വാഷിംഗ്ടൺ: കൊവിഡ് വാക്സിൻ 90 ശതമാനവും ഫലപ്രദമാണെന്ന് അവകാശപ്പെട്ട ഫൈസർ കമ്പനിയുടെ 5.56 ദശലക്ഷം ഡോളർ വില വരുന്ന ഓഹരികൾ ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ ആൽബർട്ട് ബർല വിറ്റതായി റിപ്പോർട്ട്. കൊവിഡ് വാക്സിൻ പരീക്ഷണത്തിന് അനുകൂല ഫലം ലഭിച്ച അതേ ദിവസം തന്നെയാണ് ഓഹരികളും വിറ്റതെന്നാണ് വിവരം. സെക്യൂരിറ്റീസ് ആൻഡ് എക്സ്‌ചേഞ്ച് കമ്മിഷൻ ഫയലിംഗ് പ്രകാരം ഒരു ഒാഹരിക്ക് 41.84 ഡോളർ വീതം വിലയിട്ട് 1,32,508 ഓഹരികൾ വിറ്റെന്നാണ് റിപ്പോർട്ട്. ആഗസ്റ്റ് 19ന് ബർല അംഗീകരിച്ച്, മുൻകൂട്ടി പ്രഖ്യാപിച്ച വ്യാപാര പദ്ധതിയുടെ ഭാഗമായാണ് വില്പനയെന്ന് കമ്പനി വൃത്തങ്ങൾ ബുധനാഴ്ച അറിയിച്ചു.
ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ് ജർമ്മൻ പാർട്ണറായ ബയോൻടെക്കുമായി ചേർന്ന് നിർമ്മിച്ച 'ബി.എൻ.ടി162 ബി 2" എന്ന കൊവിഡ് വാക്സിൻ 90 ശതമാനവും ഫലപ്രദമാണെന്നും സുരക്ഷിതമാണെന്നും പരീക്ഷണങ്ങളിൽ തെളിഞ്ഞെന്ന് ഫൈസർ അറിയിച്ചത്.