കൊല്ലം: നെടുവത്തൂർ ഗ്രാമപഞ്ചായത്തിലെ അവണൂർ വാർഡിൽ 'സുന്ദരി'യ്ക്ക് വോട്ടു ചെയ്യാനാണ് ബി.ജെ.പിയുടെ അഭ്യർത്ഥന. സി. അജീവ് കുമാറാണ് സ്ഥാനാർത്ഥി. ചെറുപ്പം മുതലേ അജീവിന് കിട്ടിയ വിളിപ്പേരാണ് സുന്ദരി. അടുത്ത കാലം വരെയും സി.പി.ഐയുടെ പ്രവർത്തകനായിരുന്ന അജീവ് തിരഞ്ഞെടുപ്പ് അടുത്തപ്പോഴാണ് ബി.ജെ.പിയിലേക്ക് ചേക്കേറിയത്. സ്ഥാനാർത്ഥിയുമായി.
അപ്പോഴാണ് സി. അജീവ് കുമാർ എന്നു പറഞ്ഞാൽ ആരും അറിയില്ലെന്ന യാഥാർത്ഥ്യം പാർട്ടിക്കാർ അറിഞ്ഞത്. അതോടെ സുന്ദരിയാണ് ഞങ്ങടെ സ്ഥാനാർത്ഥിയെന്ന് നവമാദ്ധ്യമങ്ങളിൽക്കൂടി ആദ്യം അറിയിക്കേണ്ടി വന്നു.
ഇപ്പോൾ പോസ്റ്റർ ഇറങ്ങിയപ്പോഴും ബ്രാക്കറ്റിൽ സുന്ദരിയെന്ന് വലിയ അക്ഷരത്തിൽ വ്യക്തമാക്കുകയും ചെയ്തു. സി.പി.എമ്മിന്റെ സിറ്റിംഗ് സീറ്റാണ് അവണൂർ. എന്നാൽ, ഇത്തവണ സ്ഥാനാർത്ഥി നിർണയത്തെച്ചൊല്ലി തുടക്കം മുതൽ വിവാദങ്ങളാണ്. അന്തിമ തീരുമാനം വന്നിട്ടില്ല. മുൻപ് വാർഡ് മെമ്പർമാർ ആയവർ തമ്മിലാണ് ഇപ്പോൾ വടംവലി. കോൺഗ്രസിനും സ്ഥാനാർത്ഥിയായിക്കഴിഞ്ഞു. സുന്ദരി സ്ഥാനാർത്ഥിയായതോടെ മത്സരം കടുകട്ടിയായിട്ടുണ്ട്.