jinn

ചെന്നൈ: സൗബിൻ ഷാഹിറിനെ നായകനാക്കി സിദ്ധാർത്ഥ് ഭരതൻ സംവിധാനം ചെയ്ത 'ജിന്നിന്റെ' റിലീസ് മദ്രാസ് ഹൈക്കോടതി തടഞ്ഞു. ചിത്രത്തിന്റെ നിർമ്മാതാക്കളായ സ്ട്രൈറ്റ് ലൈൻ സിനിമാസിനെതിരെ കാർത്തിയുടെ ‘കൈദി’ എന്ന സിനിമയുടെ നിർമ്മാതാക്കളായ ഡ്രീം വാരിയർ പിക്ചേഴ്സ് നൽകിയ കേസിനെ തുടർന്നാണ് റിലീസ് സ്റ്റേചെയ്തത്. 'കൈദി'യുടെ കേരളത്തിലെ വിതരണക്കാർ സ്ട്രൈറ്റ് ലൈൻ സിനിമാസായിരുന്നു. കൈദിയുടെ ലാഭവിഹിതം (ഓവർ ഫ്ളോ)പലതവണ ആവശ്യപ്പെട്ടെങ്കിലും കരാർ പ്രകാരം നൽകാത്തതിനെ തുടർന്നാണ് തങ്ങൾ കോടതിയെ സമീപിച്ചതെന്നാണ് ഡ്രീം വാരിയർ പിക്ചേഴ്സ് വക്താക്കൾ അറിയിച്ചു.

മുഴുനീള ഹാസ്യ പശ്ചാത്തലത്തിലുളള ചിത്രത്തിലെ നായിക ശാന്തി ബാലചന്ദ്രനാണ്.ഷറഫുദ്ദീൻ, ഷൈൻടോം ചാക്കോ, ജാഫർ ഇടുക്കി, തരികിട സാബു,ലിയോണ ലിഷോയി എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ. രാജേഷ് ഗോപിനാഥനാണ് തിരക്കഥാകൃത്ത്. സിദ്ധാർത്ഥ് ഭരതന്റെ നാലാമത്തെ ചിത്രമാണ് ജിന്ന്.