ലോസ്ആഞ്ചലസ് : ഫുട്‌വെയർ മാഗസിന്റെ കവറിനായി കയ്യിൽ ഷൂവുമായി ദുർഗാ ദേവിയെ പോലെ പോസ് ചെയ്തതിന് ക്ഷമാപണവുമായി അമേരിക്കൻ റാപ്പർ കാർഡി ബി. ' ക്ഷമിക്കണം, ആരുടെയും സംസ്കാരത്തെ വ്രണപ്പെടുത്താനോ അവഹേളിക്കാനോ ഞാൻ ഉദ്ദേശിച്ചില്ല. കഴിഞ്ഞു പോയവ മാറ്റാൻ എനിക്ക് കഴിയില്ല. പക്ഷേ, ഭാവിയിൽ എനിക്ക് കൂടുതൽ ജാഗ്രത പാലിക്കാൻ കഴിയും. ' കാർഡി ബി തന്റെ ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ കുറിച്ചു.
പ്രശസ്ത ഫുട്‌വെയർ നിർമാതാക്കളായ റീബോക്കുമായി ചേർന്നുള്ള പുതിയ സ്നീക്കർ കളക്ഷനായുള്ള പ്രമോഷൻ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായതോടെയാണ് 28കാരിയായ കാർഡി പുലിവാല് പിടിച്ചത്. പ്രമോഷൻ ചിത്രത്തിൽ ദുർഗാ ദേവിയെ പോലെയാണ് കാർഡി പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
' ഫോട്ടോഷൂട്ടിനായെത്തിയപ്പോൾ ഞാൻ ശക്തി, സ്ത്രീത്വം, വിമോചനം എന്നിവയെ പ്രതിനിധീകരിക്കാൻ പോകുന്നുവെന്നാണ് അണിയറപ്രവർത്തകർ എന്നോട് പറഞ്ഞത്. ഞാൻ വളരെയേറെ ഇഷ്ടപ്പെടുന്ന കാര്യമാണത്. എന്നാൽ ഞാൻ സംസ്കാരത്തെയോ മതത്തെയോ വ്രണപ്പെടുത്തുന്നുവെന്ന് ആളുകൾക്ക് കരുതിയെങ്കിൽ, എന്റെ ഉദ്ദേശ്യം അതായിരുന്നില്ലെന്ന് ഞാൻ പറയാൻ ആഗ്രഹിക്കുന്നു. ആരുടെയും മതത്തെ വ്രണപ്പെടുത്താൻ ഞാൻ ഇഷ്ടപ്പെടുന്നില്ല. ആരെങ്കിലും എന്റെ മതത്തോട് അങ്ങനെ ചെയ്തിരുന്നുവെങ്കിൽ എനിക്കും അത് ഇഷ്ടപ്പെടില്ലായിരുന്നു. ' കാർഡി ബി ഇൻസ്റ്റഗ്രാമിലൂടെ ആരാധകരെ അറിയിച്ചു.
ശരിക്കും ദുർഗാ ദേവിയോടുള്ള ആദരമർപ്പിച്ചാണ് ചിത്രത്തിൽ കാർഡി പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. പത്ത് കൈകളുള്ള പോരാളിയായ സ്ത്രീയായിട്ടാണ്കാർഡിയെ ചിത്രീകരിച്ചിരിക്കുന്നത്. തിളങ്ങുന്ന ചുവന്ന നിറത്തിലെ ഒരു ജോഡി സ്നീക്കർ കൈയ്യിലേന്തിയ കാർഡി ബി അതിമനോഹരമായ ചുവന്ന ഗൗൺ ആണ് ധരിച്ചിരിക്കുന്നത്. ഫുട്‌വെയർ ന്യൂസ് മാഗസിൻ കാർഡിയുടെ ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരുന്നു. തൊട്ടുപിന്നാലെയാണ് വിവാദങ്ങൾക്ക് തുടക്കം.കൈയ്യിൽ ഷൂവുമേന്തി ദുർഗാദേവിയെ അപമാനിക്കാൻ കാർഡി ബി ശ്രമിച്ചെന്നുൾപ്പെടെ ആരോപിച്ച് ഇന്ത്യയിൽ നിന്നുള്ള ആരാധകർ ഉൾപ്പെടെ രംഗത്തെത്തുകയായിരുന്നു.