ആലപ്പുഴ: ഭിത്തിയിലെ വൈദ്യുത വിളക്ക് പൊടുന്നനെ അണയും പോലെ മനുഷ്യർ നിന്ന നിൽപ്പിൽ കുഴഞ്ഞുവീഴുന്നു, അനക്കമറ്റ ശരീരം നോക്കി എന്തു ചെയ്യണമെന്നറിയാതെ വെപ്രാളപ്പെടുന്ന ദൃക്സാക്ഷികൾ, വാഹനം വിളിച്ച് മിനുട്ടുകൾക്കകം ആശുപത്രിയിൽ എത്തിക്കുമ്പോഴേക്കും ആ ദേഹം വിട്ട് ജീവൻ പറന്നകന്നിരിക്കും. തുടർന്ന് ഡോക്ടർമാർ മരണം സ്ഥിരീകരിക്കുന്നു; ബ്രോട്ട് ഡെഡ്!
കുഴഞ്ഞുവീണുള്ള മരണങ്ങൾ ആശങ്കപ്പെടുത്തും വിധമാണ് അടുത്തിടെയായി സംസ്ഥാനത്ത് വർദ്ധിക്കുന്നത്. എന്തിനും ഏതിനും കൊവിഡിനെ സംശയിക്കുന്ന സാഹചര്യമായതിനാൽ, ഇത്തരം മരണങ്ങൾക്കു പിന്നിലെ വില്ലനും കൊവിഡ് ആണോയെന്ന നിരീക്ഷണത്തിലാണ് ആരോഗ്യവിദഗ്ദ്ധർ.
80 ശതമാനം പേരിലും പ്രകടമായ ലക്ഷണങ്ങളില്ലാതെ വിഹരിക്കുന്ന കൊറോണ വൈറസ് ഹൃദയതാളം തെറ്റിച്ച് സ്തംഭനത്തിലേക്ക് അതിവേഗം എത്തിക്കാമെന്ന് ഡോക്ടർമാർ പറയുന്നു. കൊവിഡ് മുക്തനായ ശേഷം കുഴഞ്ഞു വീണതിനെത്തുടർന്ന് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് തലസ്ഥാനത്തെ സി.പി.എം യുവ നേതാവ് പി. ബിജു കഴിഞ്ഞ ആഴ്ച മരിച്ചത്. കൊവിഡ് മൂലം രക്തക്കുഴലുകളിൽ രക്തം കട്ടപിടിക്കാനുള്ള സാഹചര്യമുണ്ട്.
'ക്രോമ്പോസിസ്' എന്നാണ് ഈ രോഗാവസ്ഥയുടെ പേര്. നാഡീഞരമ്പുകളിലും, മസ്തിഷ്‌കത്തിലും ഉൾപ്പെടെ ഇത്തരത്തിൽ രക്തം കട്ടപിടിക്കാം. അടുത്തിടെ ഹൃദയാഘാതത്തെ തുടർന്ന് ആന്റിബോഡി പരിശോധന നടത്തിയ സംസ്ഥാനത്തെ ഒരു ഡോക്ടർക്ക്, താൻ അറിയാതെ കൊവിഡ് വന്നു പോയി എന്നാണ് പരിശോധനാ ഫലത്തിൽ നിന്നു വ്യക്തമായത്! ആരോഗ്യവാനായ തന്റെ ഹൃദയത്തിന്റെ താളം തെറ്റിച്ചത് നിശബ്ദനായി വന്ന കൊവിഡ് ആണെന്ന് അദ്ദേഹം സോഷ്യൽ മീഡിയയിൽ കുറിച്ചു.
കടുത്ത ഹൃദ്രോഗമുള്ളവർ പെട്ടെന്ന് മരുന്ന് നിറുത്തുകയോ മറ്റോ ചെയ്യുമ്പോഴാണ് മുമ്പൊക്കെ ഹൃദയസ്തംഭനം സംഭവിച്ചിരുന്നതെന്ന് ഡോക്ടർമാർ വിശദീകരിക്കുന്നു. എന്നാൽ കൊവിഡ് വന്നതോടെ സാഹചര്യം മാറിയെന്ന് ആലപ്പുഴ മെഡി.കോളേജ് മെഡിസിൻ വിഭാഗം പ്രൊഫ. ഡോ. ബി. പത്മകുമാർ പറഞ്ഞു.
ആരോഗ്യമുള്ളവരും വീഴുന്നു
ആരോഗ്യമുള്ള വ്യക്തികൾ നിന്നനിൽപ്പിൽ കുഴഞ്ഞുവീണ് മരിച്ച നിരവധി സംഭവങ്ങളാണ് അടുത്തിടെ ഉണ്ടായത്. ചേർത്തലയിൽ പാർട്ടി യോഗത്തിനിടെ പ്രാദേശിക നേതാവ് കുഴഞ്ഞു വീണ് മരിച്ചതും, കൊവിഡ് നിരീക്ഷണത്തിലിരുന്ന വ്യക്തി ലോഡ്ജിൽ കുഴഞ്ഞു വീണു മരിച്ചതും ചിലത് മാത്രം. കുഴഞ്ഞു വീണുള്ള എല്ലാ മരണങ്ങൾക്കും കൊവിഡ് കാരണക്കാരനല്ലെങ്കിലും അതിനുള്ള സാദ്ധ്യത തള്ളിക്കളയാനാവില്ലെന്ന് ആരോഗ്യ വിദഗ്ദ്ധർ പറയുന്നു.
അവഗണിക്കരുത് അവശതകൾ
ഒരിക്കൽ കൊവിഡ് വന്നവർ ചെറിയ ശാരീരിക അവശതകൾ വന്നാൽ പോലും പോസ്റ്റ് കൊവിഡ് ക്ലിനിക്കിൽ പരിശോധന നടത്തണം. രക്തം കട്ട പിടിക്കുന്നതടക്കമുള്ള അവസ്ഥകളിൽ പ്രാരംഭത്തിൽ ലക്ഷണങ്ങൾ പ്രകടമാകണമെന്നില്ല. കേരളത്തിൽ നാലു ലക്ഷത്തോളം പേർ നിലവിൽ കൊവിഡ് മുക്തരായിട്ടുണ്ടെന്നാണ് കണക്ക്. ചിലരിൽ ലക്ഷണങ്ങൾ പ്രകടമാകാത്തതും കൊവിഡ് തിരിച്ചറിയപ്പെടാതെ പോകുന്നതും വെല്ലുവിളിയാണ്.
നിർദ്ദേശങ്ങൾ
1. കൊവിഡ് മുക്തരായാലും തുടർന്നുള്ള മാസങ്ങളിൽ ശ്രദ്ധ വേണം
2. കഠിനമായ വ്യായാമങ്ങൾ ഉടൻ ചെയ്യരുത്
3. മദ്യവും പുകവലിയുമില്ലാതെ സാധാരണ ജീവിതം നയിക്കണം
കൊവിഡ് ബാധിതരിൽ രക്തം കട്ടപിടിക്കാകാനുള്ള സാദ്ധ്യത താരതമ്യേന കൂടുതലാണ്. എന്ത് ബുദ്ധിമുട്ട് തോന്നിയാലും ഉടൻ പരിശോധന നടത്തണം. കൊവിഡ് എപ്പോഴാണ് അപകടകാരിയാവുക എന്ന് മുൻകൂട്ടി തിരിച്ചറിയാനാവില്ല
ഡോ.ബി.പത്മകുമാർ, ആലപ്പുഴ മെഡിക്കൽ കോളേജ്