കൊവിഡ് വ്യാപനം രൂക്ഷമാവുന്നതിന് മുൻപ് കേരളത്തിൽ നിന്നും മാനദണ്ഡങ്ങൾ പാലിച്ചു സ്വദേശങ്ങളിലേക്കു കയറ്റിവിട്ട അന്യ സംസ്ഥാന തൊഴിലാളികൾ ഇപ്പോൾ കൂട്ടത്തോടെ തിരിച്ചു വന്നു തുടങ്ങിയിരിക്കുകയാണ്. സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമാവുന്നതിന് മുൻപേ കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചാണ് അന്യസംസ്ഥാന തൊഴിലാളികളെ സംസ്ഥാനം കയറ്റിവിട്ടത്.

എന്നാൽ കേരളം ഇന്ന് രൂക്ഷമായ കൊവിഡ് വ്യാപനത്തെ നേരിട്ട് കൊണ്ടിരിക്കെ ആയിരക്കണക്കിന് അന്യസംസ്ഥാന തൊഴിലാളികളാണ് തിരികെ വരുന്നത്. കയറ്റി വിട്ടപ്പോൾ സംസ്ഥാന സർക്കാർ സ്വീകരിച്ച മുൻകരുതലുകളൊന്നും അവർ തിരികെ വരുമ്പോൾ കാണാനാവുന്നില്ല. തീവണ്ടികളിൽ കയറ്റി വിട്ട ഉദ്യോഗസ്ഥരെ ഇവർ തിരികെ വന്നപ്പോൾ കാണാനില്ലെന്നതാണ് സത്യം. റെയിൽവേ സ്റ്റേഷനുകളിൽ ഇവരുടെ വിവരങ്ങൾ ആരോഗ്യപ്രവർത്തകർ ശേഖരിക്കുന്നുണ്ടെങ്കിലും പുറത്തേക്കിറങ്ങിയാൽ പിന്നെ ഇവർ എവിടേയ്ക്ക് പോകുന്നു എന്ന് ആർക്കും അറിയാനാവുന്നില്ല.

migrant-workers

ഗ്രാമങ്ങളിലേക്ക് പോകുന്ന ഇവർ കോവിഡ് വാഹകരാകാനുള്ള സാദ്ധ്യതകൾ ഏറെയാണ്. ആലുവയും പരിസര പ്രദേശങ്ങളുമാണ് ഏറെയും ഇവർ തമ്പടിക്കുന്നത്. എറണാകുളത്തുനിന്നും കിഴക്കൻ മേഖലയിലേക്കാണ് ഇവർ യാത്ര ചെയ്യുന്നത്. പൊതു ഗതാഗത സംവിധാനങ്ങളെ ആശ്രയിക്കുന്ന ഇവർ യാതൊരു മുൻകരുതലും സ്വീകരിക്കാത്തത് മലയാളികൾക്കും ഭീഷണിയാവുകയാണ്. ബംഗാളിൽ നിന്നും ആസാമിൽ നിന്നുമാണ് ഇവർ ഇപ്പോൾ കൂട്ടത്തോടെ മടങ്ങിവരുന്നത്.