മുംബയ് : അഡ്വാൻസ്ഡ് അക്വാസ്റ്റിക് അബ്സോർപ്ഷൻ ടെക്നിക് ഉൾപ്പെടെ മികച്ച അത്യാധുനിക സവിശേഷതകളോട് കൂടിയ ഇന്ത്യൻ നാവികസേനയുടെ അഞ്ചാമത്തെ സ്കോർപീൻ ക്ലാസ് അന്തർവാഹിനി 'ഐ എൻ എസ് വാഗിർ' നീറ്റിലിറക്കി. തെക്കൻ മുംബയിലെ മാസഗോൺ ഡോക്കിൽ നിന്നാണ് വാഗിറിനെ ഇന്ന് നീറ്റിലിറക്കിയത്. പ്രതിരോധ സഹമന്ത്രി ശ്രീപദ് നായികിന്റെ ഭാര്യ വിജയാ നായിക് വീഡിയോ കോൺഫറൻസിലൂടെയാണ് വാഗിറിന്റെ നീറ്റിലിറക്കൽ ചടങ്ങ് നിർവഹിച്ചത്. ചടങ്ങിലെ മുഖ്യാതിഥിയായിരുന്ന ശ്രീപദ് നായികും ഗോവയിൽ നിന്നും വീഡിയോ കോൺഫറൻസ് വഴി ചടങ്ങിൽ പങ്കെടുത്തു.
ഇന്ത്യ നിർമിച്ച ആറ് കൽവാരി - ക്ലാസ് അന്തർവാഹിനികളിൽ ഒന്നാണ് ഐ.എൻ.എസ് വാഗിർ. ഫ്രഞ്ച് നേവൽ ഡിഫൻസ് ആൻഡ് എനർജി കമ്പനിയായ ഡി.സി.എൻ.എസ് രൂപകല്പന ചെയ്ത കൽവാരി ക്ലാസ് അന്തർവാഹിനികൾ ഇന്ത്യൻ നാവിക സേനയുടെ പ്രോജക്ട് - 75ന്റെ ഭാഗമായാണ് നിർമിക്കുന്നത്. ഉപരിതല വിരുദ്ധ യുദ്ധം, അന്തർവാഹിനി വിരുദ്ധ യുദ്ധം, രഹസ്യാന്വേഷണ ശേഖരണം, സമുദ്രത്തിനടയിൽ മൈനുകളിടുക, പ്രദേശ നിരീക്ഷണം തുടങ്ങിയ ദൗത്യങ്ങൾ ഏറ്റെടുക്കാൻ കഴിവുള്ളവയാണ് ഈ അന്തർവാഹിനികൾ.
ഇന്ത്യൻ മഹാസമുദ്രത്തിന്റെ ആഴങ്ങളിൽ കണ്ടുവരുന്ന ആക്രമണകാരിയായ സാൻഡ് ഫിഷിൽ നിന്നുമാണ് വാഗിറിന് ഈ പേര് ലഭിച്ചത്. 1973 ഡിസംബർ 3നാണ് റഷ്യയിൽ നിന്നുള്ള ആദ്യ വാഗിർ അന്തർവാഹിനി ഇന്ത്യൻ നാവികസേന കമ്മിഷൻ ചെയ്തത്. മൂന്ന് ദശാബ്ദം രാജ്യത്തിന് വേണ്ടി സേവിച്ച ആദ്യത്തെ വാഗിർ 2001 ജൂൺ 7നാണ് ഡികമ്മിഷൻ ചെയ്തത്.
അത്യാധുനിക സാങ്കേതിക വിദ്യകളായ അഡ്വാൻസ്ഡ് അക്ക്വസ്റ്റിക് അബ്സോർപ്ഷൻ ടെക്നിക്സിന് പുറമേ ലോ റേഡിയേറ്റഡ് നോയിസ് ലെവൽസ്, ഹൈഡ്രോ - ഡൈനാമിക്കലി ഒപ്ടിമൈസ്ഡ് ഷെയ്പ് തുടങ്ങിയവയും ശത്രുവിനെ കൃത്യമായി ആക്രമിക്കാനുള്ള കഴിവും വാഗിറിന് മികച്ച സ്റ്റെൽത്ത് സവിശേഷതകൾ ഉറപ്പാക്കുന്നതായി നിർമാണ ചുമതല നിർവഹിച്ച മാസഗോൺ ഡോക്ക് ഷിപ്പ് ബിൽഡേഴ്സ് ലിമിറ്റഡ് അധികൃതർ പറഞ്ഞു.
ടോർപിഡോകളോ ആന്റി - ഷിപ്പ് മിസൈലുകളോ ഉപയോഗിച്ച് സമുദ്രത്തിനടിയിലും ഉപരിതലത്തിലും ആക്രമണങ്ങൾ നടത്താൻ വാഗിറിന് കഴിയും. ഏതൊരു ആധുനിക അന്തർവാഹിനിയോടും ഏറ്റുമുട്ടാൻ വാഗിറിന് ശേഷിയുണ്ട്. വാഗിറിന്റെ വരവോടെ ഇന്ത്യ അന്തർവാഹിനി നിർമാണ മേഖലയിൽ നിർണായകമായ സ്ഥാനം ഉറപ്പിച്ചിരിക്കുകയാണ്.
പ്രോജക്ട് 75 ന്റെ ഭാഗമായുള്ള കൽവാരി, ഖണ്ടേരി എന്നീ രണ്ട് അന്തർവാഹിനികൾ ഇന്ത്യൻ നാവികസേനയിൽ പ്രവർത്തിക്കുന്നുണ്ട്. ഈ പരമ്പരയിലെ മൂന്നാമത്തെ അന്തർവാഹിനിയായ കരഞ്ജ് കടലിലെ പരീക്ഷണങ്ങളുടെ അവസാനഘട്ടത്തിലാണ്. നാലാമത്തെ അന്തർവാഹിനിയായ വേലയും പരീക്ഷണങ്ങൾ തുടങ്ങി. അതേ സമയം, ആറാമത്തെയും അവസാനത്തെയും അന്തർവാഹിനിയായ വാഗ്ഷീർ നിർമാണഘട്ടത്തിലാണ്.