s

രണ്ടുകാലിലെ കന്നുകാലികൾ

ലയത്തിനുള്ളിലെ ദൈന്യങ്ങൾ
കുളമ്പൊടിഞ്ഞ കിനാവുമായി
കൊളുന്ത് നുള്ളുന്ന കൈയുമായി
ലയത്തിനുള്ളിലെ ജയിലുകളിൽ
നെഞ്ചു കീറിയ ഓലപ്പായിൽ
ഉള്ളുറങ്ങാതരവയറ്റിലെ നീറ്റൽ
മൂടും കൊടും തണുപ്പിൽ..
നിങ്ങൾ ചൊല്ലും രണ്ടു കാലിലെ കന്നുകാലികൾ ഞങ്ങളല്ലെ...
കൊളുന്ത് നട്ടു, കൊളുന്ത് നുള്ളി
കൊളുന്തൊരുക്കും ഞാങ്കള്
കൊളുന്ത് വിറ്റ് നിങ്ങൾ നേടും
കൊടും തണുപ്പിൽ ഞങ്ങൾ കേഴും
ലയത്തിന്നുള്ളിലെ ഓലപ്പായിൽ
അര വയറ്റിലെ നീറ്റൽ മൂടി
കൊതുകുകുത്താൽ
തൊലി ചൊറിഞ്ഞു
ഉള്ളുറങ്ങാതഴൽ നുണയും
കൊളുന്ത് ഞങ്ങൾ..
മലയിടിച്ചിൽ, മണ്ണൊലുപ്പിൽ
ഞങ്ങൾ ചാകും കൂട്ടമായി
മണ്ണുമാന്തികൾ മണ്ണിനൊപ്പം ഞങ്ങളെയും വാരി മാറ്റും
ചീഞ്ഞളിഞ്ഞ മനുഷ്യമാംസം
ചാനൽ ക്കണ്ണിൽ നിങ്ങൾ കാണും
രണ്ടു കാലിലെ കന്നുകാലികൾ
ലയത്തിനുള്ളിലെ ദൈന്യങ്ങൾ
കുളമ്പെടുത്ത് കുതിച്ചുയരും
ഉയിരിനെന്നും കരുതലായി
ഉറങ്ങുവാനൊരിടത്തിനായി
കുളമ്പെടുത്ത് കുതിച്ചുയരും
കൊളുന്ത് ഞങ്ങൾ
കൊളുന്ത് ഞങ്ങൾ