രാജ്യത്തെ സാമ്പത്തികരംഗം മുൻപെങ്ങുമില്ലാത്ത വിധം മാന്ദ്യത്തിൽ പെട്ടിരിക്കുകയാണെന്ന് വ്യക്തമാക്കി റിസർവ് ബാങ്ക്. ധനവ്യവസ്ഥയുടെ ചുമതലയുളള റിസർവ് ബാങ്ക് ഡപ്യൂട്ടി ഗവർണർ മൈക്കൽ പത്രയുടെ നേതൃത്വത്തിലുളള സാമ്പത്തിക ശാസ്‌ത്രജ്ഞരാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. സെപ്‌തംബറിൽ അവസാനിക്കുന്ന ത്രൈമാസ സൂചികയനുസരിച്ച് മൊത്തം ആഭ്യന്തര ഉൽപാദനത്തിൽ 8.6% ഇടിവുണ്ടായി. സാമ്പത്തികരംഗത്തെ നിലവിലെ അവസ്ഥ സൂചിപ്പിക്കുന്ന റിപ്പോർട്ടിലാണ് രാജ്യത്തെ ദയനീയ സ്ഥിതി വ്യക്തമാക്കുന്നത്. ഏപ്രിൽ മുതൽ ജൂൺ വരെയുളള സമയത്ത് സാമ്പത്തിക രംഗത്തെ ഇടിവ് 24% ആയിരുന്നു.
' ഇന്ത്യ ചരിത്രത്തിലാദ്യമായി 2020-21 ആദ്യ പാദത്തിൽ സാമ്പത്തികമാന്ദ്യത്തിലേക്ക് പ്രവേശിച്ചു.' എന്നാൽ ഇത് സംബന്ധിച്ച് ഔദ്യോഗിക പ്രതികരണം നവംബർ 27 ന് മാത്രമേ സർക്കാർ പ്രസിദ്ധികരിക്കൂ. ജൂലായ്-സെപ്‌തംബർ ത്രൈമാസത്തിൽ 10.4% സാമ്പത്തിക തകർച്ച ഉണ്ടായി.
വാഹന വിൽപനയിലെ ഉയരുന്ന സൂചികകൾ, ലാഭത്തിനായി കമ്പനികൾ നടത്തിയ ചെലവ് ചുരുക്കൽ എന്നിവയിലൂടെയുളള വിപണിയിലെ ലാഭം വർദ്ധിച്ചിട്ടുണ്ട്. ഇതിലൂടെ വിൽപന കുറവാണെങ്കിലും ലാഭത്തിൽ കുറവ് വന്നിട്ടില്ലെന്ന് റിസർവ് ബാങ്ക് വ്യക്തമാക്കുന്നു. ഈ സ്ഥിതി തുടർന്നാൽ ഒക്‌ടോബർ മാസത്തെ ത്രൈമാസ സൂചികയിൽ തിരിച്ച് വരവ് പ്രതീക്ഷിക്കാമെന്ന് റിസർവ് ബാങ്ക് അധികൃതർ കരുതുന്നു. ഈ നില തുടർന്ന് കൊണ്ടുപോകാനായാൽ ഒക്‌ടോബർ-ഡിസംബർ ത്രൈമാസങ്ങളിൽ സാമ്പത്തിക വളർച്ചയിലേക്ക് തിരികെയെത്താൻ സാധിക്കും. ഈ കണക്ക് ശരിയാണെങ്കിൽ റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ് പ്രഖ്യാപിച്ചതിനും മുൻപ് സാമ്പത്തിക രംഗം മെച്ചപ്പെടും. എന്നാൽ കൊവിഡ് രണ്ടാം ഘട്ട വ്യാപനം മൂലമുളള ആഗോള സാമ്പത്തിക തകർച്ചയെ കുറിച്ചും റിസർവ് ബാങ്ക് അധികൃതർ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്.
മറ്റൊരു പ്രധാന പ്രശ്‌നം കുടുംബങ്ങളിലും തൊഴിൽ ശാലകളിലുമാണെന്ന് സൂചിപ്പിക്കുന്നു റിസർവ് ബാങ്ക്. നിരവധി ജനങ്ങൾക്ക് ജോലി നഷ്‌ടമായതോടെ സാധനങ്ങൾക്കായി ഉപഭോക്താക്കൾ ചിലവഴിക്കുന്ന പണത്തിന്റെ തോത് കുറഞ്ഞു. വൈറസ് നിരക്ക് താഴുന്നതിനും സാമ്പത്തിക രംഗം മടങ്ങിവരുന്നതിനും അനുസരിച്ച് ഈ പ്രതിസന്ധി ലഘൂകരിക്കപ്പെടുമെന്ന് റിസർവ് ബാങ്ക് അധികൃതർ വ്യക്തമാക്കുന്നു.