കൊച്ചി: സ്വർണക്കടത്ത് കേസിൽ എൻഫോഴ്സ്മെന്റിന്റെ ലക്ഷ്യം മുഖ്യമന്ത്രിയുടെ ഓഫീസാണെന്ന് ശിവശങ്കറിന്റെ അഭിഭാഷകൻ കോടതിയിൽ. 20l9 ഏപ്രിലിൽ ശിവശങ്കർ കസ്റ്റംസ് ഓഫീസറെ വിളിച്ചെന്ന് പറയുന്നു. എന്നാൽ എന്തു കൊണ്ട് കസ്റ്റംസ് ഓഫിസറുടെ പേര് എൻഫോഴ്സ്മെന്റ് വെളിപ്പെടുത്തുന്നില്ല എന്നായിരുന്നു അഭിഭാഷകന്റെ ചോദ്യം. ആ സമയത്ത് കൊച്ചിയിൽ ബാഗിൽ എത്തിയത് ഭക്ഷ്യ വസ്തുക്കളാണ്. ശിവശങ്കർ വിളിച്ചത് ഫുഡ് സേഫ്റ്റി കമ്മിഷണറെയാണെന്നും അഭിഭാഷകൻ വാദിച്ചു.
അനധികൃത വരുമാനം ലോക്കറിൽ സൂക്ഷിക്കാൻ നിർദേശിച്ചത് ശിവശങ്കറെന്നത് സ്വപ്നയുടെ മൊഴി മാത്രമാണെന്നും അഭിഭാഷകൻ കോടതിയിൽ വാദിച്ചു. എന്നാൽ കളളക്കടത്തിലൂടെയുളള വരുമാനമെന്ന അറിവോടെയാണ് ശിവശങ്കർ സഹായിച്ചതെന്നാണ് പ്രാഥമികമായി മനസിലാക്കുന്നത് എന്നായിരുന്നു കോടതിയുടെ മറുപടി.
കളളക്കടത്തിന് ഗൂഢാലോചന തുടങ്ങുന്നത് 2019 ജൂണിൽ മാത്രമാണ്. എന്നാൽ ലോക്കർ തുറന്നത് 2018 ഓഗസ്റ്റിലാണെന്നും ശിവശങ്കറിന്റെ അഭിഭാഷകൻ കോടതിയിൽ പറഞ്ഞു. ഇതിനെ എങ്ങനെ കളളക്കടത്തുമായി ബന്ധിപ്പിക്കാൻ കഴിയുമെന്നാണ് ചോദ്യം. കടുത്ത മാനസിക സമർദ്ദം മൂലമാകാം സ്വപ്ന ശിവശങ്കറിനെതിരെ മൊഴി നൽകിയത്. നാല് മാസമായി അന്വേഷണ ഏജൻസികളുടെ കസ്റ്റഡിയിലാണ് സ്വപ്ന കഴിയുന്നതെന്നും ശിവശങ്കറിന്റെ അഭിഭാഷകൻ പറഞ്ഞു. എന്നാൽ ജയിൽ സൂപ്രണ്ടിന്റെ സാന്നിദ്ധ്യത്തിലാണ് സ്വപ്നയുടെ മൊഴിയെടുത്തതെന്ന് കോടതി ചൂണ്ടിക്കാട്ടി.