കോട്ടയം: വെള്ളൂരിലെ കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാൻ ന്യൂസ്‌പ്രിന്റിനെ കിൻഫ്രയ്ക്ക് കൈമാറുന്നത് സംബന്ധിച്ച് നടന്ന ചർച്ച പരാജയപ്പെട്ടു. എച്ച്.എൻ.എല്ലിന്റെ ബാദ്ധ്യത തീർക്കാനും മൂലധനവുമടക്കം 278 കോടി രൂപയ്ക്ക് ഏറ്റെടുക്കാമെന്ന് കിൻഫ്ര വ്യക്തമാക്കിയെങ്കിലും 400 കോടി രൂപ വേണമെന്ന് ക്രെഡിറ്റേഴ്‌സ് കമ്മിറ്റി ആവശ്യപ്പെട്ടതാണ് തിരിച്ചടിയായത്.
400 കോടി രൂപയുടെ മൂല്യം ഇപ്പോൾ എച്ച്.എൻ.എല്ലിന് ഇല്ലെന്ന് കേരളത്തെ പ്രതിനിധീകരിച്ച കിൻഫ്ര, റിയാബ് അധികൃതർ പറഞ്ഞു. എന്നാൽ, പലിശയടക്കം 400 കോടി രൂപ വേണമെന്ന് ബാങ്കുകൾ ശഠിച്ചതോടെ ചർച്ച തീരുമാനമാകാതെ പിരിഞ്ഞു. എച്ച്.എൻ.എല്ലിനെ ഏറ്റെടുക്കാനുള്ള കിൻഫ്രയുടെ നീക്കം ഇതോടെ നീളുമെന്ന് ഉറപ്പായി.
എച്ച്.എൻ.എല്ലിനെ വിറ്റൊഴിയാനായി സംഘടിപ്പിച്ച ലേലത്തിൽ 460 കോടി രൂപയാണ് കേന്ദ്രം ആദ്യം ആവശ്യപ്പെട്ടത്. പിന്നീടിത് കുറയ്ക്കുകയായിരുന്നു.
കേന്ദ്ര സർക്കാരിനു വേണ്ടി കുമാർ രാജൻ, കേരളത്തിനായി വ്യവസായ വകുപ്പ് സെക്രട്ടറി എ.പി.എം മുഹമ്മദ് ഹനീഷ്, റിയാബ് ചെയർമാൻ എൻ. ശശിധരൻ തുടങ്ങിയവരാണ് ചർച്ചയിൽ സംബന്ധിച്ചത്.