സെപ്‌തംബർപാദ വളർച്ച നെഗറ്റീവ് 8.6 ശതമാനമെന്നും റിസർവ് ബാങ്ക്
മുംബയ്: ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ ചരിത്രത്തിൽ ആദ്യമായി 'സാങ്കേതിക" സാമ്പത്തികമാന്ദ്യത്തിലേക്ക് വീണുവെന്ന് റിസർവ് ബാങ്ക് ഡെപ്യൂട്ടി ഗവർണർ ഡോ. മൈക്കൽ പാത്ര അദ്ധ്യക്ഷനായ സമിതിയുടെ വിലയിരുത്തൽ. കൊവിഡും ലോക്ക്ഡൗണും മൂലം നടപ്പുവർഷം ഏപ്രിൽ-ജൂണിൽ ജി.ഡി.പി വളർച്ച നെഗറ്റീവ് 24 ശതമാനത്തിലേക്ക് തകർന്നിരുന്നു.
ജൂലായ്-സെപ്‌തംബറിൽ വളർച്ച നെഗറ്റീവ് 8.6 ശതമാനമാണെന്നാണ് സമിതിയുടെ വിലയിരുത്തൽ. സമിതി തയ്യാറാക്കിയ സ്ഥിതിവിവര റിപ്പോർട്ട് നവംബർ 27ന് കേന്ദ്രസർക്കാർ പ്രസിദ്ധീകരിക്കും. അതേസമയം, നടപ്പുപാദത്തിൽ (ഒക്‌ടോബർ-ഡിസംബർ) വളർച്ച മെച്ചപ്പെടുമെന്നും റിപ്പോർട്ടിലുണ്ട്.
ഇന്ത്യ തളരും
-8.9 ശതമാനം
2020ൽ ഇന്ത്യയുടെ ജി.ഡി.പി വളർച്ച നെഗറ്റീവ് 8.9 ശതമാനമായിരിക്കുമെന്ന് റേറ്റിംഗ് ഏജൻസിയായ മൂഡിസിന്റെ വിലയിരുത്തൽ. ആദ്യ വിലയിരുത്തൽ നെഗറ്റീവ് 9.6 ശതമാനമായിരുന്നു. 2021ലെ വളർച്ച ആദ്യം വിലയിരുത്തിയ പോസിറ്റീവ് 8.1ൽ നിന്ന് 8.6 ശതമാനത്തിലേക്കും ഉയർത്തിയിട്ടുണ്ട്.
വിലക്കയറ്റം മുന്നോട്ട്
കൊവിഡ് കാലത്ത് വിലക്കയറ്റം രൂക്ഷമാകുന്നുവെന്ന് സൂചിപ്പിച്ച് റീട്ടെയിൽ നാണയപ്പെരുപ്പം ഒക്‌ടോബറിൽ 7.61 ശതമാനത്തിലെത്തി. ആറുവർഷത്തെ ഉയർന്ന നിരക്കാണിത്. റിസർവ് ബാങ്കിന്റെ നിയന്ത്രണരേഖയായ നാലു ശതമാനത്തിനുമേൽ നാണയപ്പെരുപ്പം എത്തുന്നത് തുടർച്ചയായ ഏഴാം മാസമാണ്. അടുത്ത ധനനയ നിർണയോഗത്തിലും പലിശനിരക്ക് താഴാനുള്ള സാദ്ധ്യത ഇതോടെ മങ്ങി.
പ്രതീക്ഷ നൽകി
ഉത്‌പാദന വളർച്ച
സെപ്‌തംബറിൽ വ്യാവസായിക ഉത്‌പാദന സൂചിക (ഐ.ഐ.പി) പോസിറ്റീവ് 0.2 ശതമാനം വളർച്ച കുറിച്ചു. തുടർച്ചയായി ആറുമാസം നെഗറ്റീവ് തലത്തിൽ തുടർന്ന ശേഷമാണീ നേട്ടം. ഐ.ഐ.പിയിൽ 40.27 ശതമാനം പങ്കുവഹിക്കുന്ന മുഖ്യവ്യവസായ മേഖലയുടെ വളർച്ചാഇടിവ് മുൻമാസങ്ങളെ അപേക്ഷിച്ച് നെഗറ്റീവ് 0.8 ശതമാനത്തിൽ ഒതുങ്ങിയതാണ് നേട്ടമായത്.