ipl

മുംബയ് : ഇന്ത്യൻ പ്രീമിയർ ലീഗിൽ ഒന്നിന് പകരം രണ്ട് ടീമുകളെ പുതുതായി ഉൾപ്പെടുത്താൻ ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. ദീപാവലിക്കുശേഷം ഇതിനായി ടെൻഡർ ക്ഷണിക്കാനാണ് നീക്കം. ഒരു ടീമിനെക്കൂടി ചേർത്ത് 14–ാം സീസണിൽ ഒൻപത് ടീമുകളെ അണിനിരത്താനാണ് നീക്കമെന്നായിരുന്നു ആദ്യ റിപ്പോർട്ടെങ്കിലും, രണ്ട് ടീമുകളെ ഉൾപ്പെടുത്തി ആകെ ടീമുകളുടെ എണ്ണം 10 ആക്കി ഉയർത്തിയേക്കുമെന്നാണ് ഒടുവിൽ അറിയുന്നത്. അദാനി ഗ്രൂപ്പ്, ടാറ്റ, ആർപിജി – സഞ്ജീവ് ഗോയങ്ക ഗ്രൂപ്പുകളാണ് ടീമിനെ സ്വന്തമാക്കാൻ രംഗത്തുള്ളത്. പ്രമുഖ ബാങ്കറായ ഉദയ് കോട്ടക്കിനും താൽപര്യമുണ്ട്.

അതേസമയം, 2021 മാർച്ച് അവസാന വാരമോ ഏപ്രിൽ ആദ്യ വാരമോ ഐപിഎലിന്റെ അടുത്ത സീസൺ ആരംഭിക്കേണ്ടതുള്ളതിനാൽ, ഒരു മെഗാ ലേലം സംഘടിപ്പിക്കാനുള്ള സമയമില്ലെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. മാത്രമല്ല, പുതിയതായി ഒരു ടീമിനെ ഉൾപ്പെടുത്തിയാൽപ്പോലും ആകെ മത്സരങ്ങളുടെ എണ്ണം 60ൽനിന്ന് 76 ആയി ഉയരും. രണ്ട് ടീമുകളെയാണ് ഉൾപ്പെടുത്തുന്നതെങ്കിൽ ഇത് 90 ആകും. ഇത്രയും മത്സരങ്ങൾ നടത്താനുള്ള സമയം കണ്ടെത്താനാകുമോ എന്ന കാര്യത്തിലും സംശയമുണ്ട്.

ലോകകപ്പ് 2021 ഒക്ടോബറിൽ

അടുത്തവർഷത്തെ ഐ.സി.സി ട്വന്റി-20 ലോകകപ്പ് മുൻ നിശ്ചയപ്രകാരം ഒക്ടോബർ -നവംബർ മാസങ്ങളിലായി ഇന്ത്യയിൽ നടത്തുമെന്ന് ബി.സി.സി.ഐ സെക്രട്ടറി ജയ് ഷാ പറഞ്ഞു. ഈവർഷം ആസ്ട്രേലിയയിൽ നടക്കേണ്ടിയിരുന്ന ലോകകപ്പ് കൊവിഡ് കാരണം 2022ലേക്ക് മാറ്റിയിരുന്നു. എന്നാൽ ഇന്ത്യയിലെ ലോകകപ്പ് മാറ്റിവയ്ക്കേണ്ടി വരില്ലെന്ന് ജയ് ഷാ പ്രത്യാശ പ്രകടിപ്പിച്ചു.