കാലിഫോർണിയ: രാജ്യത്ത് കൊവിഡ് നിയന്ത്രണങ്ങളിൽ ഇളവ് വരുത്തുന്നതിന്റെ ഭാഗമായി വിവിധ മേഖലകൾ സർക്കാർ തുറന്നു കൊടുക്കുകയോ നിയന്ത്രണങ്ങളിൽ അയവ് വരുത്തുകയോ ചെയ്യുന്ന സമയമാണിപ്പോൾ. ലോകത്ത് പലയിടത്തും ജാഗ്രതയോടെയുളള സാധാരണ ജീവിതം ആരംഭിച്ചു കഴിഞ്ഞു. എന്നാൽ ഇപ്പോഴും നാം മനുഷ്യർ കൊറോണയുടെ കൈയെത്തും ദൂരത്ത് തന്നെയാണ്. ഏത് തരം ആളുകളിലാണ് കൊവിഡ് എളുപ്പം പിടിപെടാൻ സാദ്ധ്യത എന്നതിനെ കുറിച്ച് വിവിധ ഗവേഷകർ പഠനം നടത്തി. അവർ നടത്തിയ ഗവേഷണത്തിൽ റെസ്‌റ്റോറന്റുകൾ, ജിമ്മുകൾ,ഹോട്ടലുകൾ എന്നിവിടങ്ങളിൽ നിന്ന് കൊവിഡ് പടർന്നുപിടിക്കാൻ സാദ്ധ്യതകൾ വളരെയധികമാണ്.
അമേരിക്കയിലെ കാലിഫോർണിയയിലെ സ്‌റ്റാൻഫോർഡ് സർവകലാശാലയും നോർത്ത് വെസ്‌റ്റേൺ സർവകലാശാലയും 9.8 കോടി ജനങ്ങളുടെ മൊബൈൽ ഡാറ്റ വിവരങ്ങൾ ഉപയോഗിച്ച് നടത്തിയ പഠനത്തിലാണ് ഈ ഞെട്ടിക്കുന്ന കണ്ടെത്തൽ. അമേരിക്കയിലെ വിവിധ നഗരങ്ങളിൽ മാർച്ച് മാസം മുതൽ മേയ് വരെ ജനങ്ങൾ നടത്തിയ നീക്കങ്ങൾ പരിശോധിച്ച് ഏതെല്ലാം ഇടങ്ങളിൽ ജനങ്ങൾ സന്ദർശിച്ചു, അവിടെ എത്രനേരം തങ്ങി എന്നെല്ലാം പരിശോധിച്ചു. തുടർന്ന് കൊവിഡ് കണക്കുകൾ ഒത്തുനോക്കി പഠനം നടത്തിയപ്പോഴാണ് ഈ അനുമാനത്തിലേക്ക് അവർ എത്തിയത്.
ഷിക്കാഗോ നഗരത്തിൽ നടത്തിയ പഠനത്തിൽ റെസ്‌റ്റോറന്റുകൾ പഴയതുപോലെ പൂർണപ്രവർത്തന സജ്ജമായി തുറന്നാൽ ആറ് ലക്ഷംപേർക്കാകും രോഗം ബാധിക്കുക. മറ്റിടങ്ങളെക്കാൾ മൂന്ന് മടങ്ങ് കൂടുതൽ. മാത്രമല്ല 10 ശതമാനം ഇടങ്ങളിൽ നിന്നാണ് നഗരത്തിൽ 85 ശതമാനം പേർക്കും രോഗബാധയുണ്ടായത്. അതിനാൽ ഈ മേഖലകളിൽ മതിയായ ശ്രദ്ധ വേണമെന്നാണ് ഗവേഷകരുടെ അഭിപ്രായം. പൂർണമായുളള ലോക്‌ഡൗൺ കൊവിഡിനെ നിയന്ത്രിക്കാൻ പര്യാപ്‌തമല്ല. അതിനാൽ മാസ്‌കുകളും സാമൂഹിക അകലവും എണ്ണം നിയന്ത്രിക്കുന്നതുമാണ് പൊതു ഇടങ്ങളിൽ നിന്നും രോഗം പകരാതിരിക്കാൻ ചെയ്യേണ്ടത് എന്നാണ് ഗവേഷകരുടെ അഭിപ്രായം.
രാജ്യത്തെ സമ്പദ്ഘടനയെ മടക്കി കൊണ്ടുവരുന്നതിന് വേണ്ട പദ്ധതികളെ കുറിച്ച് മതിയായ ആലോചനകൾ വേണമെന്ന് ഗവേഷകർ അഭിപ്രായപ്പെടുന്നു. ലോക്‌ഡൗണിന് ശേഷം വിവിധ മേഖലകളിൽ പ്രവർത്തനം പുനരാരംഭിക്കാൻ വ്യത്യസ്‌തമായ വഴികൾ തേടണം. അത്തരത്തിലേ വൈറസ് വ്യാപനം തടയാനാകൂവെന്നും ഗവേഷകർ അഭിപ്രായപ്പെടുന്നു. പൊതുഇടങ്ങളിൽ ലോക്‌ഡൗൺ നടപടികൾ എത്രത്തോളം കാര്യക്ഷമമാണെന്നും ലോക്‌ഡൗൺ എത്രത്തോളം ഫലപ്രദമാണെന്നും പഠനത്തിൽ പറയുന്നു.
മയാമിയിൽ കൊവിഡ് പടർന്നുപിടിച്ചത് ഹോട്ടലുകളിൽ നിന്നാണ്. ഇവിടെ ബീച്ചുകളിൽ നടന്ന പാർട്ടികൾ വഴിയാകാം രോഗം പടർന്നുപിടിച്ചത്. ലോക്ഡൗൺ പ്രഖ്യാപിച്ചപ്പോൾ ഇവിടങ്ങളിൽ രോഗനിരക്ക് കുത്തനെ ഇടിഞ്ഞത് ഇതിന് സൂചനയായി പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നു.
കൊവിഡ് മൂലം ഏറ്റവും ബുദ്ധിമുട്ട് അനുഭവിക്കുന്നത് വരുമാനം കുറഞ്ഞവരാണ്. അതുപോലെ റെസ്‌റ്റോറെന്റുകളിനെക്കാൾ വേഗത്തിൽ സൂപ്പർമാർക്കറ്റുകളിൽ അതിവേഗം രോഗം പടരുന്നുണ്ട്. രോഗവ്യാപനത്തിനെ കുറിച്ച് പഠിക്കുന്നതിന് ജനങ്ങളുടെ ക്രെഡിറ്റ്-ഡെബിറ്റ് കാർഡ് ഇടപാടുകൾ, ഫിറ്റ്നസ് ട്രാക്കർ ഉപയോഗം എന്നിവയാണ് ചില ഗവേഷകർ നിരീക്ഷിച്ചത്. ഈ പഠനങ്ങളുടെ ഫലങ്ങൾ കൊവിഡ് നിയന്ത്രണവിധേയമായി പൊതുഇടങ്ങളെ തുറന്ന് കൊടുക്കുന്നതിന് സ്വീകരിക്കേണ്ട വഴികളെക്കുറിച്ച് അധികാരികൾക്ക് ധാരണ നൽകാൻ സഹായകമാകുന്നുണ്ട്.