r

എ .ഐ .സി.സി.ജനറൽ സെക്രട്ടറി കെ.സി വേണുഗോപാലിന്റെ മാതാവ് കെ.സി.ജാനകിയമ്മയുടെ വിയോഗത്തിൽ അനുശോചനമറിയിക്കാൻ രാഹുൽ ഗാന്ധി പയ്യന്നൂർ കണ്ടോന്താറിലെ വീട്ടിലെത്തിയപ്പോൾ.

പയ്യന്നൂർ: എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാലിന്റെ മാതാവ് കെ.സി.ജാനകിയുടെ വിയോഗത്തിൽ നേരിട്ട് അനുശോചനമറിയിക്കാൻ കോ​ൺ​ഗ്ര​സ് നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി ഇന്നലെ പയ്യന്നൂർ കടന്നപ്പള്ളി കണ്ടോന്താറിലെ വീട്ടിലെത്തി. ബുധനാഴ്ച കോൺഗ്രസ് പ്രസിഡന്റ് സോണിയാഗാന്ധി അനുശോചന സന്ദേശമയച്ചതിന് പിന്നാലെയാണിത്.

രാവിലെ 10ന്​ പ്രത്യേക വിമാനത്തിൽ കണ്ണൂർ അന്താരാഷ്​ട്ര വിമാനത്താവളത്തിൽ ഇറങ്ങിയ അദ്ദേഹം കണ്ണൂർ ഗ​സ്റ്റ്

ഹൗ​സി​ൽ അല്പനേരം വി​ശ്ര​മി​ച്ച​ശേ​ഷം കാർ മാർഗമാണ് കണ്ടോന്താറിലെത്തിയത്. പതിനൊന്ന്‌ മണിയോടെ എത്തിയ രാഹുൽ ഗാന്ധി വേണുഗോപാലിനെയും കുടുംബാംഗങ്ങളെയും ആശ്വസിപ്പിച്ചു. ജാനകിഅമ്മയുടെ ചിത്രത്തിന് മുന്നിൽ പുഷ്പങ്ങൾ അർപ്പിച്ചു. അര മണിക്കൂറിലേറെ അവിടെ ചെലവിട്ടശേഷം മടങ്ങി.

വിമാനത്താവളത്തിൽ കെ.സുധാകരൻ എം.പി, സണ്ണി ജോസഫ് എം.എൽ.എ, ഡി.സി.സി പ്രസിഡന്റ് സതീശൻ പാച്ചേനി തുടങ്ങിയവർ രാഹുൽ ഗാന്ധിയെ സ്വീകരിച്ചു. രാവിലെ മുതൽ കണ്ടോന്താറും പരിസരവും വൻ സുരക്ഷാവലയത്തിലായിരുന്നു. മുൻമന്ത്രി ഡോ.എം.കെ.മുനീർ, എം.എൽ.എമാരായ പി.സി.വിഷ്ണുനാഥ്, ശബരീനാഥ് കെ.പി.സി.സി.സെക്രട്ടറി മാത്യു കുഴൽനാടൻ, യൂത്ത് കോൺഗ്രസ് അഖിലേന്ത്യാ പ്രസിഡന്റ് ശ്രീനിവാസ്ജി, ഡി.സി.സി പ്രസിഡന്റ് സതീശൻ പാച്ചേനി തുടങ്ങിയവരും ഇന്നലെ എത്തിയിരുന്നു.

കർണാടക പി.സി.സി പ്രസിഡന്റ് ഡി.കെ.ശിവകുമാർ, സി.പി.എം കേന്ദ്ര കമ്മിറ്റി അംഗവും മുൻമന്ത്രിയുമായ പി.കെ.ശ്രീമതി തുടങ്ങിയവർ ബുധനാഴ്ച വീട്ടിലെത്തി അനുശോചനമറിയിച്ചിരുന്നു. ബുധനാഴ്ച പുലർച്ചെയാണ് ജാനകിഅമ്മ മരിച്ചത്.