തിരുവനന്തപുരം: കേരള കോൺഗ്രസ് ജോസ് പക്ഷം എൽ.ഡി.എഫിലെത്താൻ മുൻകൈയെടുത്തത് സി.പി.എമ്മാണ്. സി.പി.ഐയുടെ എതിർപ്പ് അവഗണിച്ചാണ് സി.പി.എം ജോസിനെ യു.ഡി.എഫിൽ നിന്ന് ചാടിച്ചത്. തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകളിൽ ഇടതുമുന്നണിക്ക് നേട്ടമാകുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലായിരുന്നു ഇത്. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ തദ്ദേശ വാർഡുകളുടെ പങ്കുവയ്‌ക്കൽ വലിയ തലവേദനയാകുന്നത് സി.പിഎമ്മിന് തന്നെ.
ജോസ് പക്ഷത്തെ പരിഗണിക്കുമ്പോൾ വിട്ടുവീഴ്ച ചെയ്യേണ്ടി വരുന്നത് സി.പി.എമ്മാണ്. ജോസ് പക്ഷത്തിന് എത്ര സീറ്റ് കൊടുത്താലും പ്രശ്‌നമില്ലെന്ന് പറയുന്ന സി.പി.ഐ തങ്ങളുടെ സീറ്റിൽ കൈവയ്‌ക്കരുത് എന്നും ആവശ്യപ്പെടുന്നു. പക്ഷേ, ജോസ് പക്ഷം പരമാവധി സീറ്റുകൾ കൈവശപ്പെടുത്തി എന്നാണ് വിവരം.
തിരുവനന്തപുരത്ത് കാലഡി വാർഡ് വിട്ടുകൊടുക്കേണ്ടി വന്നപ്പോഴുണ്ടായ പുലിവാൽ രാഷ്ട്രീയ കേരളം കണ്ടിട്ട് അധികനാളായിട്ടില്ല. കോട്ടയം ജില്ലാ പഞ്ചായത്തിൽ 22 ഡിവിഷനുകളാണുളളത്. കഴിഞ്ഞ തവണ 13 സീറ്റിൽ സി.പി.എം മത്സരിച്ചിരുന്നു. ഇത്തവണ പത്ത് സീറ്റിലേ സി.പി.എം മത്സരിക്കൂ എന്നാണ് വിവരം. കേരള കോൺഗ്രസ് എമ്മിന് ചില സീറ്റുകൾ വിട്ടുകൊടുക്കുകയാണ് സി.പി.എം ചെയ്തത്.
12 സീറ്റ് വേണം എന്നാണ് ജോസ് പക്ഷത്തിന്റെ ആവശ്യം. പറ്റില്ലെന്ന് സി പി എം വ്യക്തമാക്കി. യു ഡി എഫ് ജോസഫ് പക്ഷത്തെ പരിഗണിക്കുന്ന പോലെ തങ്ങളെ എൽ ഡി എഫ് പരിഗണിക്കുന്നില്ല എന്ന ആക്ഷേപവും ജോസ് പക്ഷത്തിനുണ്ട്. 9 സീറ്റ് നൽകാമെന്ന് സി പി എം അറിയിച്ചു. ഒടുവിൽ 10 സീറ്റ് ജോസ് പക്ഷത്തിന് വിട്ടുകൊടുക്കുമെന്നാണ് ധാരണയത്രെ.
എൻ.സി.പി, ജെ.ഡി.എസ് എന്നിവരുടെ സീറ്റുകൾ ഇത്തവണ ജോസ് പക്ഷത്തിന് നൽകും. ഇതിൽ എൻ.സി.പിക്ക് മുറുമുറുപ്പുണ്ട്. ഇപ്പോൾ വിട്ടുവീഴ്ച ചെയ്‌താൽ നിയമസഭാ തിരഞ്ഞെടുപ്പിൽ പാലാ സീറ്റിന്റെ കാര്യത്തിൽ നിലപാട് ശക്തമാക്കാമെന്ന് എൻ.സി.പി കരുതുന്നുമുണ്ട്. പി.സി ജോർജിന്റെ പാർട്ടി കഴിഞ്ഞ തവണ മത്സരിച്ച സീറ്റുകളും ജോസ് പക്ഷത്തിന് കൈമാറും.
സി.പി.ഐ അഞ്ച് സീറ്റിലാണ് 2015ൽ മത്സരിച്ചത്. രണ്ടു സീറ്റ് ജോസ് പക്ഷത്തിന് ഇത്തവണ കൈമാറണമെന്നാണ് സി.പി.എം ആവശ്യപ്പെട്ടിരിക്കുന്നത്. ഇതിനോട് സി.പി.ഐ യോജിച്ചിട്ടില്ല. തങ്ങൾ മൂന്ന് സീറ്റ് കൈമാറുന്നില്ലേ എന്നാണ് സി.പി.എം വാദം. എന്നാൽ വേണ്ടി വന്നാൽ ഒരു സീറ്റ് നൽകാമെന്ന് സി.പി.ഐ അറിയിച്ചിട്ടുണ്ട്.
എൽ.ഡി.എഫിലെ സീറ്റ് വിഭജനത്തിൽ ഇതുവരെ അന്തിമ തീരുമാനം ആയിട്ടില്ല. ജോസിന്റെ ആവശ്യം നടക്കണമെങ്കിൽ സി.പി.എം തന്നെ കൂടുതൽ സീറ്റ് വിട്ടുകൊടുക്കേണ്ടി വരും. അങ്ങനെയാകുമ്പോൾ സി.പി.എമ്മിനേക്കാൾ കൂടുതൽ സീറ്റുകളിൽ മത്സരിക്കുന്ന പാർട്ടി കേരള കോൺഗ്രസ് എം ആകും. എങ്ങനെ വിഷയം പരിഹരിക്കുമെന്ന് കാത്തിരുന്ന് തന്നെ കാണേണ്ടി വരും.
കേരള കോൺഗ്രസ് ജോസഫ് പക്ഷത്തിന് യു.ഡി.എഫ് 9 സീറ്റ് കോട്ടയം ജില്ലാ പഞ്ചായത്തിൽ കൈമാറി എന്നാണ് വിവരം. ഈ കാര്യമാണ് ജോസ് പക്ഷം എടുത്തുപറയുന്നത്. എന്നാൽ യു.ഡി.എഫിലും സീറ്റ് വിഭജനം വലിയ വിവാദത്തിലെത്തി. സീറ്റ് ലഭിക്കാത്തതിൽ പ്രതിഷേധിച്ച് മുസ്ലിം ലീഗ് സ്വന്തം സ്ഥാനാർത്ഥികളെ രംഗത്തിറക്കി കഴിഞ്ഞു. പല ജില്ലകളിലും സമാന അവസ്ഥ ജോസഫ് ഗ്രൂപ്പും കോൺഗ്രസും തമ്മിൽ നിലനിൽക്കുകയാണ്.