kerala-covid

തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പിൽ കടുത്ത ജാഗ്രത വേണമെന്ന മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ്. സംസ്ഥാനത്ത് ആകെ കൊവിഡ് ബാധിതരുടെ എണ്ണം അഞ്ചുലക്ഷം കടന്നതിന് പിന്നാലെയാണ് ആരോഗ്യ വകുപ്പിന്റെ മുന്നറിയിപ്പ്. പതിനൊന്ന് ദിവസത്തിനിടെ 287 പേരുടെ മരണം സ്ഥിരീകരിച്ച സംസ്ഥാനത്ത് രോഗമുക്തിക്ക് ശേഷവും മരണങ്ങൾ കൂടുന്നത് ആശങ്കയുയർത്തുകയാണ്. ഇതിനിടെ വരുന്ന തിരഞ്ഞെടുപ്പിനെ അതീവ ജാഗ്രതയോടെയാണ് സംസ്ഥാന സർക്കാർ നോക്കി കാണുന്നത്.

ഓണാഘോഷത്തെ തുടർന്നുണ്ടായ ക്ളസ്റ്റ‌റുകളാണ് രോഗവ്യാപനമുണ്ടാക്കിയത് എന്നാണ് ആരോഗ്യവകുപ്പിന്റെ നിഗമനം. അഞ്ചുലക്ഷം പേർക്ക് രോഗം സ്ഥിരീകരിച്ചെങ്കിൽ ഇതിന്റെ ഇരുപതിരട്ടി പേർക്ക് രോഗം വന്നു പോയിട്ടുണ്ടാകാമെന്നാണ് വിദഗ്ദ്ധർ പറയുന്നത്. ഇതര സംസ്ഥാനങ്ങളെ അപേക്ഷിച്ച് കുറവാണെങ്കിലും 25ലേറെ പേരുടെ മരണം ഒാരോദിവസവും സംസ്ഥാന സർക്കാരിന്റെ ഒൗദ്യോഗിക കണക്കിൽ വരുന്നുണ്ട്.

അനൗദ്യോഗിക കണക്കുകളിൽ ഇരട്ടിയിലേറെ മരണങ്ങളുണ്ട്. രോഗമുക്തി നേടിയ ശേഷവും ഗുരുതരാവസ്ഥയിലേക്കും മരണത്തിലേക്കും നീങ്ങുന്നവരുടെ എണ്ണമാണിപ്പോൾ ആശങ്ക കൂട്ടുന്നത്. ജനുവരി 30ന് ആദ്യ രോഗബാധ സ്ഥിരീകരിച്ച സംസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണം 500 കടന്നത് മൂന്നു മാസം പിന്നിട്ട് മേയ് ആദ്യവാരമാണ്. അഞ്ചുമാസമെടുത്ത് സെപ്‌തംബർ 11നായിരുന്നു രോഗബാധിതരുടെ എണ്ണം ഒരുലക്ഷത്തിലെത്തിയത്. ശേഷം രണ്ടുമാസംകൊണ്ട് നാലു ലക്ഷം പേർക്കാണ് രോഗം ബാധിച്ചത്.