brahmos

ന്യൂഡൽഹി:ഇന്ത്യ-റഷ്യ സംയുക്ത സംരംഭമായ ബ്രഹ്‌മോസ് മിസൈൽ ഇന്ത്യയിൽ നിന്ന് ഫിലിപ്പൈൻസ് വാങ്ങും. അടുത്ത വർഷം ഫെബ്രുവരിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയും ഫിലിപ്പൈൻസ് പ്രസിഡന്റ് റോഡ്രിഗോ ഡ്യുടേർട്ടും തമ്മിലുള്ള കൂടിക്കാഴ്ചയിൽ കരാർ ഒപ്പുവയ്ക്കും. ഇതോടെ ഇന്ത്യൻ ആയുധങ്ങൾ വാങ്ങുന്ന ആദ്യ ദക്ഷിണപൂർവേഷ്യൻ രാജ്യമാകും ഫിലിപ്പൈൻസ്.

കരാറിന്റെ അന്തിമമായ നടപടികൾക്കായി ബ്രഹ്‌മോസിന്റെ സംഘം ഡിസംബറിൽ മനില സന്ദർശിക്കും. 2017ൽ മോദിയുടെ ഫിലിപ്പൈൻസ് സന്ദർശനത്തിലാണ് പ്രതിരോധ സഹകരണത്തിന് ആദ്യമായി കരാർ ഒപ്പുവച്ചത്.

ഔഷധ വിതരണ,​ വ്യോമയാന കരാറുകളും ഇതിനൊപ്പം ഒപ്പുവച്ചേക്കും.

പ്രതിരോധ സഹകരണ കരാർ ഒപ്പിടാനാണ് ഇരു രാജ്യങ്ങളും നേരത്തെ തീരുമാനിച്ചിരുന്നത്. ഇതിലാണ് ബ്രഹ്‌മോസ് മിസൈലുകൾ കൈമാറാൻ തീരുമാനിച്ചത്. ബ്രഹ്‌മോസ് മ‌റ്റ് രാജ്യങ്ങൾക്കും വിൽക്കാനുള്ള റഷ്യൻ തീരുമാനത്തിന്റെ ഭാഗമാണിത്.

അഞ്ഞൂറ് കിലോമീ‌റ്റർ പ്രഹരപരിധിയുള‌ള മിസൈൽ സ്വന്തമാകുന്നതോടെ കഴിഞ്ഞ വർഷം നിലവിൽ വന്ന ഫിലിപ്പൈൻസ് സൈന്യത്തിന്റെ മിസൈൽ വിഭാഗത്തിന് കരുത്തേറും.

തായ്‌ലൻഡ്, ഇൻഡോനേഷ്യ,വിയ‌റ്റ്നാം തുടങ്ങി മേഖലയിലെ മറ്റ് രാജ്യങ്ങളുമായും ബന്ധപ്പെട്ട് ഇന്ത്യ പ്രതിരോധ കരാറിന് ചർച്ചകൾ നടത്തി വരികയാണ്. 2018ൽ ഇന്തോനേഷ്യൻ യുദ്ധകപ്പലുകളിൽ ബ്രഹ്‌മോസ് മിസൈൽ സ്ഥാപിക്കുന്നതിനായി ബ്രഹ്‌മോസ് സംഘം പരിശോധന നടത്തിയിരുന്നു.