college

തൃശൂർ: ഇടതുമുന്നണി കൺവീനർ എ വിജയരാഘവന്റെ ഭാര്യയും തൃശൂർ മുൻമേയറുമായിരുന്ന ഡോ. ആർ ബിന്ദുവിനെ തൃശൂർ കേരളവർമ കോളേജിൽ വൈസ് പ്രിൻസിപ്പലായി നിയമിച്ച നടപടി വിവാദത്തിൽ. പ്രധാന ചുമതലകൾ ഉൾപ്പടെ പകുതിയിലേറെ ചുമതലകൾ വൈസ് പ്രിൻസിപ്പലിനാണ് നൽകിയിരിക്കുന്നത്. ഇതിലൂടെ പരീക്ഷാ നടത്തിപ്പും കോളേജിന്റെ നടത്തിപ്പും മാത്രമായി പ്രിൻസിപ്പലിന്റെ പദവി ചുരുങ്ങിയെന്നാണ് ഉയരുന്ന പ്രധാന ആക്ഷേപം. സ്വകാര്യ കോളേജുകളിൽ വൈസ് പ്രിൻസിപ്പലിന് പ്രത്യേക ചുമതലകൾ നൽകുന്നത് പ്രിൻസിപ്പലാണ്. എന്നാൽ കേരളവർമ കോളേജിൽ കോളേജ് മാനേജ്മെന്റായ സി പി എം നേതൃത്വത്തിലുളള കൊച്ചിൻ ദേവസ്വം ബോർഡ് വൈസ് പ്രിൻസിപ്പൽ തസ്തിക പ്രത്യേകം സൃഷ്ടിക്കുകയായിരുന്നു.

ഒക്ടോബർ മുപ്പതിനാണ് കോളേജിലെ ഇംഗ്ലീഷ് വിഭാഗം മേധാവിയും അസോസിയേറ്റ് പ്രൊഫസറുമായ ബിന്ദുവിനെ വൈസ് പ്രിൻസിപ്പലായി നിയമിച്ചു കൊണ്ടുള്ള ഉത്തരവ് ഇറങ്ങിയത്‌. നിലവിലുളള ചുമതലകൾക്ക് പുറമേ, ഭരണസമിതി നിശ്ചയിക്കുന്ന ചുമതലകൾ നിർവഹിക്കണമെന്നും അക്കാദമിക് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കൽ, വികസനപ്രവർത്തനങ്ങൾ, കോളേജ് അക്രഡിറ്റേഷൻ തുടങ്ങിയുളള എല്ലാ പ്രവർത്തനങ്ങളും പ്രിൻസിപ്പലും വൈസ് പ്രിൻസിപ്പലും സംയുക്തമായി നിർവഹിക്കണമെന്നും ഉത്തരവിൽ പറയുന്നു.

ഈ ചുമതലകൾക്ക് പുറമേ കോളേജിലെ പി ടി എ,കിഫ്ബി, ഡവലപ്പ്മെന്റ് ഫോറം എന്നിവയുടെ സഹായത്താൽ നടപ്പാക്കുന്ന വികസന പ്രവർത്തനങ്ങളുടെയും നാക് അക്രഡിറ്റേഷൻ പോലുളള സുപ്രധാന കാര്യങ്ങളുടെ സ്വതന്ത്ര ചുമതലകളും വൈസ് പ്രിൻസിപ്പലിനാണെന്നും ഉത്തരവിൽ വ്യക്തമാക്കുന്നുണ്ട്.