മുംബയ് ഇന്ത്യൻസിന്റെ അഞ്ചാം കിരീടനേട്ടത്തിലൂടെ 13-ാം സീസൺ ഐ.പി.എല്ലിന് അങ്ങ് അറബിനാട്ടിൽ തിരശീല വീണുകഴിഞ്ഞിരിക്കുന്നു. വമ്പന്മാരുടെ പടയോട്ടത്തിനും കൊമ്പന്മാരുടെ വീഴ്ചയ്ക്കും മണലാരണ്യത്തിലെ ക്രിക്കറ്റ് വേദി സാക്ഷിയായി.പഴയ പടക്കുതിരകൾക്കൊപ്പം പുതിയ താരോദയങ്ങൾ ഉയരങ്ങൾ കീഴടക്കുന്നതും കണ്ടു. ഒന്നരമാസത്തിലേറെയായി യു.എ.ഇയിലെ മൂന്ന് വേദികളിലായി നടന്ന ഐ.പി.എൽ ക്രിക്കറ്റിന്റെ 13-ാം സീസണിലെ സൂപ്പർ സ്റ്റാറുകളെക്കുറിച്ച്....
എമേർജിംഗ് പടിക്കൽ
ഈ സീസണിലെ പ്രതീക്ഷയുണർത്തുന്ന യുവതാരത്തിനുള്ള എമേജിംഗ് പ്ളേയർ ഒഫ് ദ സീസൺ പുരസ്കാരം നേടിയത് റോയൽ ചലഞ്ചേഴ്സ് ബാംഗ്ളൂരിന്റെ മലയാളി താരം ദേവ്ദത്ത് പടിക്കലാണ്. വെറും 20 ലക്ഷം രൂപയ്ക്ക് ബാംഗ്ളൂർ സ്വന്തമാക്കിയ ദേവ്ദത്തിന്റെ മൂല്യം അതിലും എത്രയോ ഇരട്ടി ആണെന്ന് ആദ്യ മത്സരം മുതൽ ക്യാപ്ടൻ കൊഹ്‌ലിയും കൂട്ടരും തിരിച്ചറിഞ്ഞു. എലിമിനേറ്റർ അടക്കം 15 മത്സരങ്ങൾ കളിച്ച ഈ ഇടംകൈയൻ ഓപ്പണർ അടിച്ചുകൂട്ടിയത് 473 റൺസാണ്.ബാറ്റിംഗ് ശരാശരി 31.53ഉം സ്ട്രൈക്ക്റേറ്റ് 124.8ഉം.ബാംഗ്ളൂർ നിരയിൽ ഏറ്റവും കൂടുതൽ റൺസ് നേടിയത് മലപ്പുറം എടപ്പാളുകാരനായ ദേവ്ദത്താണ്. കൊഹ്‌ലിപോലും പുതുമുഖമായ പടിക്കലിന് പിറകിലേ നിന്നുള്ളൂ.അഞ്ച് അർദ്ധസെഞ്ച്വറികൾ നേടിയ ദേവ്ദത്ത് 51ബൗണ്ടറികളും എട്ട് സിക്സുകളും പായിച്ചു. മുംബയ് ഇന്ത്യൻസിനെതിരെ അബുദാബിയിൽ നേടിയ 74 റൺസാണ് ഉയർന്ന സ്കോർ.ദുബായ്‌യിൽ സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ അർദ്ധസെഞ്ച്വറി നേടിയാണ് അരങ്ങേറ്റം കുറിച്ചത്.
രാഹുൽ; ദ കിംഗ്
ഈ സീസണിലെ റൺവേട്ടക്കാരനുള്ള ഓറഞ്ച് ക്യാപ്പ് പഞ്ചാബ് കിംഗ്സ് ഇലവന്റെ നായകൻ കെ.എൽ രാഹുലിന്റെ തലയിലാണ്. മിന്നുന്ന ഫോമിലായിരുന്നു രാഹുൽ എന്ന് പറയാതെവയ്യ.പ്ളേ ഓഫിൽ കടന്നില്ലെങ്കിലും മറ്റുള്ളവരിൽ നിന്ന് മിനിമം 50 റൺസെങ്കിലും കൂടുതൽ സമ്പാദിക്കാൻ രാഹുലിന് കഴിഞ്ഞു. 14 മത്സരങ്ങളിൽ നിന്ന് ഒരു സെഞ്ച്വറിയും അഞ്ച് അർദ്ധസെഞ്ച്വറികളുമടക്കം രാഹുൽ അടിച്ചുകൂട്ടിയത് 670 റൺസാണ്.ബാംഗ്ളൂർ റോയൽ ചലഞ്ചേഴ്സിനെതിരെ പുറത്താകാതെ നേടിയ 132 റൺസ് ഈ സീസണിലെ വ്യക്തിഗതമായ ഉയർന്ന സ്കോർ കൂടിയാണ്.
ബാറ്റ്സ്മാനൊപ്പം രാഹുലിലെ ക്യാപ്ടനും വിക്കറ്റ് കീപ്പറും അംഗീകരിക്കപ്പെട്ടതും വലിയ നേട്ടമാണ്. ചില മത്സരങ്ങളിൽ രാഹുലിനോളം മികവ് കാട്ടാൻ ടീമിലെ മറ്റ് താരങ്ങൾക്ക് കഴിയാതെപോയതാണ് പ്ളേഓഫിൽ നിന്ന് പഞ്ചാബിനെ പിന്നോട്ടുവലിച്ചത്. മുംബയ് ഇന്ത്യൻസിനെതിരായ രണ്ടാം സൂപ്പർ ഓവറിലെ വിജയം രാഹുലിന് എന്നെന്നും ഓർമ്മിക്കാനാവുന്നതാണ്. നായക മികവിന് അംഗീകാരമെന്നോണമാണ് ഓസീസ് പര്യടനത്തിലെ വൈസ് ക്യാപ്ടൻസി തേടിയെത്തിയത്.
നിശബ്ദായുധം റബാദ
വലിയ ആഘോഷങ്ങളോ ബഹളങ്ങളോ ഇല്ലാത്ത നിശബ്ദനായ വേട്ടക്കാരനാണ് കാഗിസോ റബാദയെന്ന ദക്ഷിണാഫ്രിക്കക്കാരൻ പേസ് ബൗളർ . ഡൽഹി ക്യാപ്പിറ്റൽസിനെ ആദ്യമായി ഫൈനലിലെത്തിക്കുന്നതിൽ റബാദ വഹിച്ച പങ്ക് ചെറുതല്ല. 17 മത്സരങ്ങളിൽ നിന്ന് റബാദ 30 വിക്കറ്റുകളാണ് വീഴ്ത്തിയത്.രണ്ട് മത്സരങ്ങളിൽ നാലുവിക്കറ്റ് നേട്ടം.വിക്കറ്റ് വേട്ടയിൽ രണ്ടാം സ്ഥാനത്തുള്ള ജസ്പ്രീത് ബുംറ പക്ഷേ രണ്ട് മത്സരങ്ങൾ കുറച്ചാണ് കളിച്ചത്. 27 വിക്കറ്റുകളാണ് ബുംറ സ്വന്തമാക്കിയത്.എന്നാൽ റണ്ണൊഴുക്കുതടയുന്നതിൽ ഏറ്റവും മികച്ചുനിന്നത് ബുംറയുടെ യോർക്കറുകളാണ്.
ഷാർജയിലെ സഞ്ജു
ഈ സീസണിൽ രാജസ്ഥാൻ റോയൽസിന്റെ ആദ്യ രണ്ട് മത്സരങ്ങൾ നടന്നത് ഷാർജയിലാണ്. ഈ രണ്ട് മത്സരങ്ങളിലും രാജസ്ഥാൻ തകർപ്പൻ വിജയം നേടിയപ്പോൾ വാഴ്ത്തപ്പെട്ടത് മലയാളി താരം സഞ്ജു സാംസണിന്റെ അത്യുജ്ജ്വല ബാറ്റിംഗായിരുന്നു. ചെന്നൈയ്ക്കെതിരായ ആദ്യ മത്സരത്തിൽ വെറും 32 പന്തുകളിൽ ഒൻപത് സിക്സുകളും ഒരു ബൗണ്ടറിയുമടക്കം നേടിയത് 74 റൺസ്.പഞ്ചാബിനെതിരായ രണ്ടാം മത്സരത്തിൽ 42 പന്തുകളിൽ ഏഴ് സിക്സും നാലു ബൗണ്ടറികളുമടക്കം 85 റൺസ്. എന്നാൽ പിന്നീടങ്ങോട്ട് ആ ഫ്ളോ നിലനിറുത്താനായില്ല.കളി ഷാർജയിൽ നിന്ന് മാറിയതോടെ തുടർച്ചയായ നാലുമത്സരങ്ങളിലാണ് ഒറ്റയക്കത്തിൽ പുറത്താകേണ്ടിവന്നത്. ആ സമ്മർദ്ദം സീസണിന്റെ തുടക്കത്തിൽ കണ്ട സഞ്ജുവിനെ വീണ്ടും കാണുന്നതിൽ നിന്ന് അകറ്റി. ഒടുവിൽ മുംബയ്ക്ക് എതിരെ അർദ്ധസെഞ്ച്വറിയും (54*) പഞ്ചാബിനെതിരെ 48 റൺസും നേടി ആശ്വാസം കണ്ടെത്തി. സീസണിലെ 14 മത്സരങ്ങളിൽ നിന്ന് 28.84 ശരാശരിയിൽ നേടിയത് 375 റൺസാണ്. സ്ട്രൈക്ക് റേറ്റ് 158.89.
വിക്കറ്റ് കീപ്പറായും ബൗണ്ടറി ലൈനിനരികിലെ ഫീൽഡറായും സഞ്ജു മികവ് കാട്ടിയിരുന്നു. ഓസീസ് പര്യടനത്തിനുള്ള ട്വന്റി-20 ടീമിലേക്ക് മാത്രമാണ് ആദ്യം സെലക്ഷൻ കിട്ടിയതെങ്കിലും പിന്നീട് ഏകദിന ടീമിലും ഉൾപ്പെടുത്തി.
26 സിക്സുകളാണ് സഞ്ജു സീസണിലാകെ പായിച്ചത്. 30 സിക്സുകൾ പറത്തിയ ഇഷാൻ കിഷൻ മാത്രമാണ് സിക്സുകളുടെ എണ്ണത്തിൽ സഞ്ജുവിന് മുന്നിലുള്ളത്. സീസണിലെ നാലാമത്തെ വലിയ സിക്സിന്റെ ഉടമയും ഈ മലയാളി താരമാണ്.
മോസ്റ്റ് വാല്യുവബിൾ ജൊഫ്ര
ഈ സീസണിലെ ഏറ്റവും വിലയേറിയ താരമായി തിരഞ്ഞെടുക്കപ്പെട്ടത് രാജസ്ഥാൻ റോയൽസിന്റെ കരീബിയൻ വംശജനായ ഇംഗ്ളീഷ് പേസർ ജൊഫ്ര ആർച്ചറാണ്. 305 റേറ്റിംഗ് പോയിന്റാണ് ആർച്ചർ നേടിയത്. റബാദ (298) രണ്ടാം സ്ഥാനത്തും ജസ്പ്രീത് ബുംറ(269.5) മൂന്നാം സ്ഥാനത്തുമെത്തി.14 മത്സരങ്ങൾ കളിച്ച ജൊഫ്ര 18.25 ശരാശരിയിൽ 20 വിക്കറ്റുകളാണ് വീഴ്ത്തിയത്.
യോർക്കർ നടരാജൻ
തമിഴ്നാട്ടിലെ സേലത്തുനിന്ന് കഷ്ടപ്പാടുകളുടെ കടമ്പകൾ ചാടിക്കടന്നുവന്ന ടി.നടരാജനെന്ന യോർക്കർ നടരാജന്റെ പേര് ക്രിക്കറ്റ് ലോകം വിസ്മയത്തോടെ കണ്ട ദിവസങ്ങളാണ് കഴിഞ്ഞുപോയത്. ഇത്രയും കൃത്യതയോടെ യോർക്കറുകൾ എറിയുന്ന മറ്റൊരു ബൗളറും സീസണിലുണ്ടായില്ല. ഒരോവറിലെ ആറുപന്തുകളും യോർക്കർ എറിയുന്ന നടരാജന്റെ മികവ് കണ്ടാണ് നട്ട് എന്ന് കൂട്ടുകാർ വിളിക്കുന്ന നടരാജനെ കമന്റേറ്റർമാർ യോർക്കർ നടരാജൻ എന്ന് വിളിക്കാൻ തുടങ്ങിയത്.
16 മത്സരങ്ങളിൽ നിന്ന് 31.50 ശരാശരിയിൽ 16 വിക്കറ്റുകൾ വീഴ്ത്തിയ നടരാജൻ വിക്കറ്റ് വേട്ടയിൽ ഒൻപതാം സ്ഥാനത്താണ്. 136 ഡോട്ട് ബാളുകളാണ് എറിഞ്ഞത്. എക്കോണമി 8.02.ഈ മികവ് കണ്ട് ദേശീയ ടീം സെലക്ടർമാർ ഓസീസ് പര്യടനത്തിനുള്ള ട്വന്റി-20 ടീമിൽ ഉൾപ്പെടുത്തുകയും ചെയ്തു.
ഗെയ്ൽ ബോസ് ഡാ...
ഒരു ഘട്ടത്തിൽ തുടർതോൽവികളുമായി പോയിന്റ് പട്ടികയിലെ അവസാന സ്ഥാനത്തിനായി മത്സരിച്ചിരുന്ന പഞ്ചാബ് കിംഗ്സിനെ വീണ്ടും മുഖ്യധാരയിലേക്ക് കൊണ്ടുവന്നത് ക്രിസ് ഗെയ്ലാണ്. ആദ്യ ഘട്ടത്തിലെ ഏഴുമത്സരങ്ങളിൽ ഗെയ്ൽ കളിക്കാൻ ഇറങ്ങിയിരുന്നില്ല. ഇവയിൽ ടീം ജയിച്ചത് ഒരെണ്ണത്തിൽ മാത്രം. എന്നാൽ ഒക്ടോബർ 15ന് ഗെയ്ൽ ബാംഗ്ളൂരിനെതിരെ തന്റെ ആദ്യ മത്സരത്തിനിറങ്ങി.അർദ്ധസെഞ്ച്വറിയുമായി വിജയത്തിന് അടിത്തറയിട്ടു.ഗെയ്ലിന്റെ സാന്നിദ്ധ്യം ഭാഗ്യഘടകമായതുപോലെ അഞ്ചുമത്സരങ്ങളിലാണ് പഞ്ചാബ് പിന്നെ തുടർച്ചയായി വിജയിച്ചത്.
ഒടുവിൽ രാജസ്ഥാൻ റോയൽസിനെതിരെ ഗെയ്ൽ 99 റൺസടിച്ചിട്ടും തോൽക്കേണ്ടിവന്നതാണ് പഞ്ചാബിനെ പ്ളേ ഓഫിൽ നിന്ന് അകറ്റിയത്. അവസാന മത്സരത്തിൽ ചെന്നൈയോടും തോൽക്കേണ്ടിവന്നു.ഏഴ് മത്സരം മാത്രം കളിച്ച ഗെയ്ൽ 41.14ശരാശരിൽ 288 റൺസാണ് നേടിയത്. 23 സിക്സുകളും 15 ഫോറുകളും പായിച്ച കരീബിയൻ ഇതിഹാസം മൂന്ന് അർദ്ധസെഞ്ച്വറികളും നേടി " യൂണിവേഴ്സ് ബോസ് " എന്ന തന്റെ വിളിപ്പേര് കുറച്ചുമത്സരങ്ങൾകൊണ്ടുതന്നെ അന്വർത്ഥമാക്കി.
ബൗൾട്ടിന്റെ പവർ
ഈ സീസണിലെ പവർ പ്ളേയർ അവാർഡ് നേടിയത് മുംബയ് ഇന്ത്യൻസിന്റെ പേസർ ട്രെന്റ് ബൗൾട്ടാണ്. തുടക്കത്തിൽത്തന്നെ എതിരാളികളുടെ ചിറകരിഞ്ഞുവീഴ്ത്താൻ മുംബയ് കരുതിവച്ച രണ്ട് ആഗ്നേയാസ്ത്രങ്ങളാണ് ബൗൾട്ടും ബുംറയും. ബുംറ യോർക്കറുകൾകൊണ്ട് ബാറ്റ്സ്മാൻമാരെ വരിഞ്ഞുമുറുക്കുമ്പോൾ ബൗൺസുള്ള ഏറുമായി ബൗൾട്ട് ഷോട്ടുകളിക്കാൻ പ്രലോഭിപ്പിച്ച് പുറത്താക്കുകയായിരുന്നു.15 കളികളിൽ നിന്ന് 25 വിക്കറ്റുകളുമായി വേട്ടയിൽ മൂന്നാം സ്ഥാനത്തുണ്ട് ബൗൾട്ട്.ചെന്നൈ സൂപ്പർ കിംഗ്സിനെതിരെ ഷാർജയിൽ 18 റൺസ് വഴങ്ങി നാലുവിക്കറ്റ് വീഴ്ത്തിയതാണ് മികച്ച പ്രകടനം.
റൺവേട്ടക്കാർ
താരം -മത്സരം - റൺസ്
കെ.എൽ രാഹുൽ - 14 -670
ശിഖർ ധവാൻ - 17- 618
ഡേവിഡ് വാർണർ -16 - 548
ശ്രേയസ് അയ്യർ - 17- 519
ഇഷാൻ കിഷൻ -14-516
വിക്കറ്റ് വേട്ടക്കാർ
(ബൗളർ,മത്സരം,വിക്കറ്റ് ക്രമത്തിൽ )
കാഗിസോ റബാദ 17-30
ജസ്പ്രീത് ബുംറ 15-27
ട്രെന്റ് ബൗൾട്ട് 15-25
അൻറിച്ച് നോർക്കിയ 16-22
യുസ്വേന്ദ്ര ചഹൽ 15-21
734
സിക്സുകളാണ് സീസണിൽ ആകെ പിറന്നത്.
106
മീറ്ററാണ് ഏറ്റവും വലിയ സിക്സ് താണ്ടിയ ദൂരം. നിക്കോളാസ് പുരാനാണ് ഈ സിക്സിന് ഉടമ.
156.22
കി.മീ/മണിക്കൂർ വേഗത്തിൽ എറിഞ്ഞ ഡൽഹിയുടെ പേസർ അൻറിച്ച് നോർക്കിയയാണ് സീസണിലെ വേഗരാജാവ്.ഐ.പി.എൽ റെക്കാഡും നോർക്കിയ തിരുത്തിയെഴുതി.
19932
റൺസാണ് ഈ സീസണിൽ ആകെ പിറന്നത്.
10732
റൺസും ബൗണ്ടറികളൂടെയാണ് വന്നത്.
668
വിക്കറ്റുകൾ ആകെ വീണു.
4668
ഡോട്ട്ബാളുകളാണ് സീസണിലാകെ കണ്ടത്.
5.37
റാഷിദ് ഖാന്റേതാണ് സീസണിലെ ബെസ്റ്റ് എക്കോണമി.
191.42
കെയ്റോൺ പൊളളാഡാണ് ഏറ്റവും ഉയർന്ന സ്ട്രൈക്ക് റേറ്റിന് ഉടമ.
10
വിക്കറ്റിന് ചെന്നൈ പഞ്ചാബിനെ തോൽപ്പിച്ചതാണ് വിക്കറ്റ് അടിസ്ഥാനത്തിലെ ഏറ്റവും ഉയർന്ന വിജയമാർജിൻ.
97
റൺസിന് പഞ്ചാബ് ബാംഗ്ളൂരിനെ കീഴടക്കിയത് റൺസ് മാർജിനിലെ ഉയർന്ന വിജയം.
4
സൂപ്പർ ഓവറുകൾക്ക് സീസൺ സാക്ഷ്യം വഹിച്ചു.ആദ്യമായി ഒരു മത്സരത്തിൽ രണ്ട് സൂപ്പർ ഓവറുകൾക്കും.
ഐ.പി.എൽ സീസൺ അവാർഡ്സ്
ചാമ്പ്യൻസ് - മുംബയ് ഇന്ത്യൻസ്
റണ്ണേഴ്സ് അപ്പ് - ഡൽഹി ക്യാപ്പിറ്റൽസ്
ഫെയർപ്ളേ - മുംബയ് ഇന്ത്യൻസ്
ഗെയിം ചേയ്ഞ്ചർ- കെ.എൽ രാഹുൽ
എമേർജിംഗ് പ്ളേയർ - ദേവ്ദത്ത് പടിക്കൽ
സൂപ്പർ സ്ട്രൈക്കർ- കെയ്റോൺ പൊള്ളാഡ്
മോസ്റ്റ് സിക്സസ്- ഇഷാൻ കിഷൻ
പവർപ്ളേയർ - ട്രെന്റ് ബൗൾട്ട്
പർപ്പിൾ ക്യാപ്പ് - കാഗിസോ റബാദ
ഓറഞ്ച് ക്യാപ്പ് -കെ.എൽ രാഹുൽ.
മോസ്റ്റ് വാല്യുബിൾ പ്ളേയർ- ജൊഫ്ര ആർച്ചർ
100000000
രൂപയാണ് ഐ.പി.എൽ ജേതാക്കൾക്കുള്ള സമ്മാനത്തുക.റണ്ണേഴ്സ് അപ്പിന് 6.25 കോടി.