മുംബയ്: മഹാരാഷ്ട്രയിൽ മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള സർക്കാർ തനിയേ നിലംപതിക്കുമെന്ന് മുൻ മുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ ദേവേന്ദ്ര ഫഡ്നാവിസ്. മഹാരാഷ്ട്രയിൽ ബി.ജെ.പി അധികാരമാറ്റത്തിന് ശ്രമിക്കുന്നില്ലെന്നും എന്നാൽ സർക്കാർ താഴെ വീണാൽ സംസ്ഥാനത്ത് ബദൽ മാർഗമുണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു.
'ബീഹാർ നിയമസഭാ തിരഞ്ഞെടുപ്പ് ഫലം മഹാരാഷ്ട്രയിൽ തങ്ങളുടെ ആത്മവിശ്വാസമുയർത്തി. സംസ്ഥാനത്തെ അധികാരമാറ്റത്തെക്കുറിച്ച് ഞങ്ങൾക്ക് ഉത്കണ്ഠയില്ല. മഹാരാഷ്ട്ര സർക്കാർ ഒരു ദിവസം സ്വയം തകരും.' ഫഡ്നാവിസ് പറഞ്ഞു.
'മഹാരാഷ്ട്രയിൽ അഭൂതപൂർവമായ കാർഷിക പ്രതിസന്ധിയുണ്ട്. കർഷകർ ആശങ്കാകുലരാണ്. സർക്കാർ അവർക്ക് ധനസഹായം നൽകിയിട്ടില്ല. പ്രതിപക്ഷ പാർട്ടിയായ ഞങ്ങൾ കർഷകർക്കൊപ്പമുണ്ട്.' - അദ്ദേഹം പറഞ്ഞു.