covid

വാഷിംഗ്ടൺ: അമേരിക്കയിൽ കൊവിഡ് വ്യാപനം അതിരൂക്ഷമാകുന്നു. കൊവിഡ് വ്യാപനത്തിലും മരണത്തിലും ലോകത്ത് ഒന്നാമതാണ് അമേരിക്ക. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് ഒന്നരലക്ഷത്തോളം (1,45,000 ) കേസുകൾ റിപ്പോർട്ട് ചെയ്തെന്നാണ് വിവരം.

മരണത്തിലും വർദ്ധനവുണ്ട്. ഇന്നലെ മാത്രം അമേരിക്കയിൽ 1,535 കൊവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്തു. ഒരു ഇടവേളയ്ക്ക് ശേഷമാണ് രാജ്യത്ത് ഇത്രയധികം മരണം റിപ്പോർട്ട് ചെയ്യുന്നത്.രോഗികളുടെ എണ്ണം അനിയന്ത്രിതമായി ഉയർന്നതോടെ ആശുപത്രികൾ നിറഞ്ഞുകവിയുകയാണ്. പ്രതിദിനം ഏകദേശം 1,661 ഓളം പേരെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ആദ്യമായി കൊവിഡ് മൂലം ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നവരുടെ എണ്ണം 60,000 കടന്നു. 61,694 പേരാണ് രാജ്യത്ത് ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നത്. തണുത്ത കാലാവസ്ഥ തുടരുന്നതിനാലാണ് രാജ്യത്ത് കൊവിഡ് വ്യാപനം വർദ്ധിക്കുന്നത്. ഇതിനാൽ, ജനങ്ങൾ കഴിവതും വീടിനുള്ളിൽ തന്നെ തുടരുകയാണ്.

ആഗസ്റ്റിന് ശേഷം ഇതാദ്യമായാണ് ഇത്രയധികം കൊവിഡ് കേസുകൾ രാജ്യത്ത് റിപ്പോർട്ട് ചെയ്യുന്നത്. കഴിഞ്ഞയാഴ്ച അഞ്ച് ദിവസങ്ങളിൽ തുടർച്ചയായി ആയിരത്തിലധികം കൊവിഡ് മരണങ്ങൾ രാജ്യത്ത് റിപ്പോർട്ട് ചെയ്തിരുന്നു. ഈ വർഷം അവസാനത്തോടെ പ്രതിദിന രോഗികളുടെ എണ്ണം 10 ലക്ഷമായി ഉയർന്നേക്കാമെന്ന് വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകിയിരുന്നു.

അമേരിക്കയിൽ ആകെ, 10,708,728 രോഗികളാണുള്ളത്. ഇതുവരെ 247,398 പേർ മരിച്ചു. 6,648,705 പേർ രോഗവിമുക്തരായി.

.