
സിഡ്നി : രണ്ടുമാസം നീളുന്ന ആസ്ട്രേലിയൻ പര്യടനത്തിനുള്ള 25 അംഗ ഇന്ത്യൻ ക്രിക്കറ്റ് ടീം യു.എ.ഇയിൽ നിന്ന് സിഡ്നിയിലെത്തി. ഇവിടുത്തെ ബേസ് ക്യാമ്പിലാണ് ഇന്ത്യൻ താരങ്ങൾക്ക് 14 ദിവസത്തെ ക്വാറന്റൈന് സൗകര്യം ഒരുക്കുന്നത്.ഈ ദിവസങ്ങളിൽ പരിശീലനം നടത്താനും സൗകര്യമുണ്ടാവും.ടീമിന്റെ താമസസ്ഥലമായ പുൾമാൻഹോട്ടലിനോട് ചേർന്ന ബ്ളാക്ക് ടൗൺ സ്പോർട്സ് പാർക്കിലാണ് പരിശീലനസൗകര്യം.
ആസ്ട്രേലിയൻ റഗ്ബി ടീമായ ന്യൂ സൗത്ത് വെയിൽസ് ബ്ളൂസിന്റെ സ്ഥിരം താമസസ്ഥലമാണ് പുൾമാൻ ഹോട്ടൽ. അവരെ മറ്റൊരു ഹോട്ടലിലേക്ക് മാറ്റിയാണ് ഇന്ത്യൻ ടീമിന് സൗകര്യമൊരുക്കിയിരിക്കുന്നത്. ഇന്ത്യൻ നായകൻ വിരാട് കൊഹ്‌ലിക്ക് താമസിക്കാൻ ആസ്ട്രേലിയൻ റഗ്ബി ഇതിഹാസം ബ്രാഡ് ഫിറ്റ്ലറർ സ്ഥിരമായി വസിക്കുന്ന പെന്റ്ഹൗസാണ് ഒരുക്കിയിരിക്കുന്നത്.