covid

വാഷിംഗ്ടൺ: ഹോട്ടലുകൾ, റസ്റ്രറന്റുകൾ, ജിമ്മുകൾ എന്നിവ തുറക്കുന്നത് കൊവിഡ് വ്യാപനം പാരമ്യത്തിൽ എത്തിക്കുമെന്ന് പഠനം. വിവിധ സ്ഥലങ്ങളിൽ കൊവിഡിന്റെ അപകടസാദ്ധ്യത മനസിലാക്കാൻ 98 ദശലക്ഷം ആളുകളിൽ നിന്നുള്ള മൊബൈൽ ഫോൺ ഡാറ്റ ഉപയോഗിച്ചാണ് സ്റ്റാൻഫോർഡ് സർവകലാശാലയിലെയും നോർത്ത് വെസ്‌റ്റേൺ യൂണിവേഴ്‌സിറ്റിയിലെയും ഗവേഷകർ അമേരിക്കയിലെമ്പാടുമുള്ള നഗരങ്ങളിൽ നിന്ന് മാർച്ച് മുതൽ മെയ് വരെ ശേഖരിച്ച വിവരങ്ങൾ അടിസ്ഥാനപ്പെടുത്തി പഠനറിപ്പോർട്ട് തയ്യാറാക്കിയത്. പഠനറിപ്പോർട്ട് നേച്ചർ ജേണലിൽ ഇക്കഴിഞ്ഞ ചൊവ്വാഴ്ച പ്രസിദ്ധീകരിച്ചു.

ആളുകൾ എവിടേക്കാണ് പോയത്, എത്രനാൾ താമസിച്ചു, അവിടെ എത്ര പേർ ഉണ്ടായിരുന്നു, എവിടെ നിന്നാണ് സന്ദർശിക്കുന്നത് എന്നീ കാര്യങ്ങളെല്ലാം പരിശോധിച്ചു.

കൊവിഡ് കേസുകളുടെ എണ്ണം, വൈറസ് എങ്ങനെ പടരുന്നു എന്നീ വിവരങ്ങൾ പ്രസ്തുത വിവരങ്ങൾ സംയോജിപ്പിച്ച് അണുബാധയുടെ വ്യാപനമെങ്ങനെയെന്ന് പഠനത്തിലൂടെ കണ്ടെത്തുകയാണ് ചെയ്തത്. ചിക്കാഗോയിൽ നടത്തിയ പഠനത്തിൽ റസ്റ്ററന്റുകൾ പൂർണശേഷിയിൽ തുറക്കുകയാണെങ്കിൽ 600,000 പുതിയ രോഗികളെ സൃഷ്ടിക്കുമെന്നും കണ്ടെത്തി.

 സമ്പൂർ‌ണ ലോക്ക്ഡൗൺ വേണ്ടെന്ന്

അതേസമയം, കൊവിഡിനെ തടയാൻ സമ്പൂർണ ലോക്ക്ഡൗൺ ആവശ്യമില്ലെന്ന് പഠനത്തിൽ പറയുന്നു.

മാസ്‌കുകൾ, സാമൂഹിക അകലം, സാനിറ്റൈസർ ഉപയോഗം എന്നിവയ്ക്കെല്ലാം രോഗവ്യാപനം തടയുന്നതിൽ പ്രധാന പങ്ക് വഹിക്കാൻ കഴിയുമെന്ന് പഠനം വ്യക്തമാക്കുന്നു. സമ്പദ്‌വ്യവസ്ഥ വീണ്ടും പുനഃരാരംഭിക്കുന്നതിന്റെ ഭാഗമായി തന്ത്രങ്ങൾ ആവിഷ്‌കരിക്കേണ്ടതുണ്ടെന്ന് സ്റ്റാൻഫോൻഡ് യൂണിവേഴ്‌സിറ്റി കമ്പ്യൂട്ടർ ശാസ്ത്രജ്ഞനും പ്രബന്ധത്തിലെ പ്രധാന കണ്ണിയുമായ ജ്യൂർ ലെസ്‌കോവെക് പറഞ്ഞു.