നിങ്ങൾക്ക് അമിതമായ ദാഹം,ഇടയ്ക്കിടെയുളള മൂത്രമൊഴിക്കൽ, മങ്ങിയ കാഴ്ച, ക്ഷീണം എന്നിവ ഉണ്ടോ. എങ്കിൽ തീർച്ചയായും നിങ്ങൾ പ്രമേഹ പരിശോധനയ്ക്ക് വിധേയരാകണമെന്നാണ് ഡോക്ടർമാർ ശുപാർശ ചെയ്യുന്നത്.. പ്രമേഹ രോഗികളുടെ രക്തത്തിൽ ഉയർന്ന അളവിൽ ഗ്ലൂക്കോസ് അടങ്ങിയിരിക്കും. ഇത് എച്ച്ബിഎ1സി നില ഉയർത്തുന്നു. പ്രമേഹം നിയന്ത്രണ വിധേയമാകാത്തവരിൽ ഹൃദയ സംബന്ധമായ അസുഖങ്ങൾ, വൃക്കരോഗങ്ങൾ, നാഡിക്ഷയം തുടങ്ങി ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്.
പ്രമേഹത്തിന്റെ പ്രാരംഭ ഘട്ടത്തിൽ ഡയബറ്റിസ് അല്ലെങ്കിൽ പ്രീ-ഡയബറ്റിസ് ഘട്ടം തിരിച്ചറിയാൻ എച്ച്ബിഎ1സി ടെസ്റ്റ് സഹായകമാണ്. രക്തത്തിലെ പഞ്ചസാരയുടെ അളവ് നോക്കി പ്രമേഹം വരാനുള്ള സാധ്യത തിരിച്ചറിയുന്ന പ്രാരംഭ ഘട്ടമാണ് പ്രീ-ഡയബറ്റിസ്
പ്രമുഖ ഗവേഷണ സ്ഥാപനങ്ങളായ ഇന്ത്യൻ മെഡിക്കൽ ഗവേഷണ കൗൺസിൽ, ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹെൽത്ത് മെട്രിക്സ് ആൻഡ് ഇവാലുവേഷൻ, അഡ്വക്കസി സ്ഥാപനമായ ഇന്ത്യൻ പബ്ലിക് ഹെൽത്ത് ഫൗണ്ടേഷൻ എന്നിവ 2017 നവംബറിൽ പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം കാൽനൂറ്റാണ്ടിനിടയിൽ ഇന്ത്യയിൽ പ്രമേഹ വ്യാപനം 64 ശതമാനത്തോളം വർദ്ധിച്ചിട്ടുണ്ട്. ഇന്ത്യയിലെ ഏറ്റവും വലിയ പാത്തോളജി ലാബ് ശൃംഖലകളിൽ ഒന്നായ മെട്രോപോളിസ് ഹെൽത്ത് കെയർ ഡയഗ്‌നോസ്റ്റിക് ചെയിനിൻ്റെ രണ്ട് വർഷത്തെ ഡാറ്റാ വിശകലനം അനുസരിച്ച് കൊച്ചി അതിവേഗം രാജ്യത്തിന്റെ പ്രമേഹ തലസ്ഥാനമായി മാറുകയാണ്.
കൊച്ചി ലാബിൽ കഴിഞ്ഞ രണ്ട് വർഷത്തിനിടെ പരിശോധിച്ച 73,427 സാമ്പിളുകളിൽ 16 ശതമാനത്തിലും രോഗ നിയന്ത്രണം മോശം നിലയിലാണെന്ന് കണ്ടെത്തി. പ്രമേഹ നിയന്ത്രണം ദുർബലമായ നിലയിലെന്ന് കണ്ടെത്തിയ 24 ശതമാനം പേരും 20-നും 30-നും ഇടയിൽ പ്രായമുള്ളവരാണ്. 22 ശതമാനം പേരും 30-നും 40-നും ഇടയിലും, 19 ശതമാനം 40-നും 50-നും ഇടയിലും പ്രായമുള്ളവരാണ്. 25 വയസ്സിൽ താഴെ പ്രായമുള്ള നാലിൽ ഒരാളിൽ മുതിർന്നവരിൽ കണ്ടുവരുന്ന തീവ്രമായ പ്രമേഹമുള്ളതായി കണ്ടെത്തി. സാധാരണയായി 40-50 വയസ്സിന് ഇടയിലുള്ളവരിലാണ് ഇത് കാണപ്പെട്ടിരുന്നതെന്ന് ഇന്ത്യൻ മെഡിക്കൽ ഗവേഷണ കൗൺസിൽ പറയുന്നു. മാറുന്ന ജീവിതചര്യയും അമിതമായ അളവിൽ കലോറി അടങ്ങിയ ഭക്ഷണത്തിൻ്റെ ഉപയോഗവും പ്രമേഹത്തിൻ്റെ അപകടസാധ്യത വർധിപ്പിക്കുന്നു. റിപ്പോർട്ടുകൾ പ്രകാരം 2017-ൽ 72 ദശലക്ഷം പേർക്കാണ് പ്രമേഹം ബാധിച്ചത്.
80 വയസ്സിനും അതിനുമുകളിലും പ്രായമുള്ളവരിൽ 8 ശതമാനം പേർ മാത്രമാണ് രോഗബാധിതർ. എന്നാൽ 20-നും 30-നും ഇടയിൽ പ്രായമുള്ളവരിൽ രോഗം പടിപടിയായി വർദ്ധിച്ച് ഏറ്റവും ഉയർന്ന നിലയിൽ എത്തിയതായി കണ്ടെത്തി. സ്ത്രീകളിൽ പ്രമേഹ സാധ്യത കൂടുതലാണെന്നും സർവേ കണ്ടെത്തി. സ്ത്രീകളിൽ 16 ശതമാനം പേരിലും പ്രമേഹ നിയന്ത്രണം തൃപ്തികരമല്ലെന്ന് കണ്ടെത്തിയപ്പോൾ പുരുഷന്മാരിൽ അത് 15 ശതമാനം ആണ്. കൊച്ചി ലാബിൽ പരിശോധിച്ച സാമ്പിളുകളിൽ 27 ശതമാനവും 40-50 വയസ്സിനിടയിലുള്ള പ്രമേഹ ഘട്ടത്തിലാണ് തൃപ്തികരമല്ലാത്ത നിയന്ത്രണം ഉള്ളതെന്ന് കണ്ടെത്തിയത്. പരിശോധിച്ച 25,000 സാമ്പിളുകളിൽ പ്രമേഹമില്ലെന്നും കണ്ടെത്തി.
മറ്റുലോകരാജ്യങ്ങളെ അ കത്തെ അപേക്ഷിച്ച് ഒരു പതിറ്റാണ്ട് നേരത്തേയാണ് ഇന്ത്യക്കാരെ പ്രമേഹം ബാധിക്കുന്നത്. ദ്രുതഗതിയിലുള്ള നഗരവൽക്കരണം, കായികാധ്വാനം തീരെ കുറഞ്ഞ ജീവിതശൈലി, അനാരോഗ്യകരമായ ഭക്ഷണരീതി, അനിയന്ത്രിതമായ മദ്യപാനം, പുകവലി എന്നിവ പ്രമേഹം ഉൾപ്പെടെയുള്ള സാംക്രമികേതര രോഗങ്ങളുടെ(എൻസിഡി) വർധനവിന് കാരണമായിട്ടുണ്ടെന്ന് സുധർമ്മ മെട്രോപോളിസ് ഹെൽത്ത്കെയർ ലിമിറ്റഡ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ഡോ. രമേഷ് കുമാർ നിരന്തരമായ നിരീക്ഷണത്തിനൊപ്പം മതിയായ ഉറക്കവും വ്യായാമവും ഭക്ഷണ രീതിയിലെ ചിട്ടകളും പ്രമേഹ നിയന്ത്രണത്തിന് അത്യാവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.