kunal-kamra

മുംബയ്: അർണബ് ഗോസാമിക്ക് സുപ്രീംകോടതി ജാമ്യം അനുവദിച്ചതിനെ പരിഹസിച്ച് ട്വീറ്റ് ചെയ്ത ഹാസ്യാവതാരകൻ കുനാൽ കമ്രയ്ക്കെതിരെ കോടതിയലക്ഷ്യ നടപടിയെടുക്കാൻ അറ്റോർണി ജനറൽ കെ.കെ. വേണുഗോപാൽ അനുമതി നൽകി.

'കുനാൽ കമ്ര സുപ്രീംകോടതിക്കെതിരെ കടുത്ത ആക്ഷേപമാണ് ഉന്നയിച്ചതെന്നും' വേണുഗോപാൽ ചൂണ്ടിക്കാട്ടി.

ആത്മഹത്യാപ്രേരണക്കേസിൽ അർണബിന് സുപ്രീംകോടതി ഇടക്കാലജാമ്യം അനുവദിച്ചതിന് പിന്നാലെയുള്ള കുനാൽ കമ്രയുടെ ഏതാനും ട്വീറ്റുകൾക്കെതിരെ മുംബയിലെ അഭിഭാഷകനായ റിസ്വം സിദ്ദിഖിയാണ് പരാതി നൽകിയത്.

സുപ്രീംകോടതിയാണ് രാജ്യത്തെ ഏറ്റവും വലിയ തമാശയെന്ന് ട്വീറ്റ് ചെയ്തതിന് പിന്നാലെ കാവിനിറമണിഞ്ഞ സുപ്രീംകോടതിയുടെ ചിത്രവും കുനാൽ പോസ്റ്റ് ചെയ്തിരുന്നു.
'വിമാനത്തിൽ ഫാസ്റ്റ് ട്രാക്കിലൂടെ ആദ്യമെത്തിയ ഫസ്റ്റ് ക്ലാസ് യാത്രികർക്ക് ഷാംപെയ്ൻ വിളമ്പുകയാണ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഢ്, സാധാരണക്കാർക്ക് എന്നെങ്കിലും അകത്ത് സീറ്റ് കിട്ടുമോ എന്ന് പോലും അറിയാത്ത സാഹചര്യമാണ്' എന്നും കാട്ടി കമ്ര ട്വീറ്റ് ചെയ്തിരുന്നു. സുപ്രീംകോടതിയെ ഇകഴ്ത്തിക്കാട്ടാനുള്ള മനഃപൂർവമായ ശ്രമമാണിതെന്ന് പരാതിക്കാരൻ ആരോപിച്ചു.