അന്താരാഷ്ട്ര സൗഹൃദഫുട്ബാൾ മത്സരത്തിൽ പോർച്ചുഗൽ 7-0ത്തിന് അൻഡോറയെ കീഴടക്കി.
ഇറ്റലിക്കും ജർമ്മനിക്കും ജയം,സ്പെയ്നിനെ ഹോളണ്ട് സമനിലയിലാക്കി
ലോകകപ്പ് ജേതാക്കളായ ഫ്രാൻസിനെ 2-0ത്തിന് ഫിൻലാൻഡ് അട്ടിമറിച്ചു
ലിസ്ബൺ : കഴിഞ്ഞ രാത്രി നടന്ന അന്താരാഷ്ട്ര സൗഹൃദ ഫുട്ബാൾ മത്സരങ്ങളിൽ പോർച്ചുഗൽ,ജർമ്മനി,ഇറ്റലി തുടങ്ങിയ യൂറോപ്പിലെ വമ്പന്മാർ വിജയം കണ്ടപ്പോൾ നിലവിലെ ലോകകപ്പ് ജേതാക്കളായ ഫ്രാൻസിനെ മറുപടിയില്ലാത്ത രണ്ടുഗോളുകൾക്ക് ഫിൻലാൻഡ് അട്ടിമറിച്ചു. മുൻ ലോകചാമ്പ്യന്മാരായ സ്പെയ്ൻ 1-1ന് ഹോളണ്ടിനോട് സമനിലയിൽ പിരിഞ്ഞു.
സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ തന്റെ രാജ്യത്തിനായി 102-ാമത്തെ ഗോൾ കുറിച്ച മത്സരത്തിൽ മറുപടിയില്ലാത്ത ഏഴുഗോളുകൾക്കാണ് പോർച്ചുഗൽ അൻഡോറയെ അടിച്ചുവീഴ്ത്തിയത്. ആദ്യ പകുതിയിൽ രണ്ട് ഗോളുകൾ നേടിയിരുന്ന പറങ്കികൾ രണ്ടാം പകുതിയിൽ അഞ്ചുഗോളുകൾക്ക് കൂടി അവകാശികളായി. ഇതിലൊന്ന് സെൽഫ് ഗോളായിരുന്നു.
എട്ടാം മിനിട്ടിൽ പെഡ്രോ നെറ്റോയിലൂടെയാണ് പോർച്ചുഗൽ സ്കോറിംഗ് തുടങ്ങിയത്.29-ാം മിനിട്ടിൽ പൗളീഞ്ഞോ ലീഡുയർത്തി.രണ്ടാം പകുതിയിലും പൗളീഞ്ഞോ ഒരു ഗോളടിച്ചു. 56-ാം മിനിട്ടിൽ റെനാറ്റോ സാഞ്ചസ് സ്കോർ ചെയ്തു 2016 യൂറോകപ്പ് ഫൈനലിന് ശേഷമുള്ള സാഞ്ചസിന്റെ ആദ്യ ഗോളിന് വഴിയൊരുക്കിയത് പകരക്കാരനായി കളത്തിലെത്തിയ ക്രിസ്റ്റ്യാനോ ആയിരുന്നു .61-ാം മിനിട്ടിലായിരുന്നു പൗളീഞ്ഞോയുടെ രണ്ടാം ഗോൾ.76-ാം മിനിട്ടിൽ എമിലി ഗാർഷ്യ സ്വന്തം വലയിലേക്ക് പന്തടിച്ചിട്ടു. 85-ാം മിനിട്ടിലായിരുന്നു ക്രിസ്റ്റ്യാനോയുടെ ഗോൾ.മൂന്ന് മിനിട്ടിന് ശേഷം യാവോ ഫെലിക്സ് പട്ടിക പൂർത്തിയാക്കി.
മറുപടിയില്ലാത്ത നാലുഗോളുകൾക്ക് ഇറ്റലി അയൽക്കാരായ എസ്തോണിയയെയാണ് കീഴടക്കിയത്. വിൻസെൻഷ്യോ ഗ്രിഫോ രണ്ട് ഗോളുകൾ നേടിയപ്പോൾ ബർണാദേഷിയും ഒർസോലിനിയും ഓരോ ഗോളടിച്ചു. ഇറ്റലിയുടെ പരാജയമറിയാത്ത 20-മത്തെ തുടർമത്സരമായിരുന്നു ഇത്. 2018 സെപ്തംബറിന് ശേഷം നടന്ന 20 മത്സരങ്ങളിൽ 15 എണ്ണത്തിൽ ഇറ്റലി ജയിച്ചപ്പോൾ അഞ്ചെണ്ണം സമനിലയിലാക്കി. മറുപടിയില്ലാത്ത ഒരു ഗോളിനാണ് ജർമ്മനി ചെക്ക് റിപ്പബ്ളിക്കിനെ കീഴടക്കിയത്. 13-ാം മിനിട്ടിൽ വാൽറ്റ്സ്മിഷാണ് വിജയഗോൾ നേടിയത്. മറ്റൊരു മത്സരത്തിൽ പോളണ്ട് 2-0ത്തിന് ഉക്രൈനെ കീഴടക്കി.
പാരീസിലെ സ്വന്തം തട്ടകത്തിൽ നടന്ന മത്സരത്തിലാണ് ഫിൻലാൻഡിൽ നിന്ന് രണ്ട് ഗോളുകളേറ്റുവാങ്ങി ഫ്രാൻസ് നാണംകെട്ടത്.21-ാം വയസിൽ അന്താരാഷ്ട്ര അരങ്ങേറ്റം കുറിച്ച മാർക്കസ് ഫ്രോസും ഒന്നി വലച്ചറിയുമാണ് ഫിൻലാൻഡിന് വേണ്ടി ഗോളുകൾ നേടിയത്. 2019 ജൂണിന് ശേഷം ആദ്യമായാണ് ഫ്രാൻസ് തോൽക്കുന്നത്. ഹോളണ്ടിൽ ചെന്നാണ് സ്പെയ്ൻ സമനില വഴങ്ങിയത്. 18-ാം മിനിട്ടിൽ കനാലെസിലൂടെ സ്പെയ്നാണ് ആദ്യം സ്കോർ ചെയ്തത്. 47-ാം മിനിട്ടിൽ വാൻ ഡി ബീക്ക് സമനില ഗോൾ നേടി.
മത്സരഫലങ്ങൾ
പോർച്ചുഗൽ 7- അൻഡോറ 0
ജർമ്മനി 1-ചെക്ക് റിപ്പ.0
ഇറ്റലി 4- എസ്തോണിയ 0
സ്പെയ്ൻ 1- ഹോളണ്ട് 1
ഫിൻലാൻഡ് 2- ഫ്രാൻസ് 0
പോളണ്ട് 2-ഉക്രൈൻ 0