tejashwi-yadav

പാട്‌ന: ജനവിധി തനിക്ക് അനുകൂലമായിരുന്നുവെന്നും ആര് മുഖ്യമന്ത്രി കസേരയിലിരുന്നാലും
വിജയം തനിക്ക് ആണെന്നും രാഷ്‌ട്രിയ ജനതാദൾ നേതാവ് തേജസ്വി യാദവ്. ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിൽ നിതീഷ് കുമാർ സർക്കാരിനെ പുറത്താക്കി ഭരണം പിടിച്ചെടുക്കുന്നതിൽ പരാജയപ്പെട്ടതിന് പിന്നാലെയാണ് തേജസ്വി യാദവിന്റെ പ്രതികരണം. തപാൽ വോട്ടുകളിൽ അട്ടിമറി നടന്നുവെന്ന് ആവർത്തിച്ച അദ്ദേഹം വീണ്ടും വോട്ടെണ്ണൽ നടത്തണമെന്നും ആവശ്യപ്പെട്ടു.


"പ്രധാനമന്ത്രി നരേന്ദ്ര മോദിയും നിതീഷ് കുമാറും പണം, കെെക്കരുത്ത് , കുതന്ത്രം എന്നിവ ഉപയോഗിച്ചെങ്കിലും ഈ 31കാരനെ തടയാനായില്ല. ആർ‌.ജെ.ഡിയെ ഏറ്റവും വലിയ ഒറ്റ കക്ഷിയാകുന്നത് തടയാൻ അവർക്ക് കഴിഞ്ഞില്ല." തേജസ്വി യാദവ് മാദ്ധ്യമങ്ങളോട് പറഞ്ഞു.

മുഖ്യമന്ത്രി നിതീഷ് കുമാർ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടുവെന്നും ഇത് ജനവിധിയിൽ വന്ന മാറ്റത്തിന്റെ സൂചനയാണെന്നും അദ്ദേഹം പറഞ്ഞു. നിതീഷ് കുമാർ മുഖ്യമന്ത്രിയുടെ കസേരയിൽ ഇരിക്കുന്നുണ്ടെങ്കിലും തങ്ങൾ ജനങ്ങളുടെ ഹൃദയത്തിലാണ് ഇരിക്കുന്നതെന്നും തേജസ്വി യാദവ് പറഞ്ഞു.

ബിഹാർ തിരഞ്ഞെടുപ്പിൽ എൻ.ഡി.എ 125, മഹാസഖ്യം 110 , മറ്റുള്ളവർ 8 സീറ്റും നേടി. 243 അംഗംങ്ങള്ളു സഭയിൽ കേവല ഭൂരിപക്ഷം നേടാൻ വേണ്ടത് 122 സീറ്റാണ്.