ക്ലൗഡ് സ്‌റ്റോറേജ് സൗജന്യ സേവനം അവസാനിപ്പിക്കാനൊരുങ്ങി ഗൂഗിൾ ഫോട്ടോസ്. 15 ജിബിയ്ക്ക് മുകളിലുള്ള സ്‌റ്റോറേജിന് ഇനി മുതൽ പണം നൽകണം. 2021 ജൂൺ ഒന്ന് മുതലാണ് പുതിയ പരിഷ്കാരം നിലവിൽ വരിക.
15 ജി.ബിയ്ക്ക് മുകളിലേക്ക് സ്‌റ്റോറേജ് സ്പേസ് കിട്ടാൻ ഗൂഗിൾ വൺ വഴി സബ്സ്ക്രൈബ് ചെയ്ത് പ്രതിമാസം പണം നൽകണം. 100 ജി ബി അധികം ലഭിക്കാൻ പ്രതിമാസം 130 രൂപയാണ് നിരക്ക്. ഒരു വർഷത്തേക്ക് സബ്സ്ക്രൈബ് ചെയ്യാൻ 1300 രൂപയും നൽകണം.
200 ജി ബിയാണ് അധികം വേണ്ടതെങ്കിൽ മാസം 210 രൂപയും വർഷം 2,100 രൂപയും നൽകണം. രണ്ട് ടി.ബിയ്ക്ക് മാസം 650 രൂപ നൽകണം. ഒരു വർഷത്തേക്ക് ഇത് 6,500 രൂപയാണ്.
ആൻഡ്രോയിഡ് ഉപഭോക്താക്കൾ തങ്ങളുടെ ഫോട്ടോകളും വീഡിയോകളും മറ്റും സുരക്ഷിതമായി സൂക്ഷിച്ചുവയ്ക്കാൻ ഉപയോഗിക്കുന്ന ജനപ്രിയ ആപ്പാണ് ഗൂഗിൾ ഫോട്ടോസ്. ചിത്രങ്ങൾ എഡിറ്റ് ചെയ്യാനടക്കം ഗൂഗിൾ ഫോട്ടോസ് ഉപയോഗിച്ചിരുന്നു.
ജിമെയിലിലും ഗൂഗിൾ ക്ലൗഡിലും സൂക്ഷിച്ചിരിക്കുന്ന വിവരങ്ങൾ രണ്ട് വർഷമായി ആക്ടീവല്ലെങ്കിൽ നീക്കം ചെയ്യപ്പെടുമെന്നും ഗൂഗിൾ അറിയിച്ചിട്ടുണ്ട്. ഇവ നീക്കം ചെയ്യുന്നതിന് മുമ്പ് ഗൂഗിൾ അറിയിപ്പ് നൽകുന്നത് പ്രകാരം നിശ്ചിത സമയത്തിനുള്ളിൽ അക്കൗണ്ട് സന്ദർശിക്കാത്ത പക്ഷം വിവരങ്ങൾ അപ്രത്യക്ഷമാകും.