pubg

ചൈനീസ് ആപ്പുകളുടെ നിരോധനത്തോടെ ഇന്ത്യയിൽ നിന്നും പുറത്തായ പബ്‌ജി സ്‌മാർട്ഫോൺ പതിപ്പ് ഇപ്പോൾ തിരിച്ചുവരികയാണ്. കൊറിയൻ കമ്പനിയായ പബ്‌ജി കോർപറേഷന്റെതാണ് ബാ‌റ്റിൽ റോയൽ ഗെയിമായ ബബ്‌ജിയെങ്കിലും ഇതിന്റെ മൊബൈൽ വേർഷൻ വികസിപ്പിച്ചത് ചൈനീസ് കമ്പനിയായതിനാലായിരുന്നു രാജ്യത്ത് നിരോധിച്ചത്. ഇപ്പോഴിതാ ഇന്ത്യയ്‌ക്കായുള‌ള 'പബ്‌ജി മൊബൈൽ ഇന്ത്യ' പുറത്തിറക്കുകയാണ് കമ്പനി.

ഇന്ത്യയിലെ ഉപഭോക്താക്കൾക്ക് വേണ്ടിത്തന്നെ തയ്യാറാക്കിയതാണ് ഈ പതിപ്പെന്ന് പബ്‌ജി കോർപറേഷൻ അറിയിച്ചു. കഥാപാത്രങ്ങൾക്കുള‌ള മാ‌റ്റങ്ങൾ ഉൾപ്പടെയാണിത്. കേന്ദ്ര സർക്കാരിന്റെ ആവശ്യപ്രകാരമാണ് പുതിയ പതിപ്പെന്ന് പബ്‌ജി കോർപറേഷൻ അറിയിച്ചു. പബ്‌ജി കോർപറേഷന്റെ സ്ഥാപക കമ്പനി ക്രാഫ്‌റ്റൺ ഈയിടെ മൈക്രോസോഫ്‌റ്റുമായി ഉപഭോക്താക്കളുടെ ഡാ‌റ്റ സംഭരണത്തിന് കരാറായിരുന്നു. ഗെയിമിൽ പങ്കെടുക്കുന്നവരുടെ ഡാ‌റ്റ ഇന്ത്യയിൽ തന്നെ നിലവിലുള‌ളയിടത്ത് സൂക്ഷിക്കണം എന്ന ആവശ്യപ്രകാരം മൈക്രോസോഫ്‌റ്റുമായി സഹകരിക്കുന്ന അസ്യൂർ ക്ളൗഡിൽ സൂക്ഷിക്കും.

രാജ്യത്തെ കൗമാരക്കാർക്കിടയിൽ പബ്‌ജി വളരെ മോശമായ രീതിയിൽ സ്വാധീനം ചെലുത്തുന്നു എന്നതും നിരോധനത്തിന് കാരണമായി. കുട്ടികളുടെ ആരോഗ്യം മോശമാകാനും ഗെയിം കാരണമാകുന്നു എന്ന് ആരോപണമുണ്ടായിരുന്നു. ഈ പ്രശ്‌നങ്ങൾ പരിഹരിച്ചെന്ന് മാത്രമല്ല ഇ സ്‌പോർട്‌സ്, ബിസിനസ്,ഗെയിം വികസനം എന്നിവയുമായി ബന്ധപ്പെട്ട് നൂറുപേർക്ക് ജോലി നൽകാനും കമ്പനി തയ്യാറായിരിക്കയാണ്. ഇതിന് പുറമേ നൂറ് മില്യൺ ഡോളറിന്റെ നിക്ഷേപവും ഗെയിം വികസനത്തിന് കമ്പനി നടത്തും.