local-body-election

തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പിൽ നാമനിർദേശ പത്രികകൾ ഇന്നു മുതൽ സ്വീകരിക്കും. രാവിലെ 11 മുതൽ വൈകിട്ട് മൂന്ന് വരെയാണ് പത്രിക സ്വീകരിക്കുക. പത്രിക സമർപ്പിക്കാനുളള അവസാന തീയതി ഈ മാസം 19 ആണ്.

കഴിഞ്ഞകാലങ്ങളിലേത് പോലെ ആഘോഷകരമായ പത്രികാ സമർപ്പണത്തിന് വിലക്കുണ്ട്. വരാണാധികാരിയുടെ മുന്നിലേക്ക് വരുന്ന സ്ഥാനാർത്ഥികൾക്ക് വാഹനവ്യൂഹവും ജാഥയും പാടില്ല. നോമിനേഷൻ സമർപ്പിക്കാനെത്തുമ്പോൾ സ്ഥാനാർത്ഥിക്ക് ഒരു വാഹനം മാത്രമേ പാടുളളൂ. കണ്ടെയ്ൻമെന്റ് സോണിലുളളവരോ നിരീക്ഷണത്തിൽ കഴിയുന്നവരോ ആണെങ്കിൽ റിട്ടേണിംഗ് ഓഫിസറെ മുൻകൂട്ടി അറിയിക്കണം.

സ്ഥാനാർത്ഥി കൊവിഡ് പോസിറ്റിവോ നിരീക്ഷണത്തിലോ ആണെങ്കിൽ നിർദേശകൻ മുഖേന നാമനിർദേശ പത്രിക സമർപ്പിക്കാം. തിരഞ്ഞെടുപ്പ് കമ്മിഷൻ അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥൻ മുമ്പാകെ സ്ഥാനാർത്ഥി സത്യപ്രതിജ്ഞ ചെയ്ത് ഒപ്പ് രേഖപ്പെടുത്തണം. തുടർന്ന് സത്യപ്രതിജ്ഞാ രേഖ റിട്ടേണിംഗ് ഓഫീസർക്ക് ഹാജരാക്കണം.

പത്രിക സമർപ്പണത്തിന് സ്ഥാനാർത്ഥിയടക്കം മൂന്ന് പേർക്കാവും പ്രവേശനം. ഒരു സമയം ഒരു സ്ഥാനാർത്ഥിക്ക് മാത്രമേ പത്രികസമർപ്പണം അനുവദിക്കുകയുളളൂ. പത്രികകൾ സ്വീകരിക്കുന്ന വരണാധികാരികൾക്കും കൊവിഡ് പ്രോട്ടോക്കോൾ നിർദേശങ്ങൾ നൽകിയിട്ടുണ്ട്. റിട്ടേണിംഗ് ഓഫിസർമാർ നിർബന്ധമായും മാസ്‌ക്, കൈയുറ, ഫെയ്‌സ് ഷീൽഡ് എന്നിവ ധരിച്ചിരിക്കണം.