ariel

വെല്ലിംഗ്ടൺ: പരിഹാസങ്ങളും കുത്തുവാക്കുകളും ഏറെ നേരിടേണ്ടി വന്നിട്ടുണ്ടെങ്കിലും ഏരിയൽ തളർന്നില്ല. ജീവിതത്തോട് പൊരുതി അവൾ നേടിയത് ഈ വർഷത്തെ മിസ് ഇന്റർകോണ്ടിനെന്റൽ ന്യൂസിലൻഡ് പട്ടമാണ്. ലിംഗമാറ്റ ശസ്ത്രക്രിയയ്ക്കുശേഷം മിസ് ന്യൂസിലാൻഡ് മത്സരത്തിൽ പങ്കെടുക്കുന്ന ആദ്യ ട്രാൻസ്ജൻഡർ യുവതിയാണ് 26കാരിയും ഫിലിപ്പൈൻസ് സ്വദേശിയുമായ ഏരിയൽ കൈൽ.

ഫാഷൻ ഡിസൈനിംഗ് ബിരുദ വിദ്യാർത്ഥിനിയാണ് ഏരിയൽ. മിസ് ന്യൂസിലാൻഡ് 2020 ആകുന്നതിനു വേണ്ടിയുള്ള മത്സരം തന്റെ ജീവിതത്തിലെ മറക്കാനാവാത്ത അനുഭവമാണെന്ന് ഏരിയൽ പറയുന്നു. ദീർഘകാലമായി സ്വപ്നം കണ്ടിരുന്നത് പോലെ ജീവിക്കാൻ സാധിക്കുന്നതിന്റെ സന്തോഷവും ഏരിയൽ പങ്കുവയ്ക്കുന്നു.

2018 എയ്ഞ്ചലാ മരിയ എന്ന ട്രാൻസ്ജെൻഡർ യുവതി മിസ് സ്പെയിനായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ഇവർ, പിന്നീട് ലോകസുന്ദരി മത്സരത്തിൽ പങ്കെടുക്കുകയും ചെയ്തിരുന്നു.

 അതിജീവനത്തിന്റെ കഥ

ആൻഡ്രൂ എന്നായിരുന്നു ഏരിയലിന്റെ പഴയ പേര്. തുടക്കത്തിൽ ആശങ്കകൾ ഏറെയുണ്ടായിരുന്നെങ്കിലും ഒടുവിൽ തന്റെയുള്ളിലുള്ള സ്ത്രീത്വത്തെ വെളിയിൽ കൊണ്ടുവരാൻ ഏരിയൽ തീരുമാനിച്ചു.

2017ലാണ് ശാരീരികമായ മാറ്റങ്ങൾക്കായി ഏരിയൽ ശ്രമങ്ങൾ തുടങ്ങിയത്. ഹോർമോൺ ചികിത്സ നടത്തുന്നുണ്ടെന്ന് എന്ന് വീട്ടിൽ അറിഞ്ഞതോടെ, ഒന്നെങ്കിൽ ചികിത്സ അവസാനിപ്പിക്കുക അല്ലെങ്കിൽ വീട് വിട്ട് പോവുക എന്നിങ്ങനെ രണ്ട് ഉപാധികളായിരുന്നു ഏരിയലിന് മുന്നിലുണ്ടായിരുന്നത്. അങ്ങനെ 23ാം വയസിൽ ഏരിയൽ വീട് വിട്ടിറങ്ങി. ഈ വർഷം ആദ്യമാണ് ഏരിയൽ ശസ്ത്രക്രിയയ്ക്ക് വിധേയയായത്. ശസ്ത്രക്രിയയ്ക്ക് ശേഷം എന്റെ ജീവിതം മാറിമറിഞ്ഞു പുരുഷനായി ജീവിതകാലം മുഴുവൻ സുഖമായി കഴിയാമായിരുന്നു. എന്നാൽ, ഞാൻ ആഗ്രഹിച്ചത് എന്ത് പ്രയാസങ്ങൾ സഹിച്ചും സ്ത്രീയായി ജീവിക്കാനാണ്. ലോകം മുഴുവൻ തന്റെ ഈ തീരുമാനത്തെ എതിർത്താലും അതിൽ കുറ്റബോധമില്ല -ഏരിയൽ പറയുന്നു.

തന്നെപ്പോലെ ഉള്ളവരെയും സമൂഹം ബഹുമാനത്തോടെ കാണണമെന്ന അഭ്യർത്ഥനയാണ് ഏരിയൽ മുന്നോട്ടുവയ്ക്കുന്നത്. തങ്ങളെ സമൂഹത്തിന്റെ ഭാഗമായി കണ്ട് കരുണയും സ്നേഹവും പുലർത്തിയാൽ നിങ്ങൾക്ക് ഒന്നും നഷ്ടപ്പെടാനില്ല എന്നും ഏരിയിൽ കൂട്ടിച്ചേർത്തു.