workers

ന്യൂഡൽഹി: തൊഴിൽ, കൃഷി, വ്യവസായം, പാർപ്പിട നിർമ്മാണം, കൊവിഡ് വാക്‌സിൻ വികസനം തുടങ്ങി വിവിധ മേഖലകൾക്ക് ഉണർവേകാൻ 2.65 ലക്ഷം കോടി രൂപയുടെ മൂന്നാം ആശ്വാസ പാക്കേജുമായി കേന്ദ്രസർക്കാർ. ഇത് ഉൾപ്പെടെ 28.9 ലക്ഷം കോടിയുടെ ഉത്തേജക പാക്കേജാണ് ഇതുവരെ പ്രഖ്യാപിച്ചത്.

12 പ്രഖ്യാപനങ്ങളാണ് ഇന്നലെ കേന്ദ്രധനകാര്യമന്ത്രി നിർമ്മല സീതാരാമൻ നടത്തിയത്.

ആദ്യമായി വീട് / ഫ്ലാറ്റ് വാങ്ങുന്നവർക്ക് ആദായനികുതി ഇളവ് കിട്ടും. രണ്ട് കോടി രൂപ വരെ വിലയുള്ള വീടുകൾക്കാണ് ഇളവ്. ഇത്തരം വീടുകൾ വിൽക്കുമ്പോൾ ന്യായവിലയും ( മുദ്രവില )​ മാർക്കറ്റ് വിലയും തമ്മിലുള്ള അന്തരം പത്ത് ശതമാനം വരെയാണെങ്കിൽ നികുതി ഒഴിവാക്കിയിരുന്നു. ആ പരിധി 20 ശതമാനമായി വർദ്ധിപ്പിച്ചു. ഇതിനായി ആദായനികുതി നിയമം ഭേദഗതി ചെയ്യും. രണ്ട് നടപടികളും റിയൽ എസ്റ്റേറ്റ് മേഖലയ്ക്ക് ഉണർവേകും. 2021 ജൂൺ 30 വരെയാണ് കാലാവധി.

ഇ.പി.എഫ് ആനുകൂല്യവുമായി റോസ്ഗാർ യോജനയാണ് മറ്റൊരു പ്രധാന പ്രഖ്യാപനം. സ്ഥാപനങ്ങൾക്ക് ഉണർവേകാൻ പുതിയ ജീവനക്കാരുടെ ഇ.പി.എഫ് വിഹിതത്തിന് 2021 ജൂൺ വരെ സബ്സിഡി. ആയിരത്തിൽ താഴെ ജീവനക്കാരുള്ള സ്ഥാപനങ്ങളിലെ തൊഴിലുടമ-തൊഴിലാളി ഇ.പി.എഫ് വിഹിതമായ 24 ശതമാനവും ആയിരത്തിൽ കൂടുതൽ ജീവനക്കാരുള്ള സ്ഥാപനങ്ങളിൽ തൊഴിലാളി വിഹിതമായ 12ശതമാനവും സർക്കാ‌ർ അടയ്ക്കും. പുതിയ തൊഴിലാളികളുടെ ഇ.പി.എഫ് അക്കൗണ്ട് ആധാറുമായി ലിങ്ക് ചെയ്‌തിരിക്കണം.

എം.എസ്.എം.ഇകൾക്കായി പ്രഖ്യാപിച്ച പ്രത്യേക വായ്‌പാ പദ്ധതി (ഇ.സി.എൽ.ജി.എസ്) 2021 മാർച്ച് 31വരെ നീട്ടി. കെ.വി. കാമത്ത് കമ്മിറ്റി കണ്ടെത്തിയ 50-500 കോടി കടബാദ്ധ്യതയുളള 26 മേഖലകൾക്കും ആരോഗ്യ, സേവന, ചരക്ക് മേഖലകൾക്കും പുതിയ വായ്പാ പദ്ധതി. ഒരു വർഷം മോറട്ടോറിയം ഉൾപ്പെടെ അഞ്ചു വർഷം തിരിച്ചടവ് കാലാവധി.

ഉത്പാദന മേഖലയ്‌ക്ക് 1.46 ലക്ഷം കോടി

ആഭ്യന്തര ഉത്പാദനവും കയറ്റുമതിയും പ്രോത്സാഹിപ്പിക്കാൻ അഞ്ചു വർഷത്തേക്ക് 1.46 ലക്ഷംകോടി രൂപയുടെ പ്രൊഡക്‌ഷൻ ലിങ്ക്ഡ് ഇൻസെന്റീവ്. മുൻപ് പ്രഖ്യാപിച്ച 51,311 കോടിയും ചേർത്ത് ആകെ രണ്ടുലക്ഷം കോടി.

പാർപ്പിട നിർമ്മാണത്തിന് 18,000 കോടി

പ്രധാനമന്ത്രി ആവാസ് യോജന-അർബൻ പദ്ധതിക്കു കീഴിൽ നഗരങ്ങളിൽ പാർപ്പിട നിർമ്മാണത്തിന് 18,000 കോടി. 12ലക്ഷം വീടുകളുടെ നിർമ്മാണം തുടങ്ങാനും 18 ലക്ഷം പൂർത്തിക്കാനും. 78 ലക്ഷം തൊഴിലും പ്രതീക്ഷിക്കുന്നു.

വളം സബ്സിഡിക്ക് 65,000 കോടി

14 കോടി കർഷകർക്ക് നേട്ടം

ഗ്രാമീണ തൊഴിലിന് 10,000 കോടി

തൊഴിലുറപ്പ് പദ്ധതി അടക്കം ഗ്രാമീണ തൊഴിൽ വർദ്ധിപ്പിക്കാനും ഗ്രാമീണ സമ്പദ്‌വ്യവസ്ഥ മെച്ചപ്പെടുത്താനും 10,000 കോടി രൂപ

കൊവിഡ് വാക്‌സിന് 900 കോടി

കൊവിഡ് വാക്‌സിൻ ഗവേഷണത്തിനായി കൊവിഡ് സുരക്ഷാ മിഷന് കീഴിലെ ബയോടെക്‌നോളജി വകുപ്പിന് 900 കോടി രൂപ.