vaccine

ലോകമാകെ കൊവിഡ് വാ‌ക്‌സിൻ കണ്ടെത്തുന്നതിനായി ശക്തമായ പരീക്ഷണങ്ങൾ നടക്കുകയാണ്. മഹാമാരിയെ പിടിച്ചുകെട്ടാൻ ഇന്ത്യയും ശക്തമായി രംഗത്തുണ്ട്. സ്വീഡിഷ് മരുന്ന് കമ്പനിയായ ആസ്‌ട്ര സെനെക്കയുടെ നാല് കോടി കൊവിഡ് വാക്‌സിനുകൾ നിർമ്മിച്ചിരിക്കുകയാണ് ഇന്ത്യയിലെ സെറം ഇൻസ്‌റ്റി‌റ്റ്യൂട്ട്. വൈകാതെ നോവാവാ‌ക്‌സിന്റെ കൊവിഡ് പരീക്ഷണ വാ‌ക്‌സിനും നിർമ്മിക്കാനൊരുങ്ങുകയാണ് ലോകത്തിലെ ഏ‌റ്റവും വലിയ വാക്‌സിൻ നിർമ്മാണ കമ്പനി. ഇരു വാക്‌സിനുകളും അധികൃതരുടെ അംഗീകാരത്തിനായി കാത്തിരിക്കുകയാണ്.

ആസ്‌ട്ര സെനക്ക വാക്‌സിന്റെ അവസാന ഘട്ട പരീക്ഷണങ്ങൾക്കായി ഇന്ത്യയിൽ നിന്ന് 1600 പേരാണ് പങ്കെടുക്കുക. നോവാവാക്‌സിന്റെ അവസാന ഘട്ട പരീക്ഷണത്തിന് അനുമതിക്കായി ശ്രമിക്കുകയാണെന്നും സെറം അറിയിച്ചു. ഓക്‌സ്‌ഫോർഡ് സർവകലാശാലയുമായ സഹകരിച്ച് നിർമ്മിക്കുന്ന ആസ്‌ട്ര സെനക്ക വാക്‌സിനാണ് ഇന്ത്യയിൽ മനുഷ്യരിൽ പരീക്ഷിക്കുന്ന വാക്‌സിനുകളിൽ ഏ‌റ്റവും മുൻപന്തിയിൽ നിൽക്കുന്നത്. രാജ്യത്ത് വാക്‌സിൻ അതിവേഗം ലഭ്യമാക്കാൻ ഐ.സി.എം.ആറും കമ്പനിയും ശ്രമിക്കുമെന്നും സെറം കമ്പനി അധികൃതർ അറിയിച്ചു. നാല് കോടി വാക്‌സിനുകൾ എന്നാൽ ഇന്ത്യയിലേക്കുള‌ളതാണോ എന്ന് കമ്പനികൾ വ്യക്തമാക്കിയിട്ടില്ല.

സർക്കാർ സംവിധാനമായ ഐ.സി.എം.ആർ ആണ് ഓക്‌സ്‌ഫോർഡ് വാക്‌സിന്റെ ഇന്ത്യയിലെ പരീക്ഷണ ചിലവ് വഹിക്കുന്നത്. ഐ.സി.എം.ആറും കമ്പനിയും രാജ്യത്തെ പതിനഞ്ചോളം കേന്ദ്രങ്ങളിൽ പരീക്ഷണം നടത്തുകയാണ്.

രാജ്യത്തിന്റെ സ്വന്തം വാക്‌സിൻ കമ്പനികളുടെ രണ്ട് കൊവിഡ് വാക്‌സിനുകൾ വിവിധ പരീക്ഷണ ഘട്ടങ്ങളിലാണ്. റഷ്യയുടെ കൊവിഡ് വാ‌ക്‌സിൻ പരീക്ഷണം രാജ്യത്ത് ഡോ. റെഡ്ഡീസ് ലാബ്‌സിന്റെ നേതൃത്വത്തിൽ നടക്കുകയാണ്. രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം ഇതുവരെ 86.8 ലക്ഷം ആണ്. 1,28,000 പേർ മരണമടഞ്ഞു. ഈ സമയത്താണ് സെറം ഇൻസ്‌റ്റി‌റ്റ്യൂട്ടിന്റെ വാക്‌സിൻ നിർമ്മാണ വാർത്തകൾ പുറത്ത് വരുന്നത്. മുൻപ് ഫിസറിന്റെ കൊവിഡ് വാക്‌സിൻ 90% ഫലപ്രദമാണെന്ന് വാർത്ത വന്നിരുന്നു. വാക്‌സിൻ വിതരണത്തിന് ഇന്ത്യയുമായി കരാറിലെത്തുമെന്നും ഫിസർ വ്യക്തമാക്കിയിരുന്നു.