അയർലൻഡ്: എത്ര ഓമനിച്ച് വളർത്തിയാലും പലയിടങ്ങളിൽ കറങ്ങി നടന്ന് കാഴ്ചകളും കണ്ട് ഭക്ഷണവും കഴിയ്ക്കാതെ പൂച്ചകൾക്ക് ഉറക്കം വരില്ല. അയർലൻഡ് സ്വദേശിയായ അയോഫ് മക്അലീറിന്റെ ഓമന പൂച്ചക്കുട്ടനായ ജാഗറും സഞ്ചാരപ്രിയനാണ്.
ഒരു ദിവസം അയോഫ് തീരുമാനിച്ചു, ജാഗർ എവിടെയാണ് ഈ പോകുന്നതെന്ന് ഒന്ന് അറിയണം. അതിനായി അവൾ ഒരു വഴിയും കണ്ടെത്തി. ഒരു ജി.പി.എസ് ട്രാക്കർ ജാഗറിന്റെ കഴുത്തിൽ കെട്ടി. അങ്ങനെ ജാഗറിന്റെ സഞ്ചാര കേന്ദ്രങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ അയോഫിന് ലഭിച്ചു.
24 മണിക്കൂറിനുള്ളിൽ 5 വീടുകളാണ് ആശാൻ സന്ദർശിച്ചത്. വീടുകളിൽ നിന്ന് ലഭിച്ച കുറച്ച് പലഹാരങ്ങളൊക്കെ കഴിച്ച് സുഖമായി ഒരു യാത്ര നടത്തി. പിന്നീട് ഒന്നും സംഭവിക്കാത്തതുപോലെ വീട്ടിലേക്ക് മടങ്ങുകയും ചെയ്തു.
പിന്നീട് തന്റെ മറ്റൊരു പൂച്ചയായ കുക്കിയുടേയും രഹസ്യ യാത്രകളെക്കുറിച്ച് ട്രാക്കർ ഉപയോഗിച്ച് കണ്ടെത്താൻ അയോഫ് തീരുമാനിച്ചു.
കുക്കിയും ഇത് പോലെ പല വീടുകളിൽ പോകുന്നു. പലരും അവൾക്ക് ഭക്ഷണം നൽകുന്നു. അവർ അവൾക്ക് മറ്റു പേരുകൾ നൽകുന്നു. മറ്റ് വീടുകളിൽ കുറച്ച് നാൾ താമസിച്ചതിന് ശേഷമേ കുക്കി തിരികെയെത്താറുള്ളൂ.
പൂച്ചകൾ ഇത്തരത്തിൽ അയൽവാസികളെ സന്ദർശിക്കുന്നതിൽ എനിക്ക് പ്രയാസം തോന്നിയിട്ടില്ല. അവർ അപകട സാദ്ധ്യതയില്ലാത്ത സ്ഥലങ്ങളാണ് സന്ദർശിക്കുന്നതെന്ന് ബോദ്ധ്യമുണ്ട്. അപ്രകാരം അല്ലായിരുന്നെങ്കിൽ അവരെ പുറത്ത് വിടാൻ ഞാൻ മടിക്കുമായിരുന്നു - അയോഫ് പറഞ്ഞു.