ന്യൂഡൽഹി: കൊവിഡ് വ്യാപനം മൂലം രാജ്യത്ത് കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിട്ട മേഖലകളെ ലക്ഷ്യം വച്ച് ധനമന്ത്രി നിർമ്മല സീതാരാമൻ ഇന്ന് സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കുമെന്ന് സൂചന. ഇന്ന് ഉച്ചയ്‌ക്ക് 12.30നുളള വാർത്താ സമ്മേളനത്തിലാകും പദ്ധതികൾ പ്രഖ്യാപിക്കുക. കൂടുതൽ തൊഴിലവസരം സൃഷ്‌ടിക്കുകയെന്ന ലക്ഷ്യത്തോടെ അടിസ്ഥാനസൗകര്യ വികസന പദ്ധതികൾക്കാകും പ്രാമുഖ്യം. ഇതിനായി രാജ്യത്തിന്റെ വിവിധ മേഖലകളിൽ നടപ്പാക്കാനുദ്ദേശിക്കുന്ന 50 വൻകിട പദ്ധതികൾ കേന്ദ്രം കണ്ടെത്തിയിട്ടുണ്ട്.
ദേശീയ ഇൻഫ്രാസ്ട്രക്ചർ പൈപ്പ് ലൈൻ പദ്ധതിക്കായിരിക്കും ഇതിൽ മുൻഗണന. തൊഴിലവസരങ്ങൾ സൃഷ്‌ടിക്കുകയെന്ന ഉദേശത്തോടെയായിരിക്കും ഈ പദ്ധതികളിലേക്ക് മൂലധനം വകയിരുത്തുക. കടുത്ത പ്രതിസന്ധി നേരിടുന്ന ഹോട്ടൽ, ടൂറിസം, വ്യോമയാനം തുടങ്ങിയ മേഖലകൾക്ക് സാമ്പത്തിക പാക്കേജിൽ പരിഗണന ലഭിച്ചേക്കും. നികുതി, ജി എസ് ടി എന്നിവയിലെ ഇളവുമാത്രം സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ മതിയാകില്ലെന്നും കേന്ദ്രം വിലയിരുത്തുന്നു.
പ്രൊഡക്ഷൻ ലിങ്ക്ഡ് ഇൻസെന്റീവ് (പി എൽ ഐ) പദ്ധതിക്ക് കേന്ദ്ര മന്ത്രിസഭ കഴിഞ്ഞദിവസം അംഗീകാരം നൽകിയിരുന്നു. ഫാർമ, ഓട്ടോ, ടെലികോം, ടെക്‌സ്‌റ്റൈൽസ് തുടങ്ങി പത്ത് മേഖലകളെ കൂടി പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സാമ്പത്തിക പാക്കേജിന് മുന്നോടിയായിട്ടായിരുന്നു സർക്കാർ നീക്കം.
ഏതാനും വർഷങ്ങൾക്കുമുമ്പ് അന്താരാഷ്ട്ര നാണയ നിധി ആഗോള സാമ്പത്തിക ഉയർച്ചയുളള സ്ഥലമായി തിരഞ്ഞെടുത്ത ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ കൊവിഡ് വ്യാപനത്തിന് പിന്നാലെ ഏപ്രിൽ-ജൂൺ പാദത്തിൽ 23.9 ശതമാനം ഇടിവ് രേഖപ്പെടുത്തി. ഇത് അതിജീവിക്കാനുളള പദ്ധതികൾക്കായിരിക്കും നിർമ്മല സീതാരാമൻ പാക്കേജ് പ്രഖ്യാപനത്തിൽ ഇടം നൽകുക.