തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണം വാഹനാപകടം എന്ന നിഗമനത്തിൽ സി ബി ഐ. പോളിഗ്രാഫ് ടെസ്റ്റിൽ കലാഭവൻ സോബിയും ബാലഭാസ്‌കറിന്റെ ഡ്രൈവർ അർജുനും നുണ പറഞ്ഞതായി സി ബി ഐ കണ്ടെത്തി. കലാഭവൻ സോബി പല ഘട്ടങ്ങളിലും പോളിഗ്രാഫ് ടെസ്റ്റിനോട് സഹകരിച്ചിരുന്നില്ലെന്നും സി ബി ഐ വ്യക്തമാക്കി.
ലേയഡ് വോയിസ് ടെസ്റ്റിനോട് സഹകരിച്ച കലാഭവൻ സോബി പിന്നീട് പോളിഗ്രാഫ് ടെസ്റ്റിൽ നിന്ന് മാറി നിൽക്കുകയായിരുന്നുവെന്നും സി ബി ഐ പറഞ്ഞു. സ്വർണക്കടത്ത് സംഘത്തെ കണ്ടെന്നുളള സോബിയുടെ മൊഴി നുണയാണ്. ബാലഭാസ്‌കറിന്റെ സുഹൃത്തും മാനേജറുമായിരുന്ന വിഷ്‌ണു സോമസുന്ദരം, ഡ്രൈവർ അർജുൻ, കലാഭവൻ സോബി, പ്രകാശ് തമ്പി എന്നിവരെയാണ് നുണ പരിശോധനയ്ക്ക് വിധേയമാക്കിയത്.
ഒരു അപകടമരണത്തിന് അപ്പുറത്തേക്ക് പോകുന്ന തരത്തിൽ വിവരങ്ങൾ ഒന്നും പരിശോധനയിൽ കണ്ടെത്താനായില്ല. താനല്ല ബാലഭാസ്‌കറാണ് വാഹനം ഓടിച്ചതെന്നാണ് അർജുൻ അന്വേഷണ ഉദ്യോഗസ്ഥർക്ക് നൽകിയിരുന്ന മൊഴി. എന്നാൽ ഇത് കളവാണെന്ന് നുണപരിശോധനയിൽ കണ്ടെത്തി. അതുകൊണ്ടുതന്നെ അർജുൻ തന്നെയാണ് വാഹനമോടിച്ചതെന്ന നിഗമനത്തിൽ സി ബി ഐ എത്തി.
ബാലഭാസ്‌കറിന്റെ മരണത്തിൽ ദുരൂഹത ആരോപിച്ച് അച്ഛൻ കെ സി ഉണ്ണിയാണ് സി ബി ഐ അന്വേഷണം ആവശ്യപ്പെട്ട് സർക്കാരിനെ സമീപിച്ചത്. തുടർന്ന് അന്വേഷണം ഏറ്റെടുത്ത സി ബി ഐ വിശദമായ മൊഴി രേഖപ്പെടുത്തിയിരുന്നു. കലാഭവൻ സോബിയുടെ മൊഴിയിൽ സി ബി ഐ നേരത്തേ സംശയം പ്രകടിപ്പിച്ചിരുന്നു.