a

മലയാളികളുടെ സ്വന്തം പി . സുശീലാമ്മയ്ക്ക് ഇന്ന് 85-ാം പിറന്നാൾ....

ദക്ഷിണേന്ത്യൻ സംഗീത ലോകത്ത് ആറു പതിറ്റാണ്ടായി സംഗീത വസന്തം തീർക്കുന്ന പി .സുശീലയ്ക്ക് മലയാളികളുടെ സ്വന്തം സുശീലാമ്മയ്ക്ക് ഇന്ന് 85-ാം പിറന്നാൾ. മലയാളികൾ എന്നും ഹൃദയത്തോട് ചേർത്തുവയ്ക്കുന്ന പാട്ടുകാരിയാണ് സുശീലാമ്മ. വിവിധ ഭാഷകളിലായി അരലക്ഷത്തിലധികം ഗാനങ്ങൾക്ക് മധുര ശബ്ദമായിട്ടുണ്ട് സുശീലാമ്മ.

മലയാളത്തിൽ ആയിരത്തോളം ഗാനങ്ങൾ ആലപിച്ചു. അതിൽ സിനിമ ഗാനങ്ങളും ലളിതഗാനങ്ങളും ഭക്തിഗാനങ്ങളുമടങ്ങുന്നു. ലോകത്ത് ഏറ്റവും കൂടുതൽ പാട്ടുകൾ പാടിയ ഗായികയെന്ന റെക്കോർഡ് സുശീലാമ്മ നേടിയെടുക്കുമ്പോഴും ലളിതമായ ഒരു ചിരി മാത്രമാണ് ആ അതുല്യ ഗായികയുടെ മുഖത്ത് വിരിഞ്ഞത്. മികച്ച ഗായികയ്ക്കുള്ള ദേശിയ അവാർഡ് ആ കൈകളിലേക്കാണ് ആദ്യമായി വന്നു ചേർന്നത്.

a

1960 ൽ ആകാശവാണിയിലൂടെ പാട്ടുകൾ പാടിയാണ് സുശീലാമ്മ ഗാനരംഗത്തേക്ക് എത്തുന്നത്. പെട്ര തായ് എന്ന ചിത്രത്തിലൂടെയായിരുന്നു പിന്നണി ഗാന രംഗത്തേക്കുള്ള അരങ്ങേറ്റം. ആ ശബ്ദ മാധുര്യത്തെത്തേടി തുടർച്ചയായ അഞ്ചു വർഷം ദേശിയ പുരസ്‌കാരമെത്തി. തന്റെ സംഗീത സപര്യയുടെ തുടക്കത്തിൽ തന്നെ മഹാഗായികയായി വാഴ്ത്തപ്പെട്ടു. സുശീലാമ്മയുടെ പാട്ടിന് മുന്നിൽ ശ്രോതാക്കൾ അലിഞ്ഞു ചേർന്നു. ഗാന സരസ്വതിയെന്നും കന്നഡ കോകിലയെന്നും ഗന്ധർവ ഗായികയെന്നും സുശീലാമ്മയെ സംഗീത ലോകം വാഴ്ത്തി. ഏത് ഭാഷയാണെങ്കിലും തനിക്ക് അത് തന്റെ ശൈലിയിൽ നിഷ്പ്രയാസം പാടാനാകുമെന്ന് സുശീലാമ്മ തെളിയിച്ചു. തമിഴ്, മലയാളം , കന്നഡ, തെലുങ്ക്, ഹിന്ദി ,സംസ്‌കൃതം ,ബംഗാളി ,പഞ്ചാബി , സിംഹള ,തുളു ,ബദുഗ,ഒറിയ എന്നീ ഭാഷകളിലെല്ലാം തന്റെ ശബ്ദം കൊണ്ട് നാദപ്രപഞ്ചം തീർത്തു .

1935 നവംബർ 13 ന് ആന്ധ്രപ്രദേശിലെ വിജയനഗരം ജില്ലയിലാണ് ജനനം. പുലപക സുശീലയാണ് പിന്നീട് പി. സുശീലയായത്. സംഗീതം ഇഷ്ടപ്പെടുന്ന കുടുംബത്തിൽ ജനിച്ചുവെന്നത് തന്നെയാണ് സുശീലാമ്മ ദൈവാനുഗ്രഹമായി കാണുന്നത്. ചെറിയ പ്രായത്തിലെ സംഗീതം അഭ്യസിച്ചു.

മലയാളികൾക്ക് സുശീലാമ്മയുടെ ശബ്ദം താരാട്ട് പോലെയാണ്. ഈ തലമുറയിലെ കുഞ്ഞുങ്ങൾക്കും അമ്മമാർ പാടികൊടുക്കുന്ന താരാട്ട് പാട്ടാണ് '' പാട്ടു പാടി ഉറക്കം ഞാൻ താമര പൂ പൈതലേ...''.സീത എന്ന ചിത്രത്തിലെ ഈ ഗാനം പാടിയാണ് സുശീലാമ്മ മലയാളത്തിലേക്ക് എത്തുന്നത്. ആയിരത്തോളം ഗാനങ്ങൾ ആലപിച്ചു മലയാളിയല്ലാത്ത സുശീലാമ്മ. യേശുദാസിനൊപ്പം ഏറ്റവും കൂടുതൽ യുഗ്മ ഗാനങ്ങൾ പാടിയതും സുശീലാമ്മയാണ്. ദേവരാജൻ മാസ്റ്ററുടെ പ്രിയപ്പെട്ട ഗായിക. ദേവരാജൻ മാസ്റ്ററാണ് സുശീലാമ്മയുടെ ശബ്ദത്തെ ഇത്രയധികം ഉപയോഗപ്പെടുത്തിയത്. സുശീലാമ്മ പാടിയ പാട്ടുകളാണ് ഇന്നത്തെ തലമുറയുടെയും പ്രിയപ്പെട്ട ഗാനങ്ങൾ. പെരിയാറെ ...പെരിയാറെ ...(ഭാര്യ ),ചെത്തി മന്ദാരം തുളസി (അടിമകൾ ), ദ്വാരകേ ...ദ്വാരകേ ...(ഹാലോ ഡാർലിംഗ്),കുന്നികുരുവിന്റെ കണ്ണെഴുതി (അച്ചാരം അമ്മിണി ഒാശാരം ഓമന ), മാനത്തെ മഴമുകിൽ മാലകളെ.. (കണ്ണപ്പനുണ്ണി ) , ശ്രാവണ ചന്ദ്രിക പൂ ചൂടിച്ചു ...(ഒരു പെണ്ണിന്റെ കഥ ),പ്രിയതമാ(ശകുന്തള), എന്തിനീ ചിലങ്കകൾ (കരുണ), ഏഴു സുന്ദരരാത്രികൾ (അശ്വമേധം), വധൂവരന്മാരെ (ജ്വാല), പുലരാറായപ്പോൾ (മൂലധനം)പൂന്തേനരുവി (ഒരു പെണ്ണിന്റെ കഥ), രാജശില്പി (പഞ്ചവൻകാട്), ഉദയഗിരി കോട്ടയിലെ (ആരോമലുണ്ണി), ഇക്കരയാണെന്റെ മാനസം (കാർത്തിക), ഓമന തിങ്കളിന്നോണം (തുലാഭാരം), , വൃശ്ചിക രാത്രിതൻ (ആഭിജാത്യം), ഊഞ്ഞാലാ, ഊഞ്ഞാലാ ( വീണ്ടും പ്രഭാതം),ജാനകി ജാനേ ..(ധ്വനി ) അങ്ങനെ തുടങ്ങിയ മലയാളികളുടെ എത്രയെത്ര പ്രിയ ഗാനങ്ങൾ. അവസാനമായി മലയാളത്തിൽ ആലപിച്ചിച്ചത് 2003 ൽ ഇറങ്ങിയ അമ്മ കിളിക്കൂട് എന്ന ചിത്രത്തിലെ ''ഹൃദയമായ് '' എന്ന് തുടങ്ങുന്ന ഗാനമാണ്. വർഷങ്ങൾ എത്ര പോയാലും സുശീലയുടെ ഓരോ ഗാനങ്ങളുടെയും മാധുര്യമേറുകയാണ്.