nirmala

ന്യൂഡൽഹി: കൊവിഡിനെത്തുടർന്നുളള സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന് കരകയറാൻ മൂന്നാം സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ച് കേന്ദ്രം. രാജ്യത്ത് കൂടുതൽ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കാനായി അത്മനിർഭർ ഭാരത് റോസ്‍ഗർ യോജന എന്ന പദ്ധതി ധനമന്ത്രി നിർമല സീതാരാമൻ പ്രഖ്യാപിച്ചു. ഈ പദ്ധതിപ്രകാരം ജോലിയിൽ പ്രവേശിക്കുന്ന ആൾക്ക് കേന്ദ്രം ഇൻസെന്റീവും നൽകും. എംപ്ളോയിമെന്റ് പ്രോവിഡന്റ് ഫണ്ടിൽ രജിസ്റ്റർ ചെയ്ത സ്ഥാപനങ്ങളിൽ പുതുതായി ജോലിയിൽ പ്രവേശിക്കുന്നവർക്കായിരിക്കും ആനുകൂല്യം ലഭിക്കുക. ഇവരുടെ മാസ ശമ്പളം 15,000 രൂപയിൽ താഴെയാവണം എന്നും വ്യക്തമാക്കിയിട്ടുണ്ട്. ഒക്ടോബർ ഒന്നുമുതൽ മുൻകാല പ്രാബ്യമുളള പദ്ധതിയുടെ കാലാവധി രണ്ടുവർഷമായിരിക്കും.

15000 രൂപവരെ ശമ്പളമുള്ള ആയിരം ജീവനക്കാരുളള കമ്പനിയിൽ ജീവനക്കാരുടെ പി എഫ് വിഹിതം മൊത്തം സർക്കാർ നൽകും. അമ്പതിൽ താഴെ ജീവനക്കാരുളള സ്ഥാപനങ്ങൾ കുറഞ്ഞത് രണ്ട് ജീവനക്കാരെ പുതുതായി നിയമിക്കണം. 50ൽ കൂടുതൽ ജീവനക്കാരുളള സംരംഭങ്ങൾ കുറഞ്ഞത് അഞ്ച് ജീവനക്കാരെ നിയമിക്കണം. സെപ്തംബർ മാസംമുതൽ പദ്ധതിക്ക് പ്രാബല്യമുണ്ടാവും.

സർക്കാർ കരാറുകാർ കെട്ടിവയ്‍ക്കേണ്ട തുക മൂന്ന് ശതമാനമായി കുറവ് വരുത്തിയിട്ടുണ്ട്.നിലവിൽ ഇത് അഞ്ചുമുതൽ പത്തുശതമാനംവരെയായിരുന്നു. വീടുകൾ വാങ്ങുന്നവർക്ക് കൂടുതൽ ആദായനികുതി ഇളവും പ്രഖ്യാപിച്ചു. രാസവള സബ്സിഡിക്കായി 65000 കോടി പ്രഖ്യാപിച്ചു. തൊഴിലുറപ്പ് പദ്ധതിക്ക് 10000 കോടി രൂപ കൂടി അനുവദിച്ചു.

ആരോഗ്യമേഖലയും മറ്റ് 26 സെക്ടറുകളെയും ഉൾപ്പെടുത്തി ക്രെഡിറ്റ് ഗ്യാരണ്ടി സപ്പോർട്ട് സ്‌കീമും സർക്കാർ പ്രഖ്യാപിച്ചു. ഒരുവർഷം മൊററ്റോറിയവും നാലുവർഷത്തെ തിരിച്ചടവ് കാലാവധിയും നൽകും. ഈട് രഹിത വായ്പയായാണ് അനുവദിക്കുക. 50 കോടി രൂപമുതൽ 500 കോടി രൂപവരെയാകും പദ്ധതി പ്രകാരം വായ്പ അനുവദിക്കുക. അടുത്തവർഷം മാർച്ച് 31വരെയാകും പദ്ധതിയിൽ ആനുകൂല്യം ലഭിക്കുക.

നഗരങ്ങളിലെ ഭവന നിർമ്മാണ മേഖലയ്ക്കായി 18,000 കോടി അധികമായി അനുവദിച്ചു.പതിനെട്ട് ലക്ഷത്തോളം വീടുകളുടെ നിർമ്മാണത്തിനായാണ് ഈ തുക വിനിയോഗിക്കുക. ഇതിലൂടെ തൊഴിൽ അവസരങ്ങൾ കൂടുതൽ ലഭിക്കുമെന്നാണ് സർക്കാരിന്റെ കണക്കുകൂട്ടൽ.

നികുതി നൽകുന്നവർക്കായി ആദായ നികുതി വകുപ്പ് ഇതിനകം 1,32,800 കോടി രൂപ റീഫണ്ട് നൽകിയതായും ധനമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. 39.7ലക്ഷം പേർക്കാണ് ഈ തുക വിതരണം ചെയ്തത്. ഒരു രാഷ്ട്രം ഒരു റേഷൻ കാർഡ് പദ്ധതിയുടെ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്നും 28 സംസ്ഥാനങ്ങളിലാക്കി 68.8 കോടി ജനങ്ങൾക്ക് ഇതിന്റെ ആനുകൂല്യം ലഭിക്കുമെന്നും മന്ത്രി അറിയിച്ചു.

ഇന്ത്യൻ സാമ്പത്തിക രംഗം ശക്തമായ തിരിച്ചുവരവിന്റെ പാതയിലാണെന്നും നേരത്തേ പ്രഖ്യാപിച്ച സാമ്പത്തിക പാക്കേജുകളാണ് ഇതിന് കാരണമായതെന്നും ധനമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.