ന്യൂയോർക്ക്: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നന്ദി അറിയിച്ച് ലോകാരോഗ്യസംഘടന ഡയറക്ടർ ജനറൽ ടെഡ്രോസ് അദാനോം ഗെബ്രിയേസസ്.
ലോകാരോഗ്യസംഘടന നേതൃത്വം നൽകുന്ന ആഗോള വാക്‌സിൻ പൂളായ കോവാക്സിനോടുളള പ്രധാനമന്ത്രിയുടെ പ്രതിജ്ഞാബദ്ധതയ്ക്കാണ് നന്ദി അറിയിച്ചിരിക്കുന്നത്. ആഗോള ആരോഗ്യമേഖലയിലും ആരോഗ്യപരിരക്ഷയിലും ഇന്ത്യ വഹിക്കുന്ന പ്രധാന പങ്കിനെ ലോകാരോഗ്യ സംഘടന സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ഫലപ്രദമായ ഫോൺ സംഭാഷണമാണ് നടന്നതെന്ന് ടെഡ്രോസ് പറഞ്ഞു.
'കോവാക്സിനോടുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രതിജ്ഞാബദ്ധതയ്ക്ക് ഞാൻ നന്ദി പറഞ്ഞു. ലോകത്തെ സംബന്ധിച്ചിടത്തോളം വളരെ അപ്രതീക്ഷിതമായ വെല്ലുവിളിയാണ് മഹാമാരി. അത് അവസാനിപ്പിക്കുന്നതിനായി തോളോട് തോൾ ചേർന്ന് പ്രവർത്തിക്കാൻ ഞങ്ങൾ തീരുമാനിച്ചു.' ടെഡ്രോസ് ട്വീറ്റ് ചെയ്തു.
'ലോകാരോഗ്യ സംഘടന ഡയറക്ടറുമായി വളരെ മികച്ച സംഭാഷണമാണ് നടന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയും പറഞ്ഞു. ലോകാരോഗ്യം മെച്ചപ്പെടുത്തുന്നതിന് വേണ്ടി പരമ്പരാഗത വൈദ്യശാസ്ത്രത്തിന്റെ വിശാലമായ സാദ്ധ്യതകളെക്കുറിച്ച് ഞങ്ങൾ ചർച്ച ചെയ്തു. കൊവിഡ് 19നെതിരായ പോരാട്ടത്തിൽ ഇന്ത്യയുടെ പിന്തുണ ഞാൻ അദ്ദേഹത്തിന് ഉറപ്പുനൽകിയിട്ടുണ്ട്.' - മോദി ട്വീറ്റ് ചെയ്തു.
ഇന്ത്യയുടെ ആയുഷ്മാൻ ഭാരത്, ക്ഷയരോഗ നിർമ്മാർജന പദ്ധതികൾ എന്നിവയെയും ടെഡ്രോസ് അഭിനന്ദിച്ചു.