covid


പോർട്ട്​ വില്ല: ലോക രാജ്യങ്ങൾ കൊവിഡ് മഹാമാരിയുടെ പിടിയിലമരുകയാണ്. ചുരുക്കം ചില രാജ്യങ്ങൾ മാത്രമാണ് കൊവിഡിന്റെ പിടിയിൽ നിന്ന് രക്ഷപ്പെട്ടിട്ടുള്ളത്. ഭൂമിശാസ്​ത്രപരമായ പ്രത്യേകതകളുള്ള ചില ദ്വീപ് രാജ്യങ്ങളിലാണ് പ്രധാനമായും കൊവിഡ് റിപ്പോർട്ട് ചെയ്യാതിരുന്നത്.

അത്തരത്തിൽ ഒരു രാജ്യമാണ്​ ദക്ഷിണ പസഫിക്​ മഹാസമുദ്രത്തിലെ ദ്വീപുരാഷ്​ട്രമായ വാനുവാട്ടു. ആസ്​​​​ട്രേലിയയിൽ നിന്നും 1750 കിലോമീറ്റർ കിഴക്ക് സ്ഥിതി ചെയ്യുന്ന വാനുവാട്ടുവിൽ കഴിഞ്ഞ ദിവസം ആദ്യ കൊവിഡ് കേസ് റിപ്പോർട്ട് ചെയ്തു.അമേരിക്കയിൽ നിന്നും എത്തിയ 23 കാരനാണ് കൊവിഡ്​ സ്ഥിരീകരിച്ചതെന്ന് ആരോഗ്യ വിഭാഗം മേധാവി ലെൻ തെറിവോണ്ട പറഞ്ഞു. എന്നാൽ, ഇയാൾ ക്വാറന്റൈനിലായതിനാൽ രോഗം പടരാൻ സാദ്ധ്യതയില്ലെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു.

കൊവിഡ് ലോകരാജ്യങ്ങളിൽ രൂക്ഷമായതോടെ മാർച്ച് മുതൽ രാജ്യം അതിർത്തികൾ അടച്ചിരുന്നു. കഴിഞ്ഞ മാസമാണ്​ വിദേശരാജ്യങ്ങളിൽ നിന്നുള്ളവർക്ക്​ വരാനായി നിയന്ത്രണങ്ങൾ എളുപ്പമാക്കിയത്​. അഗ്​നി പർവത വിസ്​ഫോടനത്തിലൂടെയുണ്ടായ ഈ രാജ്യത്ത്​ മൂന്ന്​ ലക്ഷമാണ്​ ജനസംഖ്യ​.