തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ടുളള അന്വേഷണത്തിൽ താൻ പറഞ്ഞ മൊഴികൾ നുണയാണന്ന വാർത്ത നിഷേധിച്ച് കലാഭവൻ സോബി. താൻ കണ്ട കാര്യങ്ങളാണ് പറഞ്ഞതെന്നും അതിൽ ഇപ്പോഴും ഉറച്ചുനിൽക്കുന്നു എന്നുമാണ് അദ്ദേഹം പറഞ്ഞത്.
'നുണപരിശോധനയുടെ ഫലം പുറത്തുവന്നുവെന്ന് ആരാ പറഞ്ഞതെന്ന് എനിക്കറിയില്ല. ഈ വാർത്ത രാവിലെ കണ്ടപ്പോൾ കേസ് അന്വേഷിക്കുന്ന അനന്തകൃഷ്ണൻ സാറിനെ വിളിച്ചു. ഞങ്ങളാരും പറഞ്ഞിട്ടില്ലെന്നാണ് അദ്ദേഹം പറഞ്ഞത്. വാർത്ത എവിടെനിന്ന് കിട്ടിയെന്ന് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു. ഞാൻ ബ്രെയിൻ മാപ്പിംഗാണ് അവരോട് പറഞ്ഞിരുന്നത്. എന്നാൽ നുണപരിശോധനമതിയെന്ന് അവരാണ് പറഞ്ഞത്. ഇപ്പോഴും എന്തുതരത്തിലുളള പരിശോധനയ്ക്കും താൻ തയ്യാറാണ്. നുണപരിശോധനയിൽ ഞാൻ പറഞ്ഞകാര്യം തെറ്റാണെന്ന റിസൾട്ട് തന്നാൽ അതുവാങ്ങി മറ്റുലാബുകളിൽ പരിശോധനയ്ക്ക് അയയ്ക്കും. അതിനുളള സംവിധാനങ്ങൾ നാട്ടിലുണ്ടല്ലോ? ഡിവൈ എസ് പി കേസ് തെളിയിക്കാൻ നോക്കുന്നു. അതിന് മുകളിലുളളവർ കേസ് ഇല്ലാതാക്കാൻ ശ്രമിക്കുന്നു എന്ന് അന്വേഷണ ഉദ്യോഗസ്ഥനോട് തന്നെ ഞാൻ പറഞ്ഞിട്ടുണ്ട്. ഞാൻ കണ്ട കാര്യങ്ങളാണ് അന്വേഷണ സംഘത്തോട് പറഞ്ഞത്. പറഞ്ഞതിൽ ഇപ്പോഴും ഉറച്ചുനിൽക്കുന്നു- കലാഭവൻ സോബി പറഞ്ഞു.
അപകടം ഉണ്ടാകുന്നതിന് മുൻപ് അജ്ഞാതർ ബാലഭാക്സറിന്റെ കാറിന്റെ ചില്ല് തകർത്തുവെന്നും മരണത്തിനുപിന്നിൽ സ്വർണക്കടുത്തുസംഘമാണെന്നുമാണ് സോബി സി ബി ഐയോട് പറഞ്ഞത്. ഇക്കാര്യത്തിൽ കൂടുതൽ വ്യക്തത വരുത്താനാണ് അന്വേഷണ സംഘം നുണപരിശോധന നടത്തിയത്. പോളിഗ്രാഫ് ടെസ്റ്റിൽ കലാഭവൻ സോബിയും ബാലഭാസ്‌കറിന്റെ ഡ്രൈവർ അർജുനും നുണ പറഞ്ഞതായാണ് സി ബി ഐയുടെ കണ്ടെത്തൽ. കലാഭവൻ സോബി പല ഘട്ടങ്ങളിലും പോളിഗ്രാഫ് ടെസ്റ്റിനോട് സഹകരിച്ചിരുന്നില്ലെന്നും സി ബി ഐ വ്യക്തമാക്കി.ലേയഡ് വോയിസ് ടെസ്റ്റിനോട് സഹകരിച്ച കലാഭവൻ സോബി പിന്നീട് പോളിഗ്രാഫ് ടെസ്റ്റിൽ നിന്ന് മാറി നിൽക്കുകയായിരുന്നുവെന്നും സി ബി ഐ പറഞ്ഞു. സ്വർണക്കടത്ത് സംഘത്തെ കണ്ടെന്നുളള സോബിയുടെ മൊഴി നുണയാണ്. ബാലഭാസ്‌കറിന്റെ സുഹൃത്തും മാനേജറുമായിരുന്ന വിഷ്‌ണു സോമസുന്ദരം, ഡ്രൈവർ അർജുൻ, കലാഭവൻ സോബി, പ്രകാശ് തമ്പി എന്നിവരെയാണ് നുണ പരിശോധനയ്ക്ക് വിധേയമാക്കിയത്.
ബാലഭാസ്‌കറിന്റെ മരണത്തിൽ ദുരൂഹത ആരോപിച്ച് അച്ഛൻ കെ സി ഉണ്ണിയാണ് സി ബി ഐ അന്വേഷണം ആവശ്യപ്പെട്ട് സർക്കാരിനെ സമീപിച്ചത്. തുടർന്ന് അന്വേഷണം ഏറ്റെടുത്ത സി ബി ഐ വിശദമായ മൊഴി രേഖപ്പെടുത്തിയിരുന്നു. കലാഭവൻ സോബിയുടെ മൊഴിയിൽ സി ബി ഐ നേരത്തേ സംശയം പ്രകടിപ്പിച്ചിരുന്നു.