election-

കൊല്ലം : തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതോടെ കേരളം തിരഞ്ഞെടുപ്പ് ചൂടിലേക്ക് കടന്നിരിക്കുകയാണ്. നാലുപേർ കൂടിയാൽ കൊവിഡിനെ കുറിച്ച് ചർച്ച ചെയ്യുന്നത് മാറി രാഷ്ട്രീയ വിഷയങ്ങൾ ഇടം പിടിച്ചിരിക്കുകയാണിപ്പോൾ. തദ്ദേശ തിരഞ്ഞെടുപ്പിലെ രസകരമായ ചില സംഭവങ്ങളും സമൂഹ മാദ്ധ്യമങ്ങളിലൂടെയും മറ്റും ഇപ്പോൾ പ്രചരിക്കുന്നുണ്ട്. അത്തരത്തിൽ ഒന്നാണ് കൊല്ലം ജില്ലയിലെ ഇടമുളയ്ക്കൽ പഞ്ചായത്തിലെ പനച്ചിവിളയ്ക്ക് പറയാനുള്ളത്. ഈ പഞ്ചായത്തിലെ ഏഴാം വാർഡിലെ സ്ഥാനാർത്ഥികൾക്കാണ് ഒരു പ്രത്യേകതയുള്ളത്. സി പി എം, ബി ജെ പി സ്ഥാനാർത്ഥികളായ ബിനുരാജിനും സുധർമ്മ ദേവരാജുമാണവർ, ഇരുവരും രാഷ്ട്രീയ ഗോദയിൽ എതിരാളികളാണെങ്കിലും ഇരു സ്ഥാനാർത്ഥികളും വോട്ട് തേടി ദിവസവും ഒരേ വീട്ടിൽ നിന്നുമാണ് ഇറങ്ങുന്നത്. ഇവർ തമ്മിലൊരു ബന്ധവുമുണ്ട് അമ്മയും മകനും എന്ന രക്തബന്ധം.

രാഷ്ട്രീയമായി ഇരുവരോടും ചോദിച്ചാൽ തിരഞ്ഞെടുപ്പിൽ മകനെ എപ്പോൾ തോൽപ്പിച്ചെന്ന് ചോദിച്ചാൽ മതിയെന്നാണ് അമ്മയുടെ പക്ഷം. എന്നാൽ അമ്മയായത് കൊണ്ടാവും, ഒരു മയത്തിലേ ബിനുരാജ് ഈ ചോദ്യത്തിന് ഉത്തരം നൽകുകയുള്ളു. അമ്മയോടല്ല അമ്മയുടെ രാഷ്ട്രീയത്തോടാണ് മൽസരിക്കുന്നതെന്നാണ് ബിനുരാജിന്റെ സൈക്കോളജിക്കലായിട്ടുള്ള മറുപടി. എന്നും അമ്മയുണ്ടാക്കിയ ഭക്ഷണവും കഴിച്ചാണ് ബിനുരാജ് വീട്ടിൽ നിന്നും ഇറങ്ങുന്നത്, അമ്മയായ സുധർമ്മയാകട്ടെ മകൻ ഇസ്തിരിയിട്ട് തേച്ച് നൽകുന്ന സാരിയും ധരിച്ച്.