കൊച്ചി: എൻഫോഴ്‌സ്‌മെന്റ് കസ്‌റ്റഡി കാലാവധി അവസാനിച്ചതിനെ തുടർന്ന് കോടതിയിൽ ഹാജരാക്കിയ ശിവശങ്കരനെ കോടതി ഈ മാസം 26 വരെ ജുഡീഷ്യൽ കസ്‌റ്റഡിയിൽ വിട്ടു. ശിവശങ്കറിന്റെ ജാമ്യാപേക്ഷയിൽ വിശദമായ വാദം കേട്ട കോടതി വിധി പറയാനായി ചൊവ്വാഴ്‌ചത്തേക്ക് മാറ്റി.
മുൻപ് സ്വപ്‌നയ്ക്ക് കളളക്കടത്തിലൂടെ ലഭിച്ച പണം ഒളിപ്പിക്കാൻ ശിവശങ്കർ സഹായിച്ചെന്നും അതിനാണ് ബാങ്ക് ലോക്കർ തുറന്നതെന്നും കോടതിയിലെ വാദത്തിൽ ഇ.ഡി അഭിഭാഷകൻ പറഞ്ഞിരുന്നു. ദുബായ് ഭരണാധികാരി 64 ലക്ഷം രൂപ സ്വപ്‌നയ്‌ക്ക് നൽകി എന്ന വാദം കളവാണ്. ലോക്കർ തുറന്നത് ശിവശങ്കർ പറഞ്ഞിട്ടാണെന്ന് സുഹൃത്തായ ചാർട്ടേഡ് അക്കൗണ്ടന്റ് വേണുഗോപാൽ മൊഴി നൽകിയ വിവരവും കോടതിയിൽ ഇ.ഡി അറിയിച്ചു. ഉന്നത സ്വാധീനമുളള വ്യക്തിയായ ശിവശങ്കർ ജാമ്യത്തിലിറങ്ങിയാൽ തെളിവുകൾ നശിപ്പിക്കുമെന്ന് കോടതിയിൽ ഇ.ഡി അഭിഭാഷകൻ വാദിച്ചു.
എന്നാൽ ശിവശങ്കറിന് എല്ലാ ഇടപാടുകളെ കുറിച്ചും അറിയാമായിരുന്നു എന്ന സ്വപ്‌നയുടെ മൊഴിയെ ശിവശങ്കറിന്റെ അഭിഭാഷകൻ എതിർത്തു. മാസങ്ങളോളമായി കസ്‌റ്റഡിയിലുളള സ്വപ്‌ന സമ്മർദ്ദത്തെ തുടർന്നാണ് ഇത്തരത്തിൽ മൊഴി നൽകിയതെന്ന് അഭിഭാഷകൻ വാദിച്ചു. ലോക്കറിൽ അനധികൃത വരുമാനം സൂക്ഷിക്കാം എന്ന് ശിവശങ്കരൻ നിർദ്ദേശിച്ചത് സ്വപ്‌നയുടെ മൊഴി മാത്രമാണെന്ന അഭിഭാഷകന്റെ വാദത്തെ പക്ഷെ കോടതി തളളി. ഇ.ഡിയുടെ ലക്ഷ്യം മുഖ്യമന്ത്രിയുടെ ഓഫീസാണെന്ന് ശിവശങ്കറിന്റ അഭിഭാഷകൻ വാദിച്ചു.