ് ജെറ്റ് ഒപ്പം നിന്നില്ലായിരുന്നുവെങ്കിൽ അതൊന്നും സാദ്ധ്യമാകില്ലായിരുന്നു. അവരുടെ ഹാങ്ങറുകൾ, എൻജിനീയർമാർ, ടെക്‌നീഷ്യൻസ് എന്നിവരെ അവർ ഞങ്ങൾക്കായി വിട്ടുതന്നു. സ്ക്രിപ്പ്റ്റ് വളരെ എളുപ്പത്തിൽ എഴുതി വയ്ക്കാം, പക്ഷെ ഇത്തരത്തിലുള്ള സൗകര്യങ്ങൾ ലഭിക്കുന്നത് ഒരു അനുഗ്രഹം തന്നെയാണ്. സുഹൃത്തുക്കളിലൂടെയാണ് പല സഹായങ്ങളും നമുക്ക് ലഭിച്ചത്. ചിത്രത്തിന്റെ നിർമാതാക്കളിൽ ഒരാളായ രാജശേഖറാണ് സ്‌പൈസ് ജെറ്റുമായി ബന്ധപ്പെട്ടത്. ഇതൊന്നും ഇല്ലാതിരുന്നെങ്കിൽ മറ്റ് രാജ്യങ്ങളിൽ പോയി ഈ നിലയിലുള്ള ഷൂട്ടിംഗ് നടത്താനുള്ള അനുമതികൾ തേടേണ്ടി വരുമായിരുന്നു. കാര്യങ്ങൾ ഒട്ടും എളുപ്പമായിരുന്നില്ല.

sp4

പക്ഷെ നമ്മൾ സിനിമ വിജയകരമായി പൂർത്തിയാക്കുക തന്നെ ചെയ്തു. ഇപ്പോൾ ലോക്ക്ഡൗൺ ഇളവുകൾ ലഭിച്ചുവരികയാണ്. ഏവിയേഷൻ വിഭാഗത്തെ നമുക്ക് തള്ളിക്കളയാനാകില്ല. ഗോപിനാഥ് സർ രംഗത്ത് വന്ന് 15 വർഷങ്ങൾക്ക് ശേഷം ലോ കോസ്റ്റ് എയർലൈൻസ് കൊണ്ടുവരുന്ന സ്കീമിനെ കുറിച്ചുള്ള പ്രഖ്യാപനം സർക്കാർ നടത്തിയിട്ടുണ്ട്. ഗോപിനാഥ് സർ ഉപദേഷ്ടാവിന്റെ ചുമതല വഹിച്ചുകൊണ്ട് സർക്കാരിനൊപ്പം ഉണ്ട്. ഈ ലോക്ക്ഡൗണും മഹാമാരിയും അതുമൂലമുള്ള നിയന്ത്രണങ്ങളും ഒരു അവസാനത്തിലേക്ക് എത്തുമെന്നുതന്നെ ഞാൻ പ്രതീക്ഷിക്കുന്നു. അധികം വൈകാതെ നാം സാധാരണ നിലയിലേക്ക് എത്തിച്ചേരുകയും ചെയ്യും.

സുധ കൊങ്ങര എന്ന 'മോൺസ്റ്റർ'

സുധയെ കുറിച്ച് എന്ത് പറയണം എന്നെനിക്കറിയില്ല. ഒരു ഡയറക്ടർ എങ്ങനെ ആയിരിക്കണമോ അതാണ് സുധ. അവർ അവരുടെ കഴിവിനൊത്ത് ഈ സിനിമയ്ക്കായി പ്രവർത്തിച്ചിട്ടുണ്ട്. അടുത്തിടെ ഞാൻ ചെയ്ത കുറച്ച് ചിത്രങ്ങൾ കണക്കിലെടുക്കുകയാണെങ്കിൽ ഒന്നുകൂടി ഒരു 'റിഫ്രഷ് ബട്ടൺ' അമർത്തിയത് പോലെയായിരുന്നു സുധയുമായുള്ള അനുഭവം. അതൊരു പഠനം കൂടിയായിരുന്നു എനിക്ക്. എന്റെ മറ്റ് പ്രോജക്ടുകളിലെ സംവിധായകരുമായി സുധയെ ഞാൻ താരതമ്യം ചെയ്യുന്നില്ല. എന്നാലും വ്യക്തിപരമായി പറയുകയാണെങ്കിൽ, നന്ദ പോലെയോ, പിതാമഗൻ പോലെയോ സ്വയം റീഇൻവെന്റ് ചെയ്യാൻ എന്നെ സഹായിച്ച ഒരു ചിത്രമായാണ് 'സൂരരൈ' എനിക്ക് ഫീൽ ചെയ്തത്. ഒരു പുതിയ അന്തരീക്ഷം. ഒരു പുതിയ പാഠം. അതാണ് സുധ എനിക്ക് നൽകിയത്. ഇങ്ങനെയും ഇത് ചെയ്യാമല്ലോ എന്ന് സുധ എന്നെ ചിന്തിപ്പിച്ചു. ഇക്കാര്യത്തിൽ അവരൊട് എനിക്ക് വലിയ നന്ദിയുണ്ട്. വളരെ ആസ്വദിച്ചാണ് ഞാൻ ചിത്രത്തിനായി പ്രവർത്തിച്ചത്.

sp11

സിനിമയ്ക്കുവേണ്ടി പൂർണമായും പ്രവർത്തിക്കാൻ സുധ തയ്യാറായിരുന്നു. രാവിലെ നാല് മണിക്ക് എഴുന്നേൽക്കും, ലോറിയുടെ മുകളിൽ തൂങ്ങി നിന്ന് നിർദേശങ്ങൾ നൽകും, ഓടിനടന്ന് എല്ലാവരുമായും സംസാരിക്കും, ഇങ്ങനെയൊക്കെയായിരുന്നു സുധയുടെ പ്രവർത്തന രീതികൾ. ഞങ്ങളിൽ നിന്നും അതേ അച്ചടക്കം സുധ ആവശ്യപ്പെട്ടിരുന്നു. സിനിമയ്ക്കുവേണ്ടി എല്ലാം സമർപ്പിക്കണമെന്നും സുധ ഞങ്ങളെ ബോദ്ധ്യപ്പെടുത്തി. അവരുടെ ആവേശവും സത്യസന്ധതയും സിനിമയ്ക്കുവേണ്ടി കഷ്ടപ്പെടാനുള്ള പ്രചോദനമാണ് ഞങ്ങൾക്ക് നൽകിയത്. ആ സംവിധായകൻ, ഈ സംവിധായകൻ എന്നൊന്നും ഞാൻ പറയുന്നില്ല. എങ്കിലും ചിലപ്പോൾ മറ്റാരേക്കാളും മികച്ച രീതിയിൽ അവർ അവരുടെ ജോലി ചെയ്തുതീർത്തു.

സുധയെ പോലെ കൂടുതൽ സംവിധായകർ മുന്നോട്ട് വരണം എന്നാകും ഞാൻ പറയുക. കൂടുതൽ മികച്ച കഥകളുമായി അവർ വരണം.സുധ അങ്ങേയറ്റം പ്രൊഡ്യൂസർ ഫ്രണ്ട്ലി ആയ ഒരു സംവിധായിക ആണ്. സിനിമയുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും എന്റെ സംവിധായികയാണ് പ്ലാൻ ചെയ്തത്. ഓരോ ദിവസവും ഏകദേശം അഞ്ച് മണിക്കൂർ എന്ന കണക്കിൽ മൂന്ന് വർഷക്കാലം അവർ ഈ സിനിമയെ കുറിച്ചാണ് സംസാരിച്ചത്. എന്നുംപുലർച്ചെ നാല് മണിക്കൊക്കെ സിനിമയെ പറ്റി സംസാരിച്ചുകൊണ്ടിരിക്കും. സത്യത്തിൽ ഒരു മോൺസ്റ്ററിനെ പോലെയാണ് സുധ.

sp5

കോസ്റ്റ്യൂംസ് ആകട്ടെ, ലൊക്കേഷൻ ആകട്ടെ, എല്ലായിടത്തും സുധയുടെ കണ്ണുകൾ കൃത്യമായി എത്തിയിരുന്നു. ആരൊക്കെ സിനിമയുടെ ഭാഗമാകണം എന്നത് സംബന്ധിച്ചും സ്ക്രീൻ ടെസ്റ്റ് സംബന്ധിച്ചുമുള്ള എക്സൽ ഷീറ്റുകൾ സുധ തന്നെ തയ്യാറാക്കി പ്രിന്റ് ഔട്ട് നൽകിയിരുന്നു. മാത്രമല്ല, സുധയുടെ ഒപ്പം എന്ത് തരത്തിലുള്ള കഷ്ടപ്പാടുകളും സഹിയ്ക്കാൻ തയ്യാറായി ഒരു ഗംഭീര എ.ഡി ടീമും(അസിസ്റ്റന്റ് ഡയറക്ടർ സംഘം) ഉണ്ടായിരുന്നു. 48, 68 മണിക്കൂറുകളാണ് സിനിമയോടുള്ള സ്നേഹം കൊണ്ടുമാത്രം അവർ ജോലി ചെയ്തത്. ഇവരെല്ലാം ഇല്ലായിരുന്നു എങ്കിൽ സിനിമ ഒരിക്കലും നടക്കില്ലായിരുന്നു. അതുകൊണ്ടുതന്നെ അവരുടെ കഷ്ടപ്പാടുകൾക്ക് വിലയിടാനും സാധിക്കില്ല.

'ഇതൊര് സാധാരണമാന പൊണ്ണില്ലെ, റൊമ്പ സ്പെഷ്യൽ'

അപർണ ഒരു സാധാരണ പെണ്ണേയല്ല. വളരെ കഴിവുള്ള ഒരു കുട്ടിയാണ് അവൾ. ഡയലോഗുകൾ ഇല്ലാതിരുന്നപ്പോൾ പോലും ഇമോഷൻസിൽ നിന്നും വിട്ടുപോകാതെ നിന്നുകൊണ്ട് അഭിനയിക്കാനുള്ള അവളുടെ കഴിവിനെ അഭിനന്ദിക്കണം. എന്റെയും അപർണയുടെയും കഥാപാത്രങ്ങൾക്ക് ചിത്രത്തിൽ തുല്യ പ്രാധാന്യമാണുള്ളത്. എനിക്ക് എത്ര സീനുകളുണ്ടോ അത്രയും സീനുകൾ തന്നെ അപർണയ്ക്കുമുണ്ട്. ഏറ്റവും പ്രാധാന്യമുള്ള സീനുകളിലും സംവിധായിക ഉദ്ദേശിക്കുന്നത് എന്തെന്ന് വളരെ നാച്ചുറലായി അവൾ മനസിലാക്കിയെടുക്കുകയും തന്മയത്തോടെ അത് അഭിനയിച്ച് ഫലിപ്പിക്കുകയും ചെയ്തു. ഇമോഷണൽ ആകുന്ന സീൻ ആണെങ്കിലും ദുഃഖത്തെ കാട്ടേണ്ട സീൻ ആണെങ്കിലും ഒരു 'കേക്ക്‌വാക്ക്' പോലെ അപർണ അത് ചെയ്തു. അതിനായി എന്തൊക്കെ ഹാർഡ്‌വർക്കുകൾ ആണ് അവൾ ചെയ്തിരുന്നതെന്ന് എനിക്ക് അറിയില്ല. പക്ഷെ ഷൂട്ടിങ് ആരംഭിച്ചപ്പോൾ അപർണ വളരെ പ്രിപെയേർഡ് ആയിരുന്നു എന്നെനിക്ക് മനസിലായി. ഈ പെൺകുട്ടി വളരെ വളരെ സ്പെഷ്യലാണ്.

sp9

ഒ.ടി.ടിയും ബിഗ് ബഡ്ജറ്റ് സിനിമയും

ആരും ഇങ്ങനെ ഒരു സാഹചര്യം വന്നുചേരും എന്ന് കരുതിയതല്ല. പക്ഷെ അത് സംഭവിച്ചു. പക്ഷെ മനുഷ്യർ എന്ന നിലയിൽ ഇപ്പോഴത്തെ ഈ സാഹചര്യത്തോടു എങ്ങനെ യോജിച്ച് പോകാം എന്നാണ് നമ്മൾ ചിന്തിക്കുക. ഇങ്ങനെയൊരു അവസ്ഥയിൽ നമ്മുടെ കഴിവിനൊത്ത് എന്തൊക്കെ ചെയ്യാം എന്നാണ് നോക്കുക. ഈ പുതിയ സാഹചര്യത്തിന് അനുയോജ്യമായ രീതിയിൽ നമ്മൾ മാറും എന്നാണ് ഞാൻ കരുതുന്നത്. ഈ 'ന്യൂ നോർമലി'നോട് യോജിച്ചുപോകാൻ പ്രേക്ഷകർക്കും കഴിയുമെന്ന് ഞാൻ കരുതുന്നു. ഇതേക്കുറിച്ച് വ്യക്തമായ ഒരു ഉത്തരം എന്റെ കൈയ്യിലില്ല. ഞാനും ഈ അവസ്ഥയെ ആദ്യമായാണ് നേരിടുന്നത്. സാധാരണഗതിയിൽ ഇങ്ങനെയൊരു ചിത്രത്തെക്കുറിച്ച് വലിയ സ്കെയിലിലാണ് ചിന്തിക്കുക. വലിയ സ്‌ക്രീനിൽ ഇത് ജനം കാണണം, സൗണ്ട് നല്ലതായിരിക്കണം,ചിത്രത്തിൽ ഒരു വിമാനം വന്നിറങ്ങുന്നത് കാണികൾക്ക് അനുഭവിച്ചറിയാൻ പറ്റണം എന്നൊക്കെയാകും എന്റെ ചിന്ത.

ഏവിയേഷനെ കുറിച്ച് സംസാരിക്കുന്ന ഒരു സിനിമയാണിത്. അതുകൊണ്ടുതന്നെ മെഗാ സ്കെയിലിൽ ചിത്രം പ്രദർശിപ്പിക്കണം എന്നതായിരുന്നു ഞങ്ങളുടെ പ്ലാൻ. പക്ഷെ അതല്ല ഇപ്പോഴത്തെ സാഹചര്യം. ഇപ്പോൾ നമുക്ക് സിനിമ ചെയ്യാനും അത് പ്രദർശിപ്പിക്കാനും എന്താണ് ലഭ്യമായിട്ടുള്ളത് എന്നാണ് ചിന്ത. സുരക്ഷയും ഒരു ഘടകമാണ്. തീയറ്ററിൽ റിലീസ് ചെയ്യാൻ നോക്കുമ്പോൾ കൊവിഡിന്റെ ഒരു തേഡ് വേവ് ആണ് വരുന്നതെങ്കിൽ അത് പിന്നെയും ബുദ്ധിമുട്ടുകൾ സൃഷ്ടിക്കും. അതുകൊണ്ട് അങ്ങനെയുള്ള സാഹസങ്ങൾക്ക് ഞങ്ങൾ ഇപ്പോൾ തയാറല്ല. പിന്നെ, സിനിമ കാണുന്ന പ്രേക്ഷകർക്ക് അൽപ്പം കൂടി വലിപ്പമുള്ള സ്ക്രീനുകൾ ഉണ്ടാകുമെന്ന് നമുക്ക് പ്രത്യാശിക്കാം. സാധാരണ ദീപാവലി സമയത്ത് അവർ നമ്മളെ കാണാനാണ് വരിക. ഇത്തവണ നമ്മൾ അവരെ കാണാൻ എത്തും. തങ്ങളുടെ കുടുംബത്തോടൊപ്പം അവർക്ക് ഈ സിനിമ കാണാനും ആസ്വദിക്കാനും കഴിയട്ടെ എന്ന് ആഗ്രഹിക്കുന്നു.

sp6

വിവിധ സോഷ്യൽ മീഡിയാ പ്ലാറ്റ്‌ഫോമുകളിൽ വിഡിയോകൾ വഴിയും മെസേജുകൾ വഴി സിനിമയെക്കുറിച്ചുള്ള അവരുടെ അഭിപ്രായങ്ങൾക്കായി ഞങ്ങൾ കാത്തിരിക്കുകയാണ്. ഇക്കാര്യത്തിൽ 'ആമസോണി'നെക്കാൾ മികച്ചൊരു പാർട്ണറെ ഞങ്ങൾക്ക് ലഭിക്കാനിടയില്ല. ഇരുന്നൂറിൽപ്പരം രാജ്യങ്ങളിലേക്കാണ് സിനിമ എത്തുന്നത്. അതിനാൽ, പുതിയ കാണികൾ എങ്ങനെയാണ് ചിത്രത്തോട് പ്രതികരിക്കുക എന്നത് കാണാനും ഞങ്ങൾ കാത്തിരിക്കുകയാണ്. തമിഴിൽ ചെയ്തൊരു ചിത്രം മറ്റ് രാജ്യങ്ങളിലെ ജനങ്ങൾക്കും ഒരു ഫ്രഞ്ച് ചിത്രമോ ജർമൻ ചിത്രമോ കാണുന്നത് പോലെ കാണാൻ സാധിക്കും എന്നത് ആവേശം ഉണ്ടാക്കുന്ന ഒരു ചിന്തയാണ്.

തീയറ്റർ ഉടമകളുമായുള്ള പോരുകൾ

ഇന്ത്യ മൊത്തമായി ഇതുവരെ ഒരു പുതിയ പടവും റിലീസായിട്ടില്ല. മുൻവർഷത്തിൽ റിലീസ് ചെയ്ത സിനിമകൾ റീ-റിലീസ് ചെയ്യുന്ന ഒരു സ്ഥിതിവിശേഷമാണ് ഉള്ളത്. തീയറ്ററിൽ ആൾക്കാർക്ക് വരാനാകുമോ എന്നതൊക്കെ നാം പരിഗണിക്കേണ്ടതുണ്ട്. കല്യാണമോ അങ്ങനെയുള്ള ചടങ്ങുകളോ കുറച്ച് പേരുടെ പങ്കാളിത്തത്തോടെ ആണ് ഇപ്പോൾ നടത്തപ്പെടുന്നത്. ആരെങ്കിലും മരണപ്പെട്ടാൽ ആ വീട്ടിലേക്ക് പോകാൻ ആകാത്ത സമയമാണ് ഇപ്പോൾ. എന്റെ കുട്ടികൾ സ്‌കൂളിൽ പോകുന്നില്ല. ഒരു വർഷത്തേക്കെങ്കിലും വീട്ടിലിരിക്കേണ്ടി വരും എന്ന ചിന്തയിലാണവർ.

പുതിയ സാഹചര്യത്തിന് അനുസരിച്ച് നാം മാറുകയാണ്. മുടക്കിയ പണത്തിൽ നിന്നും ലാഭം കിട്ടുമ്പോൾ മാത്രമാണ് നമുക്ക് ഈ ഇൻഡസ്ട്രിയിൽ നിലനിൽക്കാനാകുക. നമ്മളോടൊപ്പം ജോലി ചെയ്യുന്നവർക്ക് പിന്തുണ നൽകാൻ കഴിയുക. നമ്മൾ നിലനിൽക്കുമ്പോൾ മാത്രമാണ് നമ്മളെ ചുറ്റിപറ്റിയുള്ളവരെയും സഹായിക്കാൻ കഴിയുക. ഫ്‌ളൈറ്റിൽ ഓക്സിജൻ മാസ്ക് ഉപയോഗിക്കുന്നത് പോലെയാണത്. ഒരാൾ ശ്വാസം എടുത്തിട്ട് മറ്റൊരാൾക്ക് കൊടുക്കുകയാണ് ചെയ്യുക. ഒരു ചെയിൻ ആണിത്. ഇതേക്കുറിച്ച് കൂടുതൽ പറയാൻ എനിക്ക് താത്പര്യമില്ല. അതൊക്കെ നേരത്തെ തന്നെ പറഞ്ഞതാണ്.

sp8

പുതിയ കാലത്തെ കാഴ്ചാരീതികൾ

ഈ സിറ്റുവേഷനെകുറിച്ച് കൂടുതൽ പറയാൻ സാധിക്കുക ലോകാരോഗ്യസംഘടനയ്ക്കാണ് എന്നാണ് ഞാൻ കരുതുന്നത്(ചിരി). ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾക്ക് മേൽ ആരും അങ്ങനെ നിയന്ത്രണം കൊണ്ടുവരില്ല എന്നാണ് ഞാൻ കരുതുന്നത്. 18, 20 വർഷങ്ങൾക്ക് മുൻപാണ് ഒ.ടി.ടി പ്ലാറ്റ്ഫോമുകൾ യു.എസിലും മറ്റും ആരംഭിച്ചത്. ഇപ്പോൾ അത് ബിഞ്ച് വാച്ചിംഗിന്റെ(തുടർച്ചയായ കാഴ്ച) നിലയിലേക്ക് എത്തിയിട്ടുണ്ട്. ശനിയാഴ്ചകളിലും ഞായറാഴ്ചകളിലും കുടുംബത്തോടൊപ്പമിരുന്ന് കാണാൻ സാധിക്കുന്ന നിലയിലേക്ക് അത് വളർന്നിട്ടുണ്ട്. സ്റ്റീവൻ സ്പീൽബെർഗ് സർ, ജോർജ് ലൂക്കസ് സർ, തുടങ്ങിയ ഒരുപാട് പേർ ഇതാണ് 'പുതിയ നോർമൽ' എന്നത് പറഞ്ഞുകഴിഞ്ഞു. ഈ പ്ലാറ്റ്‌ഫോമുകൾക്ക് യോജിക്കുന്ന തരത്തിൽ ഫിലിം മേക്കിങ് മാറുകയാവും ചെയ്യുക. തീയറ്ററിൽ പോയി സിനിമ കാണണമെങ്കിൽ അവ അത്തരം വലിയ ക്യാൻവാസിലുള്ള, പ്രേക്ഷകരെ തീയേറ്ററിലേക്ക് ആനയിക്കുന്ന വമ്പൻ ചിത്രങ്ങളായിരിക്കണം. സിനിമയുടെ സ്വഭാവത്തിന്റെ കാര്യത്തിലായാലും നിർമാണത്തിന്റെ കാര്യത്തിലായാലും കുറച്ചൊക്കെ മാറ്റങ്ങൾ ഇതുകൊണ്ട് സംഭവിക്കും.

അതുപോലെതന്നെ, കഴിഞ്ഞ ഏഴെട്ട് മാസങ്ങളായി പലതരത്തിലുള്ള സിനിമകളും സീരീസുകളും ഈ പ്ലാറ്റ്ഫോമുകളിലൂടെ കാണുന്ന ആളുകളുടെ അഭിരുചികളിലും മാറ്റങ്ങൾ ഉണ്ടായിരിക്കാം. മ്യൂസിക് ആകട്ടെ, ഛായാഗ്രഹണം ആകട്ടെ, അഭിനേതാക്കളുടെ പ്രകടനങ്ങൾ ആകട്ടെ, സിനിമയുടെ ഇത്തരം ഘടകങ്ങളിൽ നിന്നെല്ലാം അവർ അൽപ്പംകൂടി ക്വാളിറ്റി പ്രതീക്ഷിക്കും എന്നാണ് ഞാൻ വിശ്വസിക്കുന്നത്. അതിനായി വമ്പൻ ഇൻവെസ്റ്റ്മെന്റുകൾ ആവശ്യമില്ല എന്ന അവസ്ഥ വരും. സിനിമാ നിർമ്മാതാക്കൾ മികച്ച കണ്ടന്റ് തങ്ങൾക്ക് നൽകണം എന്ന് അവർ ആഗ്രഹിക്കും. ഇത്തരത്തിൽ നല്ല സിനിമകൾ കാണാൻ കഴിയുമ്പോൾ എന്തിനു തങ്ങൾ തീയേറ്ററിലേക്ക് പോകണം എന്ന് അവർ കരുതിയേക്കാം.

sp10

അങ്ങനെ അവർ ചിന്തിക്കുന്ന സാഹചര്യത്തിൽ അവരെ തീയേറ്ററിലേക്ക് ആകർഷിക്കാൻ ഉദ്ദേശിച്ചുകൊണ്ടുള്ള വമ്പൻ സിനിമകളും ഉണ്ടാകും. ഇന്നോ നാളെയോ അങ്ങനെ സംഭവിക്കും എന്നല്ല ഞാൻ പറയുന്നത്. പക്ഷെ നമ്മൾ എല്ലാവരും ആ പാതയിലാണിപ്പോൾ. അതേസമയം, സ്വതന്ത്ര സിനിമകളും മറ്റ് ചെറിയ സിനിമകളും അവരുടേതായ പ്ലാറ്റ്‌ഫോമുകൾ കണ്ടെത്തുകയും ചെയ്യും. അതുകൊണ്ട്, ഇവിടെ നിന്നും ഒരു പിന്നോട്ട്പോക്ക് ഉണ്ടാകില്ല എന്നാണ് ഞാൻ കരുതുന്നത്. ഹോളിവുഡിലേക്ക് നോക്കിയാൽ നമുക്ക് കാണാം ഒരുപാട് ടോപ്പ് സംവിധായകർ ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിലേക്ക് വരുന്നുണ്ട്. അവർക്ക് അവിടെ ഒരുപാട് സ്വാതന്ത്യ്രവുമുണ്ട്. നമ്മൾ സാമൂഹിക ജീവികളാണ്. നമുക്ക് തീയറ്റർ എക്സ്പീരിയൻസ് ആവശ്യമാണ്. പക്ഷെ അങ്ങനെയുള്ള സിനിമകൾ മറ്റൊരു തരത്തിലെ പ്രേക്ഷകരെ ആവശ്യപ്പെടുന്നവയായിരിക്കും.

സൂര്യയും ജ്യോതികയും അഞ്ജലി മേനോൻ ചിത്രത്തിൽ?

ഞങ്ങൾ അക്കാര്യത്തെ കുറിച്ചുള്ള സംസാരത്തിലാണ് ഇപ്പോൾ. നിങ്ങൾക്കറിയാമല്ലോ. ഒരുപാട് സമയമെടുക്കുന്ന ഒരു പ്രോസസ് ആണത്. അധികം വൈകാതെ തന്നെ ഒരുമിച്ച് വർക്ക് ചെയ്യണം എന്നതാണ് നമ്മൾ ഉദ്ദേശിക്കുന്നത്. പക്ഷെ അത് സംബന്ധിച്ച് ഒരു ആശയമോ സ്ക്രിപ്റ്റോ ഇനിയും നിർമിച്ചിട്ടില്ല. പക്ഷെ ആ പ്രോസസ് നടന്നുകൊണ്ടിരിക്കുകയാണ്. അതിന് അതിന്റേതായ സമയമെടുക്കും.